മാസ് എൻട്രിയിൽ മനംകവർന്ന് സജി ചെറിയാൻ
ചെങ്കടലായി ചെങ്ങന്നൂർ

ചെങ്ങന്നൂര്‍ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജിചെറിയാന്‍ കൊട്ടിക്കലാശത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം
ചെങ്ങന്നൂർ
ചെങ്ങന്നൂരിൽ കലാശക്കൊട്ടിനായി പകൽ മൂന്നുമുതൽതന്നെ ജങ്ഷൻ ചെങ്കടലായി മാറിയിരുന്നു. ചുവപ്പുകൊടികളും സ്ഥാനാർഥിയുടെ ചിത്രമുള്ള പ്ലക്കാർഡുകളുമായി പ്രവർത്തകർ വാഹനങ്ങളിൽ നഗര പര്യടനം ആരംഭിച്ചു. എംസി റോഡിൽ ബഥേൽ ജങ്ഷൻമുതൽ ജില്ലാ ആശുപത്രി ജങ്ഷൻവരെയുഉള ഭാഗം ചുവന്നു. അഞ്ചോടെ സ്ഥാനാർഥിയുടെ വരവറിയിച്ച് അനൗൺസ്‌മെന്റ് വാഹനങ്ങൾ കുതിച്ചെത്തി. സജി ചെറിയാന്റെ മാസ് എൻട്രി എൽഡിഎഫ് പ്രവർത്തകരുടെ ആവേശം പതിന്മടങ്ങാക്കി. മുദ്രാവാക്യങ്ങളും ആർപ്പുവിളികളും മുഴങ്ങി. സജിയോടൊപ്പം സെൽഫി എടുക്കാൻ കുട്ടികളുടെ നീണ്ട നിര. ചുരുങ്ങിയ വാക്കുകളിൽ അഭ്യർഥന. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ചെങ്ങന്നൂർ ജനത നൽകിയ വിജയം വിനയത്തോടെ ഓർമിച്ചായിരുന്നു പ്രസംഗം. നൽകിയ വാഗ്‌ദാനങ്ങൾ പൂർണമായി പാലിച്ചു, അടുത്ത അഞ്ചുവർഷം കഴിയുമ്പോൾ ലോകം അറിയുന്ന ചെങ്ങന്നൂരാക്കി മാറ്റുമെന്നും സജി പറഞ്ഞത് നീണ്ട കൈയടിയോടെ ജനം സ്വീകരിച്ചു. എൽഡിഎഫ് നേതാക്കളായ എം എച്ച് റഷീദ്, എം ശശികുമാർ, ജേക്കബ് തോമസ് അരികുപുറം, ആർ സന്ദീപ്, ആർ രാജേഷ്, ഗിരീഷ് ഇലഞ്ഞിമേൽ, അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, പുഷ്‌പലത മധു, ടി കെ ഇന്ദ്രജിത്ത്, ജെയിംസ് ശമുവേൽ, ജി ഹരികുമാർ എന്നിവർ പങ്കെടുത്തു. വിജയവിളംബരമായി റോഡ് ഷോ പകൽ രണ്ടോടെ കല്ലിശേരിയിൽനിന്ന് റോഡ്ഷോ ആരംഭിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വിജയപ്രഖ്യാപനമായി പര്യടനം. സജി ചെറിയാന് വിജയം ആശംസിച്ച് നടൻ ഭീമൻ രഘു എത്തിയതും ആവേശമായി. മിത്രമഠം, ബുധനൂർ, മാന്നാർ സ്‌റ്റോർമുക്ക്, പുത്തുവിളപ്പടി, എണ്ണയ്‌ക്കാട് പുലിയൂർ, കുളിക്കാം പാലം, അത്തലക്കടവ്, പടനിലം, കൊല്ലകടവ്, കല്യാത്തറ, ഇല്ലത്തുമേപ്പുറം, അരീക്കര, കാരയ്‌ക്കാട്, പിരളശേരി, ആഞ്ഞിലിമൂട് വഴി ചെങ്ങന്നൂർ നഗരത്തിൽ എം സി റോഡിൽ പ്രവേശിച്ചു. തുടർന്ന് കൊട്ടിക്കലാശം നടക്കുന്ന എംസി റോഡിലെ എൻജിനിയറിങ് കോളേജ് ജങ്ഷനിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാനദിവസം ഗൃഹസന്ദർശനത്തിലും പ്രചാരണത്തിലും സജീവമായി എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ. ബഹ്റിനിൽ അന്തരിച്ച വന്മഴി മാലിയിൽ മണക്കണ്ടത്തിൽ ചാക്കോ കോശിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആലാ പെണ്ണുക്കരയിൽ, പാണ്ടനാട്, ഇരമല്ലിക്കര, വനവാതുക്കര, മാന്നാർ ഭാഗങ്ങളിൽ ഭവനസന്ദർശനം നടത്തി വോട്ട് അഭ്യർഥിച്ചു. വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചും പിന്തുണ ഉറപ്പിച്ചു.









0 comments