09 June Friday

പേവിഷ വഴിയിലെ പൂച്ചകള്‍

ഡോ. എന്‍ അജയന്‍ കൂടല്‍Updated: Sunday Oct 16, 2022


പേവിഷബാധ പരത്തുന്ന കാര്യത്തിൽ നായകളെപ്പോലെ തന്നെ പ്രധാനികളാണ് പൂച്ചകളും.  വീട്ടിൽ ഡസൻ കണക്കിന് പൂച്ചകൾക്ക് ആഹാരംനൽകി പോറ്റുന്നവരുണ്ട്. അവയുടെ വംശവർധനയും ചെറുതല്ല. കേരളത്തിലടക്കം നായ കഴിഞ്ഞാൽ റാബീസ് പരത്തുന്ന ഓമനമൃഗം പൂച്ചതന്നെ. ഇതിന്റെ കടിയും മാന്തലും അപകടംതന്നെ. പൂച്ച സദാ പാദം നക്കിത്തുടച്ചു വൃത്തിയാക്കുന്ന ജീവിയാണ്. പൂച്ചയുടെ മാന്തലുണ്ടാക്കുന്ന മുറിവിന് ആഴവും കൂടും. പാദങ്ങളിലെ ഉമിനീരിൽ റാബീസിന്റെ അണുക്കളുണ്ടെങ്കിൽ അപകടമാണ്‌. പൂച്ചകളിൽ പ്രത്യേകിച്ച് ആൺ പൂച്ചകൾ രാത്രി സഞ്ചാരം കൂടുതലുള്ളവയാണ്‌.  ഇവ വന്യമൃഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാനിടയുണ്ട്‌. അങ്ങനെ പേവിഷബാധയുടെ കണ്ണിയായിത്തീരുകയും ചെയ്യുന്നു. പൂച്ചകളിൽ പേവിഷത്തിന്റെ അണുക്കൾ ശരീരത്തിൽ എത്തിയശേഷം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള ഇൻകുബേഷൻ കാലം (രോഗാരംഭ കാലം) നായയേക്കാൾ കുറവാണ്‌.

പൂച്ചകളിൽ പേവിഷബാധ അധികവും ക്രുദ്ധരൂപത്തിലാണ് പ്രകടമാകുന്നത്. തുടക്കത്തിൽ ചെറിയ പനിക്കുപുറമേ മൃഗത്തിന്റെ സ്വഭാവരീതിയിലുള്ള വ്യതിയാനങ്ങൾ ശ്രദ്ധേയമാണ്. ഇത് 1–-4 ദിവസം നീണ്ടുനിൽക്കും (ചിലപ്പോൾ ഏഴു ദിവസംവരെ). ഇരുളടഞ്ഞ കോണുകളിൽ പതുങ്ങുകയും പെട്ടെന്ന് പ്രകോപിതരാകുകയും ആക്രമിക്കുകയും ചെയ്യും. കടിയും മാന്തലും ഒരുമിച്ചാണ്. കൂട്ടിൽ അടച്ചിട്ടാൽ ക്രുദ്ധസ്വഭാവം കാണിക്കുകയും കൂടിന്റെ അഴികളും മറ്റും കടിച്ചുമുറിക്കാൻ ശ്രമിക്കുകയും ചെയ്യും. പേപിടിച്ച പൂച്ച പലപ്പോഴും മനുഷ്യരുടെ മുഖത്ത് കടിച്ചും മാന്തിയും മുറിവുണ്ടാക്കും. പുറംവളച്ച് നഖങ്ങൾ പുറത്തേക്കു തള്ളി, വായിൽനിന്ന്‌ നുരയും പതയും വരും. കണ്ണിലെ കൃഷ്മണി വികസിച്ചിരിക്കുന്നതിനാൽ തിളങ്ങുന്ന കണ്ണുകളാകും. പേപിടിച്ച പൂച്ച ഉടമസ്ഥനെ അനുസരിക്കില്ല. കൺമുന്നിലൂടെ എന്തോ പായുന്നുവെന്ന തോന്നലിൽ അവയെ പിടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കും. ഇത് റാബീസ് ബാധിച്ച പൂച്ചകളുടെ പ്രധാന ലക്ഷണമാണ്.

രോഗം മൂർച്ഛിക്കുന്നതോടെ പൂച്ചയുടെ ശരീരത്തിനു തളർച്ചയുണ്ടാകുന്നു. പിൻകാലുകൾ വേച്ചുപോകുകയും എഴുന്നേറ്റു നിൽക്കാനാകാതെ വരികയും ചെയ്യും. താടിയുടെയും തൊണ്ടയുടെയും മാംസപേശികളുടെ തളർച്ച നായകളിലെ പോലെ കഠിനമല്ല. എങ്കിലും ശബ്ദവ്യത്യാസമുണ്ടാകും. ഉമിനീർ ഇറക്കാൻ പറ്റാത്തതിനാൽ ഉമിനീർ വായിൽനിന്നു പുറത്തേക്ക്‌ ഒഴുകുന്നു. ക്രമേണ ശ്വാസതടസ്സവും അബോധാവസ്ഥയും.  തളർച്ച വന്നാൽ നാലു ദിവസത്തിനകം പൂച്ച ചത്തുപോകും. പൂച്ചയ്‌ക്ക്‌ പേപിടിച്ചാൽ എല്ലായ്‌പ്പോഴും എല്ലാ ലക്ഷണവും കാണിച്ചെന്നുവരില്ല. പൂച്ചകളുമായുള്ള ചങ്ങാത്തം സൂക്ഷിച്ചുവേണം. പൂച്ചകൾക്കും പ്രതിരോധ കുത്തിവയ്‌പ്‌ എടുക്കാൻ ശ്രദ്ധിക്കുക. ഓരേ വാക്സിനും ഓരോ  ക്രമവുമാണ്പൂച്ചകളിലും.

(മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top