പെരിയാർ സ്‌മരണയിൽ പോരാട്ടത്തുടർച്ചയ്‌ക്ക് ; വൈക്കത്ത് തന്തൈപെരിയാർ സ്‌മാരകവും ഗ്രന്ഥശാലയും തുറന്നു

വൈക്കം
വൈക്കം സത്യഗ്രഹ പോരാളി ഇ വി രാമസ്വാമിയെന്ന തന്തൈപെരിയാറുടെ ധീരസ്‌മരണയിൽ അസമത്വത്തിനെതിരെ പോരാട്ടത്തുടർച്ച പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. വൈക്കത്ത് തമിഴ്‌നാട് സർക്കാർ നവീകരിച്ച തന്തൈപെരിയാർ സ്മാരകത്തിന്റെയും ഗ്രന്ഥശാലയുടെയും ഉദ്‌ഘാടനസമ്മേളനവേദിയിലാണ് ഇരുനേതാക്കളും ഒരുമിച്ചത്. സമത്വവും സാമൂഹ്യനീതിയുമുറപ്പാക്കാൻ തുടർന്നും ഒരുമിച്ചുതന്നെ നിൽക്കുമെന്ന് വൈക്കം ബീച്ച് മൈതാനത്ത് നടന്ന ഉദ്‌ഘാടന മഹാസമ്മേളനത്തിൽ ഇരുനേതാക്കളും പറഞ്ഞു. സത്യഗ്രഹ ശതാബ്ദിവാർഷികാഘോഷത്തിന് തുടക്കംകുറിച്ച് കഴിഞ്ഞവർഷം ഇതേവേദിയിൽ നടന്ന ചടങ്ങിൽ അസമത്വത്തിനെതിരെ സംയുക്തപോരാട്ടത്തിന് ഇരുവരും തുടക്കംകുറിച്ചിരുന്നു.
വൈക്കം വലിയകവലയിലെ സ്‌മാരകത്തിന്റെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനം പിണറായി വിജയനും എം കെ സ്റ്റാലിനും ചേർന്ന് നിർവഹിച്ചു. ഇ വി രാമസ്വാമിയുടെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കുശേഷം മുഖ്യമന്ത്രിമാർ ഒരുമിച്ച് മ്യൂസിയവും ഗ്രന്ഥാലയവും സന്ദർശിച്ചു. സ്‌മാരകത്തിലെത്തിയ മുഖ്യമന്ത്രിമാരെ എ എസ് പനീർശെൽവം എഴുതിയ "കരുണാനിധി എ ലൈഫ്' അടക്കമുള്ള പുസ്തകങ്ങൾ നൽകിയാണ് സ്വീകരിച്ചത്.
പൊതുസമ്മേളനം എം കെ സ്‌റ്റാലിൻ ഉദ്‌ഘാടനംചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. വൈക്കം പുരസ്കാരജേതാവ് കന്നട എഴുത്തുകാരൻ ദേവനൂര മഹാദേവനെ സ്റ്റാലിൻ ആദരിച്ചു. ദ്രാവിഡർ കഴകം അധ്യക്ഷൻ കെ വീരമണി വിശിഷ്ടാതിഥിയായി. തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ മുരുകാനന്ദം സ്വാഗതവും കേരള ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നന്ദിയും പറഞ്ഞു.
മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ, തമിഴ്നാട് മന്ത്രിമാരായ എ വി വേലു, എം പി സ്വാമിനാഥൻ, ദുരൈ മുരുകൻ, വിസികെ നേതാവ് തോൾ തിരുമാവളവൻ, കെ ഫ്രാൻസിസ് ജോർജ് എംപി, സി കെ ആശ എംഎൽഎ എന്നിവർ പങ്കെടുത്തു. തമിഴ്‌നാട് സർക്കാർ നടത്തിവന്ന വൈക്കം സത്യഗ്രഹ ശതാബ്ദിവാർഷികാഘോഷത്തിന് പൊതുസമ്മേളനത്തോടെ സമാപനവും കുറിച്ചു.










0 comments