കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ; കുട്ടനാട്‌ കാണാൻ ആനവണ്ടി ആളെയെത്തിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 09:29 AM | 0 min read

ആലപ്പുഴ > ഓണക്കാലം അടിപൊളിയാക്കാൻ കുട്ടനാട്ടിലേക്ക്‌ കായൽയാത്രകളൊരുക്കി കെഎസ്‌ആർടിസി. സംസ്ഥാന ജലഗതാഗതവകുപ്പുമായി ചേർന്നാണ്‌ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകൾ സംഘടിപ്പിക്കുന്നത്‌. യാത്രയ്‌ക്കിടെ അതിഥികൾക്കായി കുട്ടനാടിന്റെ തനത്‌ ഭക്ഷണമൊരുക്കാൻ കുടുംബശ്രീയുമുണ്ട്‌.

സീ കുട്ടനാട്‌, വേഗ ബോട്ടുകളിലൂടെയാണ്‌ കുട്ടനാട്‌ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കുന്നത്‌. ബോട്ട്‌ യാത്രാച്ചെലവും കെഎസ്‌ആർടിസി യാത്രാനിരക്കും ഉൾപ്പെടുത്തിയാണ്‌ തുക നിശ്ചയിച്ചിരിക്കുന്നത്‌. അഞ്ച്‌ മണിക്കൂർ യാത്രയാണ്‌ സീ കുട്ടനാട്ടിലൊരുക്കുന്നത്‌. പകൽ 11 മുതൽ നാലുവരെയാണ് ട്രിപ്പ്‌. ആകെയുള്ള 90 സീറ്റിൽ മുകൾത്തട്ടിൽ മുപ്പതും (500 രൂപ), താഴെതട്ടിൽ അറുപതും  (400 രൂപ) സീറ്റുകളുണ്ട്‌.

വേഗത്തിൽ വേഗ

10.30നാണ്‌ വേഗയുടെ സർവീസ്‌ ആരംഭിക്കുന്നത്‌. അഞ്ച്‌ മണിക്കൂറിൽ 52 കിലോമീറ്റർ ചുറ്റിക്കാണാനാണ്‌ അവസരം. എ സിയിൽ 600 രൂപയും നോൺ എസിയിൽ 400 രൂപയുമാണ്‌ യാത്രാനിരക്ക്‌. ലൈഫ് ജാക്കറ്റുൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടിലുണ്ട്. ബുക്കിങ്ങിന്‌  –- 9846475874.

റൂട്ട്‌ ഇങ്ങനെ

പുന്നമട ഫിനിഷിങ്‌ പോയിന്റിൽനിന്ന്‌ തുടങ്ങുന്ന യാത്ര സായികേന്ദ്രം (കയാക്കിങ്‌ പരിശീലനകേന്ദ്രം) വഴി -വേമ്പനാട്ടുകായലിൽ പ്രവേശിച്ച് മുഹമ്മ പാതിരാമണലിൽ എത്തും. 30 മിനിറ്റ് ഇവിടെ  ചെലവഴിക്കും. തുടർന്നാണ്‌ 100 രൂപയ്‌ക്ക്‌ കുടുംബശ്രീയുടെ ഉച്ചഭക്ഷണം ബോട്ടിനുള്ളിൽ ലഭ്യമാക്കുക. കരിമീൻ ഫ്രൈ ഉൾപ്പെടെ സ്‌പെഷ്യലുകളും ലഭ്യമാണ്‌. ഇത്‌ ആവശ്യപ്പെട്ടാൽ ലഭ്യമാക്കും. തുടർന്ന്‌ കുമരകത്തിന്റെ തീരപ്രദേശങ്ങൾ, റാണി, ചിത്തിര, മാർത്താണ്ഡം തുടങ്ങിയ കായൽപ്പരപ്പുകൾ കറങ്ങി  കുപ്പപ്പുറം, പുഞ്ചിരി വഴി തിരികെ ആലപ്പുഴ ബസ്‌സ്റ്റാൻഡിൽ എത്തും.  

ബുക്കിങ്ങും വേഗത്തിൽ

ഇതിനോടകം തിരുവനന്തപുരം സിറ്റി ഡിപ്പോയുടെയും പാറശാലയുടെയും ട്രിപ്പുകൾ പൂർത്തിയാക്കി. 16ന്‌ മലപ്പുറവും 17ന്‌ തിരുവനന്തപുരം സിറ്റി ഡിപ്പോയും 18ന്‌ ചടയമംഗലവും 22ന്‌ -പാപ്പനംകോടും കുട്ടനാട്ടിലേക്ക്‌ യാത്ര വരുന്നുണ്ട്‌. കണ്ണൂർ, തൃശൂർ, പാലക്കാട്, പുനലൂർ, ആറ്റിങ്ങൽ തുടങ്ങിയ ഡിപ്പോകളും ട്രിപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ എല്ലാ ഡിപ്പോകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home