അടിയന്തിരാവസ്ഥ നിലമ്പൂരിൽ ചർച്ചയാവട്ടെ; അശോകൻ ചെരുവിൽ

എം വി ഗോവിന്ദന്റെ അഭിമുഖത്തെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണെങ്കിലും അടിയന്തിരാവസ്ഥക്കാലം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുന്നത് നല്ലതാണെന്ന് എഴുത്തുകാരൻ അശോകൻ ചെരുവിൽ. നാവരിയപ്പെട്ട് മൂകതയുടെ പടുകുഴിയിൽ തള്ളപ്പെട്ട ഒരു ജനത തങ്ങളുടെ ജീവിതാസക്തി കൊണ്ടും ജനാധിപത്യബോധം കൊണ്ടും തിരിച്ചു കയറിവന്നതിന്റെ കഥയാണത്. പ്രത്യേകിച്ചും ഈ അമ്പതാംവർഷത്തിൽ അടിയന്തിരാവസ്ഥ വ്യാപകമായി സ്മരിക്കപ്പെടുന്ന ഈ 2025 ജൂൺ മാസത്തിൽ. ഇന്നത്തെ നവഫാസിസ്റ്റ് ഭീകരതയെ പ്രതിരോധിക്കുന്ന ജനതക്ക് വലിയൊരവലംബമാവും അത്.
തിരിഞ്ഞു നോക്കുമ്പോൾ അടിയന്തിരാവസ്ഥ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ പാതകം ആർഎസ്എസ്എന്ന ഫാസിസ്റ്റ് സംഘടനക്ക് സമൂഹമധ്യത്തിലേക്ക് തിരിച്ചുവരാൻ സംഗതിയുണ്ടാക്കി എന്നതാണെന്നും ഫേസ് ബുക്കിൽ അദ്ദേഹം കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
അടിയന്തിരാവസ്ഥ നിലമ്പൂരിൽ ചർച്ചയാവട്ടെ.
എം.വി.ഗോവിന്ദൻ മാസ്റ്റരുടെ അഭിമുഖത്തെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണെങ്കിലും അടിയന്തിരാവസ്ഥക്കാലം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുന്നത് നല്ലതാണ്. നാവരിയപ്പെട്ട് മൂകതയുടെ പടുകുഴിയിൽ തള്ളപ്പെട്ട ഒരു ജനത തങ്ങളുടെ ജീവിതാസക്തി കൊണ്ടും ജനാധിപത്യബോധം കൊണ്ടും തിരിച്ചു കയറിവന്നതിൻ്റെ കഥയാണത്. പ്രത്യേകിച്ചും ഈ അമ്പതാംവർഷത്തിൽ അടിയന്തിരാവസ്ഥ വ്യാപകമായി സ്മരിക്കപ്പെടുന്ന ഈ 2025 ജൂൺ മാസത്തിൽ. ഇന്നത്തെ നവഫാസിസ്റ്റ് ഭീകരതയെ പ്രതിരോധിക്കുന്ന ജനതക്ക് വലിയൊരവലംബമാവും അത്.
തിരിഞ്ഞു നോക്കുമ്പോൾ അടിയന്തിരാവസ്ഥ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ പാതകം ആർ.എസ്.എസ്. എന്ന ഫാസിസ്റ്റ് സംഘടനക്ക് സമൂഹമധ്യത്തിലേക്ക് തിരിച്ചുവരാൻ സംഗതിയുണ്ടാക്കി എന്നതാണ്. ദേശീയപ്രസ്ഥാനം നൽകിയ മാനവികമൂല്യങ്ങൾ പാടെ ഉപേക്ഷിച്ച് ഫാസിസ്റ്റ് രൂപം സ്വീകരിച്ച് മനുഷ്യനെ ചവിട്ടിയരക്കുകയാണല്ലോ കോൺഗ്രസ് അന്ന് ചെയ്തത്. അങ്ങനെയുള്ള കോൺഗ്രസും ആർ.എസ്.എസും തമ്മിൽ പിന്നെ എന്താണ് വ്യത്യാസം? ജനാധിപത്യത്തിൻ്റെ വെളിച്ചം കെട്ടുപോയേടത്തേക്ക് കടന്നുവരുന്നത് ഇരുട്ടിൻ്റെ ശക്തികളായിരിക്കും. മഹാത്മജിയുടെ വധത്തെ തുടർന്ന് ജനങ്ങളാൽ വെറുക്കപ്പെട്ട് പിന്തള്ളിപ്പോയ ആർ.എസ്.എസ്. അടിയന്തിരാവസ്ഥയുടെ ഇരുട്ടിൽ പുനർജ്ജനിച്ചു. രാഷ്ട്രീയഹിന്ദുത്വത്തിൻ്റെ ഇന്നത്തെ ജനാധിപത്യക്കശാപ്പിന് മാർഗ്ഗവും മാതൃകയുമായത് 1975-77 ൽ കോൺഗ്രസ് ആണ്. തുർക്ക്മാൻഗേറ്റിൽ ഇന്ദിരാഗാന്ധി ഉപയോഗിച്ച പൗരദ്രോഹത്തിൻ്റെ ബുൾഡോസറാണ് പരിഷ്കരിച്ച് കൂടുതൽ കാര്യക്ഷമമാക്കി നരേന്ദ്രമോദി ഉപയോഗിക്കുന്നത്.
"നാവടക്കൂ പണിയെടുക്കൂ" എന്നാജ്ഞാപിച്ച് രാജ്യത്തെ തടവറയാക്കി മാറ്റിയ കുറ്റത്തിന് ഇതിനകം എപ്പോഴെങ്കിലും കോൺഗ്രസ് പാർടി മാപ്പു ചോദിച്ചിട്ടുണ്ടോ? കക്കയം പോലുള്ള കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഉരുട്ടിക്കൊന്ന് ഭൗതികാവശിഷ്ടം പോലും കാണിക്കാതെ ഉരക്കുഴികളിൽ എറിഞ്ഞുകളഞ്ഞ മക്കളുടെ ആലംബമറ്റ മാതാപിതാക്കളോടെങ്കിലും? തുർക്ക്മാൻഗേറ്റുകളിൽ ബുൾഡോഡറിൽ ചതഞ്ഞുപോയ മനുഷ്യരോടെങ്കിലും? കൂട്ടമായി ആട്ടിത്തെളിച്ച് കൊണ്ടുപോയി നിർബന്ധമായി വന്ധ്യംകരിച്ച ന്യൂനപക്ഷ മതസമൂഹങ്ങളിലെ മനുഷ്യരോടെങ്കിലും?
മാപ്പുപറയാത്ത കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധി നിലമ്പൂരിൽ മത്സരിക്കുന്നുണ്ടല്ലോ. അടിയന്തിരാവസ്ഥ എന്ന ഭീകരകാലം അവിടെ ചർച്ചയാവട്ടെ.
അശോകൻ ചരുവിൽ
18 06 2025









0 comments