19 September Thursday

ഇന്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ: മാനസീകാരോഗ്യം വീണ്ടെടുക്കാൻ മാർഗ്ഗങ്ങളുണ്ട്

ശീതൾ എം എ Updated: Monday Jul 22, 2024

ഇന്റർനെറ്റ് ഗെയിമിങ് അടിമത്തം അത്ര വേഗം തലയൂരുവാൻ കഴിയാത്ത കുരുക്കാണ്. ഇതിൽ അകപ്പെട്ടവർക്കാണ് എത്ര മാരകമാണ് അതിൽ നിന്നും രക്ഷ നേടുക എന്ന് അറിയാവുന്നത്. തിരിച്ചു കയറാൻ കഴിയാതെ  ആത്മഹത്യ ചെയ്യുന്നവരുടെ വാർത്തകൾ എന്നിട്ടും കേൾക്കേണ്ടി വരുന്നു.

കൊച്ചിയിൽ കൗമാരക്കാരൻ മരണപ്പെട്ടതിനു പിന്നിൽ ഓൺലൈൻ ഗെയിം ഡെവിൾ ആണെന്ന ഞെട്ടൽ മലയാളികൾക്ക് മാറിയിട്ടില്ല. ഗെയിം എന്ന ആസക്തി വളർന്ന് വളർന്ന് പിന്നീടത് പിടിച്ചുകെട്ടാനാകാത്ത അസുഖമായി മാറുന്നത് തള്ളിക്കളയാനാകാത്ത വസ്തുതയാണ്. ഈ അവസ്ഥയെ ഇന്റെർനെറ്റ് ഗെയിമിങ് ഡിസോർഡർ (IGD) എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ലോകാരോഗ്യ സംഘടന അടുത്ത കാലത്ത് ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡറിനെ ഇൻ്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ ദൈനംദിന ദിനചര്യകളെ തടസ്സപ്പെടുത്തുന്നു. സാമൂഹിക ഇടപെടലുകളിൽ നിന്നും ആളുകളെ അകറ്റുന്നു. വളരെ ആക്ടീവായ ഒരു വ്യക്തി പതിയെ അന്തർമുഖരാകുന്നു. പുറത്തെ ലോകത്തു നിന്നും ഒറ്റപ്പെട്ട തുരുത്താവുന്നു.

എന്താണ് ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ?

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഈ അസുഖം, എത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായാലും ഗെയിംമിലേക്ക് പൂർണമായും മുഴുകുകയും ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഗെയിംമാണെന്ന മാനസീകാവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കുകയും ചെയ്യുന്നു.
ഇൻഡസ്ട്രിയൽ സൈക്യാട്രി ജേർണലിൽ പ്രസിദ്ധീകരിച്ച 2016 ലെ ഗവേഷണമനുസരിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡറിന്റെ  വ്യാപനം 0.2 മുതൽ 8.5 ശതമാനം വരെയാണ്. പഠിക്കുവാനും വിശ്രമിക്കാനും ഉള്ള സമയങ്ങളിൽ പോലും ഗെയിംമിലേക്ക് ശ്രദ്ധ പോകും.

മൊബൈൽ കിട്ടാതെ വരുമ്പോൾ അമിതമായ ദേഷ്യവും ഉത്കണ്ഠയും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നതും രോഗ ലക്ഷണങ്ങളാണ്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതെയും ഉറക്കമില്ലാതെയും ഗെയിംമിഗിലേക്ക് മുഴുകുന്നതും ഈ അവസ്ഥയിൽ കാണാം.

ഭാവനയും ചിന്തയും സന്തോഷവും തുടങ്ങി എല്ലാ വികാരങ്ങളും നഷ്ടമായി വെർച്വൽ ലോകത്തിൽ യാന്ത്രീകമായി ജീവിക്കുന്നതിലാണ് ഈ രോഗ ബാധിതർ തൃപ്തി കണ്ടെത്തുക. വിഷാദമോ ഉത്കണ്ഠയോ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകൾക്ക് ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മടിക്കാതെ മാനസീകാരോഗ്യ വിദഗ്ധരെ സമീപിക്കാം

മേൽ പറഞ്ഞ ലക്ഷണങ്ങൾ കുട്ടികൾക്കോ പ്രിയപ്പെട്ടവർക്കോ ഉള്ളതായി കണ്ടെത്തിയാൽ ഉറപ്പായും മാനസീകാരോഗ്യ വിദഗ്ധരെ സമീപിക്കണം. അസുഖം എത്രത്തോളം വ്യാപ്തിയിലാണ് എന്ന് നിർണയിക്കുവാനും ആസക്തിയെ ചെറുക്കുന്നതിനുള്ള പോംവഴികൾ നിർദേശിക്കുവാനും മാനസീകാരോഗ്യ വിദഗ്ധർ സഹായിക്കും.

വേണം കരുതലും സ്നേഹവും

പൂർണമായും മൊബൈലിനു വേണ്ടി നമ്മുടെ കുട്ടികൾ സമയം കണ്ടെത്തുമ്പോഴും അവരുടെ ചിരി മാഞ്ഞു പോകുമ്പോഴും ഒഴിഞ്ഞു മാറാൻ കഴിയാത്ത സാഹചര്യമാവും രക്ഷിതാക്കൾക്ക്. അവരെ ശാസിക്കാതെ ചേർത്തു പിടിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. ഇത് രൂക്ഷമാകുമ്പോൾ ഒരു രോഗാവസ്ഥയാണ് എന്ന് തിരിച്ചറിയണം. അങ്ങിനെയുള്ള കരുതലാണ് അവർക്ക് ആവശ്യം.സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബന്തരീക്ഷമൊരുക്കുവാനും ഒരുമിച്ച് യാത്രകൾ പോകുവാനും അഭിരുചികളറിഞ്ഞ് കലാകായീക പ്രവർത്തനങ്ങൾ വളർത്തിയെടുക്കുവാനും ശ്രദ്ധിക്കണം. കുടുംബത്തിൽ നിന്നുള്ള പിന്തുണയും കരുതലുമാണ്  അവസ്ഥയെ ചികിത്സിക്കുന്നതിനുള്ള വഴികളായി നിർദ്ദേശിക്കപ്പെടുന്നത്. ചിലരിൽ ജീവശാത്രപരമായി തന്നെ ഇത്തരം പ്രവൃത്തികളിൽ അടിമത്ത മനോഭാവം വളരാം എന്ന് ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. കൂടിയ ഉൽകണ്ഠയും ഇവരിൽ ഉയരുന്നു.

ഇത്തരം സാഹചര്യങ്ങളിൽ ശാസന കൊണ്ട് പുറത്ത് കടക്കാവുന്നവയല്ല അവർ അകപ്പെട്ട കുരുക്കുകൾ എന്ന് തിരിച്ചറിയൽ പ്രധാനമാണ്. നിശ്ചിത സമയം അനുവദിച്ചു കൊണ്ട് അവരിലെ തന്നെ ആന്തരികമായ വിമ്മിഷ്ടം ക്രമേണ കുറച്ചു കൊണ്ടു വരാനുള്ള മാർഗ്ഗവും നിർദ്ദേശിക്കുന്നുണ്ട്. ഇത് വഴി ഗെയിമിങ് സമയത്തെ കുറച്ച് മാനസിക വിധേയത്വത്തെ അഴിക്കാം. അവസാന ഘട്ടത്തിൽ ചിലപ്പോൾ ഔഷധങ്ങളുടെ സഹായവും തേടാറുണ്ട്. എന്നാൽ ഇതിന് മുൻപായി തന്നെ ശാസ്ത്രീയമായ പരിഹാരാമാർഗ്ഗങ്ങൾ കണ്ടെത്താം. ഇതിൽ പ്രധാനമാണ് യോഗ്യരായ കൌൺസിലർമാരെ കണ്ടെത്തുക എന്നത്. അക്കാദമിക് യോഗ്യതയ്ക്ക് ഒപ്പം പരിചയ സമ്പത്ത് കൂടിയുള്ളവർ ആകുമ്പോൾ കുട്ടികളെ രക്ഷിച്ചെടുക്കുക താരതമ്യേന എളുപ്പമാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top