സോഷ്യൽ മീഡിയയിൽ തരംഗമായി 'നാനോ ബനാന' ട്രെൻഡ്

സൺ പിക്ചേഴ്സ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം
സോഷ്യൽ മീഡിയ ട്രെൻഡുകൾ ഫോളോ ചെയ്യുന്ന ഒരാളാമോ നിങ്ങൾ? ഇനി അങ്ങനെ അല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സ്ഥിരം സ്ക്രോളിംങ്ങിലൂടെയെങ്കിലും നാനോ ബനാന ട്രെൻഡ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. എന്താണ് നാനോ ബനാന? അറിയാം.
ഗൂഗിൾ ജമിനിയുടെ ഒരു എ ഐ മോഡലാണ് നാനോ ബനാന. കഴിഞ്ഞ മാസമാണ് ഗൂഗിൾ ജെമിനി ആപ്പിൽ നാനോ ബനാന എന്ന എഐ ഇമേജ് എഡിറ്റിംഗ് ടൂൾ പുറത്തിറക്കിയത്. എ ഐ മോഡലിലൂടെ സാധാരണ ഫോട്ടോകൾ ഹൈപ്പർ-റിയലിസ്റ്റിക് 3D ചിത്രങ്ങളാക്കി മാറ്റാം.
ഗൂഗിളിന്റെ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ടൂൾ ഉപയോഗിച്ചാണ് എ ഐ മോഡൽ പ്രവർത്തിക്കുന്നത്. ടൂൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ഫോട്ടോകളിൽ നിന്ന് മിനിയേച്ചറുകൾ സൃഷ്ടിക്കാൻ കഴിയും. മുഖഭാവങ്ങൾ, വസ്ത്രങ്ങൾ, പശ്ചാത്തല ഘടകങ്ങൾ എന്നിവ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന തരത്തിലാണ് ഫിഗറുകൾ രൂപപ്പെടുക. പ്രോമ്പ്റ്റുകൾക്കനുസരിച്ച് ചിത്രങ്ങൾ രൂപപ്പെടുത്തിയെടുക്കാം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സെലിബ്രിറ്റികളും അവരുടെ ചിത്രങ്ങളുടെ 3D പതിപ്പുകൾ പങ്ക് വച്ചതോടെ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ് നാനോ ബനാന മോഡൽ. ജെമിനി ആപ്പ് എ ഐ മോഡൽ ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 10 ദശലക്ഷം ഡൗൺലോഡുകൾ കടന്നതായി ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വാർഡ് എക്‌സിൽ കുറിച്ചു.
വളർത്തുമൃഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഐക്കോണിക് വ്യക്തിത്വങ്ങളുടെയും 3D ഡിജിറ്റൽ പ്രതിമകൾ സൃഷ്ടിക്കുന്നതാണ് ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുന്നത്. സൗജന്യവും താരതമ്യേന ലളിതവുമായ എ ഐ മോഡലിന്റെ ഫീച്ചറാണ് അതിനെ ജനപ്രിയമാക്കിയിരിക്കുന്നത്. എ ഐ ടൂൾ ഉപയോഗിച്ച് ഇതിനകം 200 ദശലക്ഷത്തിലധികം ചിത്രങ്ങൾ സൃഷ്ടിക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഗൂഗിൾ പറഞ്ഞു.
ഇന്റർനെറ്റ് ആക്‌സസ് ഉള്ള ആർക്കും ഗൂഗിൾ എഐ സ്റ്റുഡിയോ വഴി ടൂൾ ഉപയോഗിക്കാം. യഥാർഥ പ്രതിമകളെപോലെയോ, കളിപ്പോട്ടങ്ങൾ പോലെയോ തോന്നിപ്പിക്കുന്നതിനാൽ കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്രെൻഡിനെ സമീപിക്കുന്നത്.
ഗിബിലി ഇമേജുകൾക്ക് ശേഷം തരംഗമാകുന്ന എഡിറ്റിങ് സംവിധാനമാണ് ഗൂഗിൾ എഐ സ്റ്റുഡിയോയുടെ നാനോ ബനാന മോഡൽ. സോഷ്യൽ മീഡിയ ഫീഡുകൾക്ക് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയതിനാൽ ഇൻസ്റ്റഗ്രാം, എക്സ്, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലൂടെ നാനോ ബനാന കൂടുതൽ ആളുകളിലേക്ക് എത്തിയിരിക്കുകയാണ്.









0 comments