ad
Deshabhimani

വനിതാ കമീഷൻ അദാലത്ത‌് വിവാഹ രജിസ്‌ട്രേഷന് കൂടുതൽ രേഖകൾ നിര്‍ബന്ധമാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2018, 05:52 PM | 0 min read

കാസർകോട‌്
ഗാർഹിക പീഡന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിവാഹ രജിസ്‌ട്രേഷൻ സമയത്ത് നിലവിൽ ഹാജരാക്കുന്ന രേഖകൾക്ക് പുറമേ രണ്ടു രേഖകൾകൂടി ഹാജരാക്കുന്നതിന‌് നടപടിയുണ്ടാകണമെന്ന‌് വനിതാ കമീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.  ദമ്പതികൾ പ്രീമാരിറ്റൽ കൗൺസിലിങ്ങിൽ പങ്കെടുത്ത സർട്ടിഫിക്കറ്റും വിവാഹത്തിന് ഇരുവർക്കും ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റും വിവാഹ രജിസ്‌ട്രേഷൻ സമയത്ത് രേഖപ്പെടുത്തുന്നതിന‌് നടപടിയുണ്ടാകണമെന്നും വനിതാ കമീഷൻ അംഗം ഡോ. ഷാഹിദ കമാൽ ആവശ്യപ്പെട്ടു. 
പരാതികളിൽ ഭൂരിഭാഗവും ദമ്പതികൾ തമ്മിലുള്ള വിവിധ പരാതികളാണെന്നും ഇതിൽ വിവാഹ സമ്മാനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കേസുകൾ നീണ്ടുപോകുന്നതിനു കാരണമാകുന്നുണ്ടെന്നും കമീഷൻ വിലയിരുത്തി. പ്രീമാരിറ്റൽ കൗൺസിലിങ്ങിൽ പങ്കെടുക്കുന്നവരിൽ കുടുംബ പ്രശ്‌നങ്ങൾ കുറവാണെന്നതും  ദാമ്പത്യജീവിതത്തിൽ മുതൽകൂട്ടാവുമെന്നും കണ്ടെത്തിയതിന്റ പശ്ചാത്തലത്തിലാണ്  ഇത്തരമൊരു ആവശ്യംകൂടി മുന്നോട്ടുവയ്ക്കുന്നതെന്ന് ഡോ. ഷാഹിദ കമാൽ വ്യക്തമാക്കി. 
ദമ്പതികളുടെ കേസുകളിൽ വേഗത്തിൽ പരിഹാരം കാണുന്നതിന് യഥാർഥ വസ്തുതകളും നിജസ്ഥിതിയും പരിശോധിക്കുന്നതിന് ഈ രേഖകൾ കമീഷനും കോടതികൾക്കും സഹായകരമാകും. നിലവിൽ കേസുകളിൽ വിവാഹ സമ്മാനങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ ദമ്പതികൾക്ക് കഴിയുന്നില്ല. 
കലക്ടറേറ്റ‌് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമീഷൻ മ്മീഷൻ അദാലത്തിൽ   33 പരാതികൾ പരിഗണിച്ചതിൽ 12  ഒത്തുതീർപ്പാക്കി. ആറ‌് പരാതികളിൽ  പൊലീസിനോട‌്  റിപ്പോർട്ട് തേടി. മൂന്ന് പരാതികളിൽ ആർഡിഒയുടെ റിപ്പോർട്ട് തേടി. രണ്ടു കേസുകളിൽ കൗൺസിലിങ് നൽകും. പത്ത് പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും.  എഡിഎം എൻ ദേവീദാസ്, ലീഗൽപാനൽ അംഗങ്ങളായ അഡ്വ.  പി പി ശ്യാമള ദേവി , അഡ്വ. എ പി ഉഷ, അഡ്വ. കെ എം ബീന, വനിതാ സെൽ എസ്‌ഐ എം ജെ എൽസമ്മ, സിപിഒ പി വി ഗീത,  കൗൺസലർ എസ് രമ്യമോൾ എന്നിവർ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home