27 July Saturday

കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് അറിയാം ആറ്‌ കാര്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

പഠനപ്രശ്നങ്ങൾ, രക്ഷിതാക്കളുമായിട്ടുള്ള സംഘർഷങ്ങൾ, ഇന്റർനെറ്റ് അഡിക്ഷൻ തുടങ്ങി കൗമാരമനസ്സുകളെ ബാധിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യമെങ്കിൽ മാനസികാരോഗ്യപ്രവർത്തകരുടെയും കൂട്ടായ പരിശ്രമം ഇത്തരം ഘട്ടങ്ങളിൽ ആവശ്യമാണ്.

ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനമായിരുന്നുഈ വർഷത്തെ മാനസികാരോഗ്യദിനം മുന്നോട്ടുവയ്ക്കുന്ന വിഷയം ‘യുവജനതയും മാനസികാരോഗ്യവും മാറുന്ന ലോകത്ത്’ എന്നതാണ്.

ശാരീരിക ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തിലുള്ള ജാഗ്രതയും ശ്രദ്ധയും പലപ്പോഴും മാനസികപ്രശ്നങ്ങൾക്ക് ലഭിക്കാറില്ല. മനോരോഗങ്ങളെക്കുറിച്ചുള്ള  അറിവില്ലായ്മയും മനോരോഗികളോടുളള സമൂഹത്തിന്റെ മനോഭാവവും ഇതിനു കാരണങ്ങളാണ്. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിൽനിന്ന് ലഭിക്കുന്ന സ്നേഹവും സുരക്ഷിതത്വവും സൗഹൃദങ്ങൾ നൽകുന്ന ഊഷ്മളതയും കേവലം ജീവനോപാധി എന്നതിലുപരി ചെയ്യുന്ന തൊഴിലിൽനിന്ന് ലഭിക്കുന്ന മാനസികസംതൃപ്തിയും സർവോപരി ദൈനംദിന ജീവിതത്തിലെ സംഘർഷങ്ങളെ നേരിടാനുള്ള സമചിത്തതയും യുവതലമുറയുടെ മാനസികാരോഗ്യത്തിന്റെ സൂചകങ്ങളാണ്. മനോരോഗങ്ങളിൽ പകുതിയോളം യൗവ്വനാരംഭത്തിൽ തുടങ്ങുന്നവയാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കൗമാരത്തിനുവേണം കരുതൽ

ശാരീരികവളർച്ചയ്ക്കൊപ്പം മാനസികവും ബൗദ്ധികവും വൈകാരികവുമായ തലങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്ന പ്രായമായതിനാൽ കൗമാരം പ്രത്യേകശ്രദ്ധയും പരിഗണനയും അർഹിക്കുന്നു. അതിവൈകാരികതയും എടുത്തുചാട്ടവും പരീക്ഷണത്വരയും ഈ പ്രായത്തിൽ സ്വാഭാവികമായി കണ്ടുവരുന്നു. പലരും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനു തുടക്കംകുറിക്കുന്നതും  ഈ പ്രായത്തിലാണ്.

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുക   അനാവശ്യവും വേവലാതികൾ നിറഞ്ഞതുമായ ചിന്തകൾ, അകാരണഭയം ഇവകൊണ്ട‌് ജീവിതത്തിന്റെ നിറം കെടുത്തുന്ന ഉത്കണ്ഠരോഗം, അശുഭചിന്തകളും നിരാശാബോധവും സ്വയംമതിപ്പില്ലായ്മയും ചേർന്ന് ആത്മഹത്യയിലേക്ക് നയിക്കുന്ന വിഷാദരോഗം, സംശയങ്ങളും വിഭ്രാന്തികളും മഥിക്കുന്ന സ്‌കിസോഫ്രീനിയ, വിഷാദത്തിന്റെയും തീവ്രഉന്മാദത്തിന്റെയും പടവുകൾ മാറി മാറി കയറുന്ന ബൈപോളാർ ഡിസോർഡർ..... ഇങ്ങനെ യുവതലമുറയെ ബാധിക്കുന്ന മനോരോഗങ്ങൾ നിരവധിയാണ്. നേരത്തെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതും കൃത്യവും ശാസ്ത്രീയവുമായ ചികിത്സ നൽകുന്നതും ഏറ്റവും പ്രധാനമാണ്.

അതിജീവിക്കാം,  മാനസികസമ്മർദ്ദങ്ങളെ
വ്യക്തിജീവിതത്തിൽ അനുഭവിക്കുന്ന മനോസംഘർഷങ്ങൾ, തീവ്രമനോഭിഘാതങ്ങൾക്ക് കാരണമാകാവുന്ന ദുരന്തങ്ങൾ, വൈകാരികപ്രശ്നങ്ങൾ, തൊഴിൽജന്യ മാനസികപ്രശ്നങ്ങൾ ഇവ അതിജീവിക്കുന്നതിന് എല്ലാവർക്കും സാധിച്ചുവെന്നുവരില്ല. ഭാവിയിൽ തീവ്രമനോരോഗങ്ങളിലേക്ക് നയിക്കാവുന്ന ഇത്തരം പ്രശ്നങ്ങൾ ആവശ്യമെങ്കിൽ വൈദ്യസഹായത്തോടെ പരിഹരിക്കാം.

മനോസംഘർഷങ്ങൾ ശാരീരികരോഗങ്ങൾക്കും നിദാനമാകുന്നുവെന്നതിനാൽ ഏറെ ശ്രദ്ധ ഇക്കാര്യത്തിൽ വേണം. വിശ്രമം, വ്യായാമം, വിനോദം എന്നിവയ‌്ക്കു സമയം കണ്ടെത്തുന്നതും സൗഹൃദങ്ങൾക്കും കുടുംബബന്ധങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം നൽകുന്നതും മനോസംഘർഷങ്ങൾക്ക് ഒരുപരിധിവരെ അയവു നൽകുന്നു.

വേണം മനസ്സിനും പരിചരണം

ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങൾ രോഗകാരണമാകുന്നതുപോലെ ഉള്ളിലുള്ള നിഷേധവികാരങ്ങളും ആത്മസംഘർഷങ്ങളും മനസ്സിനെ രോഗാവസ്ഥയിലേക്ക് നയിക്കുന്നു

പ്രതിരോധം മനോരോഗങ്ങൾക്കും

ഏതൊരു ശാരീരികരോഗത്തിനും നാം പ്രതിരോധമാർഗങ്ങളും മുൻകരുതലുകളും സ്വീകരിക്കാറുണ്ടല്ലോ. മനോരോഗങ്ങളിലും ഈ തത്വങ്ങൾ പ്രായോഗികമാണ്. പാരമ്പര്യമായി മനോരോഗചരിത്രമുള്ളവർ, തീവ്രമാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർ, വ്യക്തിജീവിതത്തിൽ അടുത്തകാലത്തായി ദുരന്തങ്ങൾ നേരിട്ടവർ, സമൂഹത്തിൽ ഒറ്റപ്പെട്ടുജീവിക്കേണ്ടിവരുന്നവർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ ഇവരുടെ പിന്തുണ ലഭിക്കാത്തവർ... ഒക്കെ ഇത്തരത്തിൽ പരിഗണിക്കപ്പെടേണ്ടവരാണ്. മനോരോഗപ്രതിരോധം അഥവാ പ്രിവന്റീവ് മെന്റൽ ഹെൽത്ത് എന്ന ആശയം ഇനിയും മനോരോഗചികിത്സയിൽ വേണ്ടത്ര ആഴത്തിൽ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടില്ല.

കോപം, സങ്കടം, ഭയം മുതലായ വൈകാരിക പ്രശ്നങ്ങൾ പങ്കുവയ്ക്കാനും പരിഹരിക്കാനും സാഹചര്യം ലഭിക്കുന്നത് മാനസികാരോഗ്യത്തിനു വളരെ നല്ലതാണ്. ആധുനികകാലത്തെ തിരക്കുപിടിച്ച ജീവിതശൈലിയും മത്സരാധിഷ‌്ഠിത മാനസികാവസ്ഥയും മനോരോഗനിദാനങ്ങൾതന്നെ.

മാനസികാരോഗ്യം ഗർഭിണികളിൽ

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ മാനസികാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അമ്മ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ കുഞ്ഞിന്റെ ശരിയായ  വളർച്ചയെയും മാനസികഭാവങ്ങളെയും വിപരീതമായി ബാധിക്കാം.അതുകൊണ്ടുതന്നെ മനോരോഗപ്രതിരോധം കണക്കിലെടുത്ത് ഗർഭിണികളിൽ സംഘർഷരഹിതവും ഉല്ലാസപ്രദവുമായ മാനസികാവസ്ഥ വളരെ പ്രാധാന്യമുള്ളതാണ്.

മനോരോഗപ്രതിരോധം

ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും അപരന് അഹിതമായ ഒരു പ്രവൃത്തിയും ചെയ്യാതിരിക്കാൻ നിർദേശിക്കുമ്പോൾ മികച്ച വ്യക്തിബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രസക്തി കൂടുന്നു .  ശരിയായ ഉറക്കം,  നല്ല ആഹാരശീലങ്ങൾ, ലൈംഗികത എന്നിവ ജീവിതത്തെ  താങ്ങിനിർത്തുന്ന തൂണുകളായി  കണക്കാക്കുന്നു. ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഇവ വളരെ പ്രാധാന്യമർഹിക്കുന്നു.

നല്ല മാനസികാവസ്ഥ പ്രദാനം ചെയ്യുന്നതിനുള്ള അനേകം നിർദേശങ്ങൾ ആചാരരസായനങ്ങൾ എന്നപേരിൽ ആയുർവേദം മുന്നോട്ടു വയ്ക്കുന്നു. ധാർമികതയും വൈകാരിക സന്തുലനവും പാലിക്കുവാനും  ലഹരിവസ്തുക്കൾ, അസാൻമാർഗികജീവിതശൈലി ഇവ പാടെ ഉപേക്ഷിക്കാനും മനസ്സിനെ നിർമലമാക്കി സൂക്ഷിക്കുന്നതരം ആഹാരവസ്തുക്കൾ നിത്യശീലമാക്കാനും മനസ്സിനെ അമിതമായി കീഴ്പ്പെടുത്തുന്ന പ്രലോഭനങ്ങളിൽനിന്നു ബുദ്ധിപൂർവം വിട്ടുനിൽക്കാനും ആചാരരസായനങ്ങളിലൂടെ അനുശാസിക്കുന്നു. വർത്തമാനകാല യുവജനതയുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ ഈ തത്വങ്ങൾ വളരെ പ്രസക്തമാണ്.

(കണ്ണൂർ ചപ്പാരപ്പടവ് ഗവ. ഡിസ്പൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top