വികസനപാത തുറന്ന് രാമൻചിറ പാലം

ചെറുവത്തൂർ
ഒരു നാടിന്റെ സ്വപ്‌ന സാക്ഷാത്‌ക്കാരത്തിലേക്ക് നടന്നടുക്കാൻ ഇനിയേറെ കാത്തിരിക്കേണ്ടി വരില്ല. ചെറുവത്തൂർ, കയ്യൂർ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തേജസ്വിനിയുടെ കൈവഴിയായ മുട്ടോളി പുഴയിൽ നിർമിക്കുന്ന രാമൻചിറ പാലം പ്രവൃത്തി അവസാനഘട്ടത്തിൽ. പാലം ജനങ്ങളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമാകുന്നതോടൊപ്പം വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്‌ക്കും വഴി തുറക്കും.
കുന്ന് കയറിയുള്ള യാത്ര ഒഴിവാക്കി ചെറുവത്തൂർ കൊവ്വൽ ദേശീയപാതയിൽ നിന്നും നേരിട്ട് ക്ലായിക്കോട്, വെള്ളാട്ട്, കയ്യൂർ, നീലേശ്വരം തുടങ്ങിയ വിനോദസഞ്ചാര സാധ്യതകളുള്ള സ്ഥലങ്ങളിലേക്കും എത്താം. നിലവിൽ പാലായി ഷട്ടർ കം ബ്രിഡ്‌ജിന് സമീപത്തെ കയാക്കിങ്, രാമൻചിറയിലെ കയാക്കിങ് പാർക്ക് എന്നിവിടങ്ങളിലും കയ്യൂർ ടൂറിസം വില്ലേജിലും എളുപ്പം എത്താം. എം രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ് പാലം നിർമാണത്തിന് അനുമതിയും തുകയും ലഭിച്ചത്.
16.25 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. ആകെ 260 മീറ്റർ നീളമുള്ള പാലത്തിന് 26 മീറ്ററിന്റെ അഞ്ച് സ്പാനുകളും 10 മീറ്ററിന്റെ ഏഴ് സ്പാനുകളുമാണുള്ളത്. ഒരു മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ 9.725 മീറ്ററാണ് പാലത്തിന്റെ വീതി.
വെള്ളാട്ട് ഭാഗത്തേക്കുള്ള മൂന്നാമത്തെ അപ്രോച്ചിന് 8.45 മീറ്റർ വീതിയുമാണുള്ളത്. പാലത്തിന്റെ ഭാഗമായി 400 മീറ്റർ അപ്രോച്ച് റോഡുകൂടി നിർമിക്കും.
അതിൽ ചെറുവത്തൂർ ദേശീയപാത ഭാഗത്തേക്ക് 260 മീറ്ററും ക്ലായിക്കോട് നാപ്പച്ചാൽ ഭാഗത്തേക്ക് 90 മീറ്ററും വെള്ളാട്ട് ഭാഗത്തേക്ക് 50 മീറ്ററുമാണ് അപ്രോച്ച് റോഡ് ഉൾക്കൊള്ളിച്ചത്. മൂന്ന് അപ്രോച്ച് റോഡ് ഉൾക്കൊള്ളിച്ചുള്ള പാലം എന്ന പ്രത്യേകതയും ഇതിനുണ്ട്.











0 comments