'ദേശീയപാത സർവെ നിർത്തിവെക്കണം'; ലീഗ് നേതാവിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗതരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ പോകുന്ന കാസർകോട്– തിരുവനന്തപുരം ദേശീയപാത 66ന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ദേശീയപാതയ്ക്കെതിരെ സമരം ചെയ്ത ലീഗ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ദേശീയപാത സർവെ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുൻ വേങ്ങര എംഎൽഎ കെ എൻ എ ഖാദർ കലക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിന്റെ ചിത്രമാണ് വീണ്ടും ചർച്ചയായത്.
'ഇങ്ങളവിടെ ഇരുന്നോളീം സാഹിബേ.. പിണറായി പരിപാടി തീർത്തു..', 'കുത്തിത്തിരിപ്പ് എന്ന് വായിച്ചു പോയത് ഞാൻ മാത്രമാണോ ...?', 'ദേശീയ പാതയുടെ പണി കഴിഞ്ഞു. ഇനി എണീറ്റു പൊയ്ക്കോളൂ', 'എന്നിട്ട് എന്തായി ദേശീയപാത പോയോ' എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴിൽ വരുന്നത്.
എൽഡിഎഫ് സർക്കാറിന്റെ നേതൃത്വത്തിൽ ദേശീയപാത പൂർത്തിയാവുമെന്ന് ഉറപ്പായതോടെ ദേശീയപാത വികസനത്തിൽ സംസ്ഥാനത്തിന് പങ്കില്ലെന്ന് വരുത്തി തീർക്കാൻ പി കെ കുഞ്ഞാലിക്കുട്ടിയടക്കം ശ്രമിച്ചിരുന്നു. ദേശീയ പാത ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ റോഡാണെന്നാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിൽ ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെ പറഞ്ഞത്.
ദേശീയപാത വികസനത്തിന് രാജ്യത്ത് ആദ്യമായി ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം ചെലവഴിച്ചിരുന്നു. ഇതിനായി സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കൈമാറിയത് 5580.73 കോടി രൂപയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പദ്ധതിക്കാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജീവൻവച്ചത്. 57815 കോടി രൂപ ചെലവിട്ട് ആറുവരിയായി ദേശീയപാത നിർമിക്കുന്നത് സിഗ്നലുകളില്ലാതെയാണ്.
അതേസമയം ദേശീയപാത 66 2025 അവസാനം പദ്ധതി പൂർത്തിയാകും.19 സ്ട്രെച്ചിലാണ് നിർമാണം പുരോഗമിക്കുന്നത്. 100 കിലോമീറ്ററാകും പരമാവധി വേഗപരിധി. ആറുവരിപ്പാതവഴി തിരുവനന്തപുരംമുതൽ കൊച്ചിവരെ മൂന്ന് മണിക്കൂറിനുള്ളിൽ എത്താം. തിരുവനന്തപുരംമുതൽ കാസർകോട് വരെ യാത്രയ്‌ക്ക് ഒമ്പതുമണിക്കൂർ മതിയെന്നും ദേശീയപാതാ അധികൃതർ പറയുന്നു. 701. 451 കിലോമീറ്റർ ദേശീയപാതയിൽ 580 കിലോമീറ്റർ നിർമാണം പൂർത്തിയായി. നിർമാണവേഗം കൂട്ടാനും സുരക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളയിൽ ദേശീയപാത അതോറിറ്റി അധികൃതരുമായി യോഗം ചേരുന്നുണ്ട്.
നീലേശ്വരം ടൗൺ ആർഒബി, ഇടപ്പള്ളി-വൈറ്റില–അരൂർ, കാരോട്– മുക്കോല, മുക്കോല –കഴക്കൂട്ടം, കഴക്കൂട്ടം ആകാശപാത, തലശേരി – മാഹി ബൈപാസ്, മൂരാട്- പാലോളി പാലം എന്നിങ്ങനെ ഏഴ് സ്ട്രെച്ചുകളിൽ നിർമാണം പൂർത്തിയായി. ദേശീയപാത അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം രാമനാട്ടുകര–വളാഞ്ചേരിയിലെ നിർമാണം 95 ശതമാനവും വളാഞ്ചേരി – കാപ്പിരിക്കാട് സ്ട്രെച്ചിന്റെ നിർമാണം 96 ശതമാനവും പൂർത്തിയായി. ഒപ്പം 400 മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കുന്നുണ്ട്.
0 comments