ഓഡിറ്റ് റിപ്പോർട്ട് പുറത്ത്; സർവത്ര ക്രമക്കേട്

കൊച്ചി
ജില്ലാപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സർവത്ര ക്രമക്കേടും തിരിമറിയുമെന്ന് ഓഡിറ്റ് റിപ്പോർട്ട്. മൂലധനക്കണക്കിൽ വൻ വ്യത്യാസം, പാസ്‌ബുക്കുകളിലെ ക്രമക്കേട്, നീക്കിബാക്കി തുകകൾ ബാലൻസ്‌ഷീറ്റിൽനിന്ന് ഒഴിവാക്കിയത്, വരവിനത്തിലെ കുത്തനെയുള്ള ഇടിവ്, വരുമാനത്തിൽ ഇടിവ്, പദ്ധതികളിൽ കാലതാമസം, ഉൽപ്പാദന–-നിർമാണ മേഖലകളിലെ ഇടിവ്, ആസ്‌തി രജിസ്‌റ്റർ ഇല്ലാത്തത് തുടങ്ങി നിരവധി വീഴ്‌ചകളും ക്രമക്കേടുകളും 2022–-23 സാമ്പത്തികവർഷത്തെ സംസ്ഥാന ഓഡിറ്റ് വിഭാഗം പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബജറ്റ് പ്രകാരമുള്ള വരവുചെലവുകണക്കും യഥാർഥ കണക്കും തമ്മിൽ ഭീമമായ വ്യത്യാസം കണ്ടെത്തി. ബജറ്റ് പ്രകാരം മുന്നിരിപ്പ് ഒഴികെയുള്ള വരവ് 186.65 കോടി രൂപയുള്ളപ്പോൾ, വാർഷിക ധനകാര്യ പത്രികപ്രകാരം 141.53 കോടിയാണുള്ളത്. ചെലവ് 191.66 കോടി എന്ന് ബജറ്റിൽ പറയുമ്പോൾ, വാർഷിക ധനകാര്യ പത്രികപ്രകാരം ചെലവ് 141.05 കോടിയാണ്. ഇതുപ്രകാരം വരവിൽ 45.12 കോടിയുടെയും ചെലവിൽ 50.60 കോടിയുടെയും വ്യത്യാസം കാണുന്നു.
മൂലധനക്കണക്കിലും വ്യത്യാസമുണ്ട്. ബാലൻസ് ഷീറ്റ് പ്രകാരം മൂലധന സംഭാവന 117.26 കോടി രൂപയാണ്. എന്നാൽ, 2022–-23ലെ ആകെ സ്ഥിര ആസ്‌തിയും ക്യാപ്പിറ്റൽ വർക് ഇൻ പ്രോഗ്രസും ചേർന്നുള്ള തുക 116.75 കോടിയാണ്. ഇതിൽ 50 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി. നാലു വ്യത്യസ്‌ത ദിവസങ്ങളിൽ നടത്തിയ ആക്രി ലേലത്തിലൂടെ ലഭിച്ച 2.87 ലക്ഷം, 6.34 ലക്ഷം, 3.85 ലക്ഷം, 2.65 ലക്ഷം എന്നീ തുകകളുടെ വിശദാംശങ്ങൾ രേഖകളിലില്ല. ഫാമുകൾക്ക് കൃഷിഭവനിൽനിന്ന് ലഭിക്കേണ്ട തുക വാർഷിക കണക്കിലില്ല.
12 ഹെഡുകളിലായി ഫാമിൽനിന്ന് ലഭിച്ച തുക ബാങ്ക് പാസ്‌ബുക്കിൽ ഇല്ല. വിറ്റുവരവ് ഇനത്തിൽ പത്തുകോടി പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് 2.62 കോടിമാത്രം. ഫോമുകളുടെ വിലയായി രണ്ടുകോടി പ്രതീക്ഷിച്ചെങ്കിലും, ലഭിച്ചത് 1.28 ലക്ഷംമാത്രം. വിവിധ പദ്ധതികൾക്കായി തനത് ഫണ്ടിൽനിന്ന് ചെലവഴിച്ച തുക സോഫ്‌റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടില്ല. പദ്ധതികൾ പൂർത്തിയാക്കുന്നതിൽ വൻവീഴ്‌ച കണ്ടെത്തി.
ജില്ലാപഞ്ചായത്തിൽ വൻ അഴിമതി നടന്നതായുള്ള സൂചനകളാണ് ഓഡിറ്റ് റിപ്പോർട്ടിൽനിന്ന് പുറത്തുവരുന്നത്. ഓഡിറ്റിൽ പരാമർശിച്ച നൂറുകണക്കിന് ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാനാകാതെ ഉലയുകയാണ് പ്രസിഡന്റ് മനോജ് മൂത്തേടന്റെ നേതൃത്വത്തിലുള്ള ജില്ലാപഞ്ചായത്ത് ഭരണസമിതി.










0 comments