ad
Deshabhimani

ഏഴാംനാൾ വോട്ടിടും, കുതിപ്പേകി മുഖ്യമന്ത്രിയും നേതാക്കളും

മൂന്നാമൂഴത്തിലേക്ക്‌ എൽഡിഎഫ്‌

കായംകുളം മണ്ഡലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസനപ്രവൃത്തികളുടെ സമഗ്രരേഖ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർഥി 
യു പ്രതിഭയ-്ക്ക് നൽകി പ്രകാശിപ്പിക്കുന്നു. ചെങ്ങന്നൂർ മണ്ഡലം സ്ഥാനാർഥി സജി ചെറിയാൻ, ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി ടി ടി ജിസ്മോൻ എന്നിവർ സമീപം
വെബ് ഡെസ്ക്

Published on Apr 02, 2026, 01:38 AM | 1 min read

ആലപ്പുഴ

പോളിങ്‌ ബൂത്തിലെത്താൻ ഓരാഴ്‌ച അവശേഷിക്കെ പ്രചാരണച്ചൂടിനും കടുപ്പമേറുന്നു. പത്തുവർഷത്തെ വികസനനേട്ടങ്ങളും ജനക്ഷേമപ്രവർത്തനങ്ങളും മതനിരപേക്ഷതയും ജനങ്ങളുമായി സംവദിച്ചാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ പ്രചാരണരംഗത്ത്‌ അതിവേഗം മുന്നേറുന്നത്‌. വർഗീയതയും കള്ളക്കഥകളും അധിക്ഷേപവും കൈമുതലാക്കി എൽഡിഎഫിനെതിരായ പ്രചാരണത്തിലാണ്‌ യുഡിഎഫ്‌–എൻഡിഎ ക്യാമ്പ്‌. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക്‌ അടുക്കുമ്പോൾ എൽഡിഎഫ്‌ കുതിപ്പിന്‌ ആക്കം ക‍ൂട്ടി മുഖ്യമന്ത്രി പിണറായി വിജയനടക്കം നേതാക്കൾ ജില്ലയിലെത്തി. ചുട്ടുപൊള്ളുന്ന വെയിലിലും തിങ്ങിനിറഞ്ഞ ആയിരങ്ങൾക്ക് ആവേശമായിമാറി മുഖ്യമന്ത്രി. പ്രളയമടക്കം ആലപ്പുഴയുടെ പ്രതിസന്ധിഘട്ടത്തിലെല്ലാം തണലായിനിന്നും ക്ഷേമ വികസന പദ്ധതികളിലൂടെ അതിജീവനത്തിന്‌ കരുത്തായും നയിച്ച നായകനെ കാണാൻ ജനസാ​ഗരമാണ് കായംകുളത്തും അമ്പലപ്പുഴയിലും കുട്ടനാട്ടിലും അരൂരിലും എത്തിയത്. മുതിർന്ന നേതാവ്‌ സുഭാഷിണി അലി പങ്കെടുത്ത റാലികളിൽ വൻ ജനപങ്കാളിത്തമായിരുന്നു. കോൺഗ്രസും ആർഎസ്‌എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ ചരിത്രവും വർത്തമാനവും ലളിതമായി അവതരിപ്പിച്ചാണ്‌ നേതാക്കൾ ജനഹൃദയങ്ങളിലേക്കിറങ്ങിയത്‌. 2016ലും 2021ലും എൽഡിഎഫിന് ചരിത്ര വിജയമൊരുക്കിയ ജില്ലയുടെ മനസ്സ് ഇത്തവണയും ഉറച്ചുതന്നെയാണ്‌. വികസനവും ക്ഷേമവും കരുതലും മുഖമുദ്രയാക്കിയ സർക്കാരിന്‌ നിലവിലുള്ള രാഷ്‌ട്രീയസ്ഥിതിഗതികൾ കൂടി വിലയിരുത്തുന്പോൾ വിജയത്തുടർച്ച വ്യക്തം. ഒന്നും രണ്ടുംഘട്ട തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ എല്ലായിടത്തും എൽഡിഎഫ്‌ മുന്നേറി. പത്താണ്ടുകൊണ്ട്‌ നാട്‌ അനുഭവിച്ചറിഞ്ഞ സമഗ്രവികസനമാണ്‌ മുഖ്യവിഷയം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണരംഗത്ത്‌ എൽഡിഎഫ്‌ നിറയുന്നു. പരസ്യപ്രചാരണത്തിന്‌ ഒരാഴ്‌ചമാത്രമുള്ളപ്പോൾ കടകളും വീടുകളും കയറിയിറങ്ങിയും പ്രാദേശിക കൺവൻഷൻ നടത്തിയും പ്രവർത്തകർ വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ്‌. സംസ്ഥാന സർക്കാരിന്റെയും എംഎൽഎയുടെയും വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ചാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ പൊതുപര്യടനം മുന്നേറുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home