ad
Deshabhimani

ഓഫീസിൽ കഞ്ചാവുപയോഗവും മദ്യപാനവുമെന്ന‌് മുസ്ലിംലീഗ് ഓഫീസിന് കെട്ടിടം ഉടമ താഴിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2018, 06:22 PM | 0 min read

വെള്ളരിക്കുണ്ട് 
മുസ്ലിം ലീഗ് ഓഫീസിൽ കഞ്ചാവും മദ്യപാനവും ഉപയോഗിക്കുന്നതായി ആക്ഷേപം. ഇതേ തുടർന്ന‌്  കെട്ടിടം ഉടമയായ ലീഗ് നേതാവ്  ഓഫീസ് താഴിട്ടു പൂട്ടി. വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ കിണറിന് സമീപം ഉള്ള  കുന്നുംകൈ വെസ്റ്റ് ശാഖാ ലീഗ് ഓഫീസാണ് ശാഖ പ്രസിഡന്റ് കൂടിയായ കെട്ടിടം ഉടമ സൈനുൽ ആബിദിൻ തങ്ങൾ  പൂട്ടിയത്. ഇതിൽ പ്രതിഷേധിച്ച് ലീഗ് പഞ്ചായത്ത് പ്രസിഡന്റും വേറൊരു താഴിട്ടു പൂട്ടി. ഇതോടെ മുമ്പ് ഉണ്ടായിരുന്നതടക്കം ഒരു ഓഫീസിന്  പൂട്ട് മൂന്നായി. 
ആബിദിൻ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ലീഗ് ഓഫീസാണ്  പൂട്ടിയത്. ഇതുസംബന്ധിച്ച് കുന്നുംകൈ ലീഗിൽ ആരോപണപ്രത്യാരോപണങ്ങൾ രൂക്ഷമായിരിക്കുകയാണ്. ഇവിടെ രാത്രി കാലങ്ങളിൽ പാടിയോട്ടുചാൽ, പെരുമ്പട്ട, മൗക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തുന്നതായും കഞ്ചാവ് വിതരണവും മദ്യപാനവും നടക്കുന്നതായും തങ്ങൾ ആരോപിക്കുന്നു. ലീഗിനും  എംഎസ്എഫിനും വേണ്ടി പോസ്റ്ററൊട്ടിച്ചും കൊടിപിച്ചും നടക്കുന്ന തന്റെ സഹോദരിയുടെ മകനെ ഇവിടത്തെ ലീഗുകാർ മോശക്കാരനാക്കിയതായും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാക്കി മാറ്റിയതായും ലീഗ് നേതാവ് കൂടിയായ തങ്ങൾ ആരോപിച്ചു. കർണാടകത്തിൽ ജോലിചെയ്യുന്ന ആബിദിൻ തങ്ങൾ ആഴ്ചയിൽ ഒരു ദിവസമാണ് നാട്ടിൽ എത്തുന്നത്. തങ്ങളുടെ സഹോദരനാണ‌് വാടകമുറികളുടെ കാര്യം നോക്കുന്നത്. ലീഗ് ഓഫീസിലെ ലഹരി ഉപയോഗം ഇദ്ദേഹം ആണ് പിടികൂടിയത് എന്ന് തങ്ങൾ നേതാക്കളെ അറിയിച്ചു. സമീപത്തുള്ള ചെറുപ്പക്കാരെയാകെ ഇവിടുത്തെ മുതിർന്ന ലീഗ് നേതാക്കൾ തെറ്റായവഴിക്ക് നയിക്കുന്നു എന്നാണ് ആരോപണം. ഓഫീസ് രാത്രി ഏഴു മുതൽ പാതിരാത്രിവരെ തുറന്ന് ചെറുപ്പക്കാർ  ഇവിടെ സംഘടിക്കുന്നു. ഇവരെ നിയന്ത്രിക്കാൻ ആരും ഇല്ലാത്ത സ്ഥിതി. ഇവിടത്തെ രണ്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ കഴിഞ്ഞ ദിവസം കഞ്ചാവ് ഉപയോഗിച്ചതിന് സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഇതറിഞ്ഞ തങ്ങൾ മുമ്പ് ഒരിക്കൽ ഓഫീസ് പൂട്ടിയിരുന്നെങ്കിലും ഇവർ വീണ്ടും തുറന്നു. എന്നാൽ ഇനിയും ഓഫീസ് തുറന്നാൽ ശക്തമായി പ്രതികരിക്കും എന്ന് ആബിദിൻ തങ്ങൾ മുന്നറിയിപ്പ് നൽകി. ലീഗ് പഞ്ചായത്ത് പ്രസിഡന്റും തങ്ങളും തമ്മിൽ കഴിഞ്ഞ ദിവസം വാക്പോരുമുണ്ടായി.   വെസ്റ്റ് എളേരിയിലെ ലീഗ് നേതാക്കൾ രണ്ട് ചേരിയിലായി നിൽക്കുകയാണ്. തന്റെ കുടുംബത്തിലെ അംഗങ്ങൾക്ക് വരെ മോശമായ സാഹചര്യം ഉണ്ടാകുന്നതിൽ ഏറെ കുപിതനായിരിക്കുകയാണ് ലീഗിന്റെ മലയോരത്തെ ആത്മീയ നേതാവുകൂടിയായ ആബിദിൻ തങ്ങൾ. ലീഗിന്റെ ഔദ്യോഗിക നേതൃത്വത്തിൽ ഒരു വിഭാഗം  തങ്ങൾക്കെതിരെ തിരിഞ്ഞതോടെ അണികളും ചേരിതിരിയാൻ തുടങ്ങി. വരും ദിവസങ്ങളിൽ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കുമെന്ന് അണികൾ ആശങ്കപെടുന്നു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home