27 July Saturday

സ്തനാര്‍ബുദം ബോധവൽക്കരണം പ്രധാനം

ഡോ. പി എം ഷൗഫീജ്Updated: Sunday Jul 24, 2022

സ്‌തനാർബുദ ബാധിതരുടെ എണ്ണം പൊതുവിൽ വർധിച്ചുവരുന്നതായാണ്‌ കണക്കുകൾ. അതുകൊണ്ടുതന്നെ നേരത്തെ  രോഗനിർണയം നടത്തി ചികിത്സ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനവും. വിപുലമായ  ബോധവൽക്കരണം ഈ രംഗത്ത്‌ ഉണ്ടാകേണ്ടതുണ്ട്‌.  പുകവലി, മദ്യപാനം, പുകയില ഉപയോഗം തുടങ്ങിയ ശീലങ്ങൾ സ്‌തനാർബുദ സാധ്യതകൾ വർധിപ്പിക്കും. ഒപ്പംഅമിതവണ്ണവും വ്യായാമമില്ലാത്ത ജീവിതശൈലിയും രോഗകാരണമാണ്‌.  
ഗ്രാമപ്രദേശങ്ങളിൽ ബോധവൽക്കരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്‌.  പരിശോധനകൾക്ക്‌ വിമുഖത കാട്ടുന്നവർ ഏറിയപങ്കും ഗ്രാമീണ മേഖലകളിൽ ഉള്ളവരാണ്‌.

ആർത്തവ വിരാമം സംഭവിച്ച സ്‌ത്രീകളിൽ സ്‌തനാർബുദ സാധ്യത കൂടുതൽ  ഉള്ളതായി ആരോഗ്യവിദഗ്‌ധർ പറയുന്നു. ഇത്തരമൊരു സാഹചര്യം കണക്കിലെടുത്ത് നേരത്തെയുള്ള സ്‌ക്രീനിങ്ങും രോഗനിർണയവും വളരെ പ്രധാനം. നേരത്തെതന്നെ രോഗനിർണയം നടത്തിയാൽ മുഴകൾ, വേദന, സിസ്റ്റിക് സ്വല്ലിങ് എന്നിവയിലൂടെ വെളിവാകുന്ന ഫൈബ്രോ സിസ്റ്റിക്‌ ബ്രെസ്റ്റ്സ് പോലെയുള്ള രോഗാവസ്ഥകൾ കണ്ടുപിടിക്കാനാകും.  ചികിത്സാവിധികൾ തീരുമാനിക്കുന്നതിനും ഇത്‌ സഹായകമാകും.

 ഈ രോഗാവസ്ഥകൾ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നവയാണ്‌. കൂടാതെ സ്‌തനങ്ങളിൽ അസാധാരണ മുഴകൾ, ചർമവ്യതിയാനം, എഡിമ, നിപ്പിൾ ഡിസ്ചാർജ് തുടങ്ങിയവ സംഭവിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. ഈ ലക്ഷണങ്ങൾ  ഉണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ ഉപദേശം തേടണം.

സാധ്യതകൾ ഇല്ലാതാക്കാൻ


സ്‌തനാർബുദ സാധ്യതകൾ ഇല്ലാതാക്കാൻ ആരോഗ്യപരമായ ജീവിതശൈലി അനിവാര്യമാണ്‌. പുകവലി, മദ്യപാനം, പുകയില ഉപയോഗം തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കണം.  പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തണം. കുറഞ്ഞത് 20 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യണം.    
സ്‌തനാർബുദ ചികിത്സയിലുള്ള  സ്‌ത്രീകൾക്ക് കുടുംബത്തിന്റെ പൂർണപിന്തുണയും സാന്ത്വനവും അത്യാവശ്യമാണ്. ഇതിലൂടെ രോഗിയുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാനും ഒപ്പം കീമോതെറാപ്പി മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ അവരെ മാനസികമായി ബാധിക്കാതിരിക്കാനും സഹായമാകും. 45നും 70നും ഇടയ്ക്കു പ്രായമുള്ള എല്ലാ സ്‌ത്രീകളും വർഷംതോറും സ്വയംപരിശോധന, സ്ക്രീനിങ് മാമ്മോഗ്രാം എന്നിവ  നടത്തണം.

(കോഴിക്കോട് അമേരിക്കൻ ഓങ്കോളജി
ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഓങ്കോളജി കൺസൽട്ടന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top