വനിതാ കോളേജിന്റെ മുഖച്ഛായ മാറും

കണ്ണൂർ
പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് ഗ്രൗണ്ട് ആധുനികവൽക്കരണം, കായിക വിദ്യാർഥികൾക്ക് ഹോസ്റ്റൽ, സ്വിമ്മിങ്പൂൾ നിർമാണം എന്നിവയുടെ നിർമാണ പ്രവൃത്തി തുടങ്ങി. 50–-ാം വർഷത്തിലേക്ക് കടക്കുന്ന കലാലയത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം കായിക മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. കളിക്കളത്തിന് പിങ്ക് സ്റ്റേഡിയം എന്ന പേര് നൽകണമെന്ന് മന്ത്രി നിർദേശിച്ചു.
കെ വി സുമേഷ് എംഎൽഎയുടെ ബജറ്റ് നിർദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ മൈതാനം ഒരുക്കുന്നത്. ക്രിക്കറ്റ് പരിശീലനത്തിനുള്ള നെറ്റ്സ്, നീന്തൽക്കുളം, അനുബന്ധ മുറികൾ, കായിക വിദ്യാർഥികൾക്ക് ഹോസ്റ്റൽ കെട്ടിടം എന്നിവയും നിർമിക്കും. നീന്തൽക്കുളത്തിന് അഞ്ച് ലൈനും ഫിൽറ്ററേഷൻ യൂണിറ്റ്, ചേഞ്ചിങ് റൂമുകളും ടോയ്‌ലറ്റ് സൗകര്യവും ഉണ്ടാകും. ഇരുനില ഹോസ്റ്റൽ കെട്ടിടമാണ് പണിയുക. ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. മന്ത്രിയുടെ അഭ്യർഥന പ്രകാരം കോളേജിൽ ഇ-–-സ്‌പോർട്സ് യൂണിറ്റ് ആരംഭിക്കാൻ 25 ലക്ഷം രൂപ അനുവദിക്കുമെന്ന് കെ വി സുമേഷ് എംഎൽഎ അറിയിച്ചു.
സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി കെ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ പി ഇന്ദിര, കൗൺസിലർമാരായ ടി രവീന്ദ്രൻ, എ കുഞ്ഞമ്പു, കൂക്കിരി രാജേഷ്, വി കെ ഷൈജു, കായിക യുവജനകാര്യ ഡയറക്ടർ പി വിഷ്ണുരാജ്, പ്രിൻസിപ്പൽ ഡോ. കെ ടി ചന്ദ്രമോഹനൻ, വൈസ് പ്രിൻസിപ്പൽ സി പി സന്തോഷ്, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആര്യ രാജീവൻ, ഗവ. വനിതാ കോളേജ് യൂണിയൻ ചെയർപേഴ്സൺ ടി കെ ഷാനിബ എന്നിവർ സംസാരിച്ചു.









0 comments