ad
Deshabhimani

ചിത്രങ്ങൾക്കപ്പുറം ഒരു സ്‌നേഹസംഗമം...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 11:19 AM | 0 min read

കോഴിക്കോട്‌ > ഉച്ചഭക്ഷണം കഴിഞ്ഞ്‌ 34ാം വാർഡിൽ മുത്തശ്ശിയ്‌ക്കൊപ്പമിരുന്ന്‌ ഫോണിൽ  കളിക്കുകയായിരുന്നു അവ്യക്ത്‌. അപ്പോഴാണ്‌ ദേശാഭിമാനി ഫോട്ടോഗ്രാഫർ ശിവപ്രസാദ്‌ അരികിലെത്തിയത്‌. ആരെന്നറിയാതെ അവനാദ്യം ഒന്ന്‌ അമ്പരന്നു. ഒരു കാമറ ക്ലിക്കിലൂടെ ബന്ധുക്കളുടെ കരങ്ങളിലേക്ക്‌ തന്നെ വേഗത്തിലെത്തിച്ച ഫോട്ടോഗ്രാഫറാണ്‌ തന്നെ കാണാനെത്തിയതെന്നറിഞ്ഞപ്പോൾ കുഞ്ഞുകണ്ണുകളിൽ സന്തോഷത്തിളക്കം.

വയനാട്‌ ചൂരൽ മല ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതുവയസ്സുകാരനെ കാണാൻ  ശിവപ്രസാദ്‌ എത്തിയപ്പോഴായിരുന്നു ആശുപത്രി വാർഡിൽ സ്‌നേഹാർദ്ര നിമിഷങ്ങൾ.  ഉരുൾപൊട്ടലിൽ മണ്ണിൽ കാണാതായ അവ്യക്തിനെ തേടി ബന്ധുക്കൾ അന്വേഷിച്ചുനടക്കുമ്പോഴായിരുന്നു ശിവപ്രസാദിന്റെ ചിത്രം തുണയായത്‌. രക്ഷാപ്രവർത്തകർ അവ്യക്തിനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന ചിത്രം ശിവപ്രസാദ്‌ പകർത്തിയിരുന്നു. ദുരന്തത്തിന്റെ അഞ്ചാം ദിനത്തിലാണ്‌ കുട്ടിയെ ബന്ധുക്കൾക്ക്‌ തിരിച്ചറിയാനായത്‌.

ശിവപ്രസാദ്‌ പത്രത്തിൽ പ്രസിദ്ധീകരിച്ച അവന്റെ ഫോട്ടോയും കാണിച്ചു. ഉറങ്ങാൻ കിടന്ന താനെങ്ങനെ ആശുപത്രിയിലെത്തിയെന്ന്‌ മുത്തശ്ശിയോട്‌ ചോദിക്കുന്ന അവ്യക്ത്‌ ജീവിതത്തിനും മരണത്തിനുമിടയിൽ പുതഞ്ഞുപോയ നിമിഷങ്ങളുടെ ചിത്രങ്ങൾ അവിശ്വസനീയതോടെ കണ്ടുതീർത്തു. അവനെ ചേർത്തുപിടിച്ച്‌ ആശ്വസിപ്പിച്ചാണ്‌ ഫോട്ടോഗ്രാഫർ മടങ്ങിയത്‌.   

ഉരുൾപൊട്ടിയ വെള്ളത്തിലും ചളിയിലും പുതഞ്ഞുകിടന്നതിനാൽ അവന്റെ മുഖം എളുപ്പത്തിൽ തിരിച്ചറിയാനാകുമായിരുന്നില്ല. ദുരന്തചിത്രങ്ങൾ പകർത്തുന്ന സമയത്ത്‌ അവ്യക്തിന്റെ ബന്ധുക്കൾ കാണാതായവരെ അന്വേഷിക്കുന്നത്‌ കണ്ടാണ്‌ ശിവപ്രസാദ്‌ ഈ ചിത്രം കാണിച്ചത്‌. അങ്ങനെയാണ്‌ ബന്ധുക്കൾ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തുന്നത്‌. അപ്പോഴേക്കും തങ്ങളുടെ മകനെന്ന്‌ തെറ്റിദ്ധരിച്ച്‌ മറ്റൊരു കുടുംബം ആശുപത്രിയിലെത്തിയിരുന്നു. ചിത്രം കണ്ടതോടെയാണ്‌ അവരും കുട്ടിയെ തിരിച്ചറിഞ്ഞത്‌. കാലിനും തലയ്‌ക്കും പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ അടുത്ത ആഴ്‌ച ആശുപത്രി വിട്ടേക്കും. അവ്യക്തിന്റെ അമ്മ രമ്യ വയനാട്‌ വിംസ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. അമ്മയുടെ അച്ഛനും അമ്മയുമാണ്‌ കുട്ടിയ്‌ക്ക്‌ ഒപ്പമുള്ളത്‌. കുട്ടിയുടെ അച്ഛൻ, സഹോദരി, മുത്തശ്ശൻ, മുത്തശ്ശി എന്നിവരെ ദുരന്തത്തിൽ നഷ്‌ടപ്പെട്ടിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home