കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് സഹായമായി ലോകകേരളസഭ; കുറിപ്പ് പങ്കുവച്ച് ജോൺ ബ്രിട്ടാസ് എംപി

തിരുവനന്തപുരം : കേരളത്തിലെ പ്രതിപക്ഷം തുടർച്ചയായി അവഗണിക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിക്കുന്ന പദ്ധതിയായ ലോക കേരള സഭ എന്നും പ്രവാസികൾക്ക് താങ്ങാവുന്നതിന്റെ അനുഭവം പങ്കുവച്ച് ജോൺ ബ്രിട്ടാസ് എംപി. കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാൻ ലോക കേരള സഭാംഗങ്ങൾ നടത്തിയ ഇടപെടലും ഇതിനെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്തയും എംപി പങ്കുവച്ചു.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതിനാൽ പാകിസ്താനിലെ കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെയാണ് ലോക കേരള സഭ അംഗമായ മണിക്കുട്ടൻ എടക്കാട്ടുവഴി നോർക്ക റൂട്സുമായി ബന്ധപ്പെടുത്തിയത്. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ആദ്യം കൊളംബോയിലേക്കും പിന്നീട് ഇന്ത്യയിലേക്കും എത്തിക്കുകയുമായിരുന്നു. സംസ്ഥാന സർക്കാരിന്റെ എല്ലാ ജനക്ഷേമ പദ്ധതികളെയും രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്ന പ്രതിപക്ഷം ഇനിയെങ്കിലും ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങളെ തിരിച്ചറിയണമെന്നും എംപി ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ പ്രതിപക്ഷം തുടർച്ചയായി അവഗണിക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിക്കുന്ന പദ്ധതിയാണ് ലോക കേരള സഭ. ഇടതു സർക്കാർ ആവിഷ്കരിച്ച പദ്ധതി എന്നതുകൊണ്ട് മാത്രം ഇതിനെ പ്രതിപക്ഷം നിരന്തരം ബഹിഷ്കരിക്കുകയാണ്. എന്നാൽ, ഈ ബഹിഷ്കരണ നാടകങ്ങൾക്കിടയിലും ലോക കേരള സഭ പ്രവാസികൾക്ക് എന്നും താങ്ങും തണലുമാകുന്നു എന്നതാണ് യാഥാർത്ഥ്യം.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതിനാൽ പാകിസ്താനിലെ കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ചതാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. അസർബൈജാനിലെ ബാകുവിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്ത കുടുംബമാണ് കറാച്ചിയിൽ കുടുങ്ങിയത്. ലോക കേരള സഭ അംഗമായ മണിക്കുട്ടൻ എടക്കാട്ടുവഴിയുടെ ഇടപെടലിലൂടെ ഇവർ നോർക്ക റൂട്സുമായി (NORKA Roots) ബന്ധപ്പെടുകയും, തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ആദ്യം കൊളംബോയിലേക്കും പിന്നീട് ഇന്ത്യയിലേക്കും എത്തിക്കുകയുമായിരുന്നു.
സംസ്ഥാന സർക്കാരിന്റെ എല്ലാ ജനക്ഷേമ പദ്ധതികളെയും രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്ന പ്രതിപക്ഷം ഇനിയെങ്കിലും ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങളെ തിരിച്ചറിയണം. ഇതോടൊപ്പം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത വാർത്തയും ചേർക്കുന്നു










0 comments