'ധൈര്യമുള്ളവർക്കും കീഴടങ്ങാത്തവർക്കും മാത്രമേ ചരിത്രത്തിൽ നിലനിൽക്കാൻ കഴിയൂ': അച്ഛനെ ഓർത്ത് ബിനീഷ് കോടിയേരിയുടെ കുറിപ്പ്

Kodiyeri Balakrishnan.jpg
വെബ് ഡെസ്ക്

Published on Oct 01, 2025, 03:26 PM | 17 min read

കോടിയേരി ബാലകൃഷ്ണൻ ഓർമദിനത്തിൽ മകൻ ബിനീഷ് കോടിയേരിയുടെ വൈകാരിക കുറിപ്പ്. ശക്തർക്കും കീഴടങ്ങുന്നവർക്കും ചിലപ്പോൾ

ജയിക്കാനാവും പക്ഷെ ധൈര്യമുള്ളവർക്കും കീഴടങ്ങാത്തവർക്കും മാത്രമേ ചരിത്രത്തിൽ നിലനിൽക്കാൻ കഴിയൂ എന്നാണ് എൻ്റെ

അച്ഛൻ്റെ ജീവിതസന്ദേശമെന്ന് ബിനീഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


മരണം അവിഭാജ്യമാണെന്ന് അറിഞ്ഞിട്ടും ഭയരഹിതനായി മകൻ്റെ മുന്നിലൂടെ ചിരിച്ച് കൊണ്ട് മരണത്തിലേക്ക് നടന്ന് പോയ ഒരച്ഛൻ്റെ കഥ പറയുന്ന ഇറ്റാലിയൻ ചലചിത്രമുണ്ട്, ഓസ്കാർ അവാർഡ് അടക്കം നേടിയ ആ ചിത്രത്തിൻ്റെ പേര് തന്നെ

വലിയൊരു വൈരുദ്ധ്യമാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ ! റോബെർട്ടോ ബനിഗ്നി ക്ക് ഓസ്കാർ അവാർഡ് നേടി കൊടുത്ത ചിത്രം

നാസി കോൺസെൺട്രേഷൻ ക്യാമ്പിൽ അകപ്പെട്ട് പോയ ഒരച്ഛൻ്റെയും മകൻ്റെയും കഥയാണ് അതിൻ്റെ പ്രമേയം.

ക്യാമ്പിൽ ഉണ്ടാവുന്ന ഒരോ പീഡനവും ഒരോ ഗെയിം ആണെന്നും , ഈ ഗെയിമിൽ വിജയിച്ചാൽ ഒരു യുദ്ധടാങ്ക് സമ്മാനമായി ലഭിക്കുമെന്നും മകനെ വിശ്വസിപ്പിക്കുന്ന അച്ഛൻ ......


മകനെ പട്ടാളം കാണാത്ത ഒരു മെറ്റൽ ബോക്സിനുള്ളിൽ ഒളിപ്പിച്ച് ഇരുത്തിയതിന് പിന്നാലെ നായകനായ ഗ്യൂഡോയെ നാസി പട്ടാളം പിടികൂടും .

താൻ എതാനും നിമിഷങ്ങൾക്ക് അകം കൊല്ലപ്പെടുമെന്ന് അറിയാവുന്ന അച്ഛനും,

അച്ഛൻ ഗെയിം ആണ് കാണിക്കുന്നതെന്ന് കരുതി അച്ഛനെ നോക്കുന്ന മകനും .നാസി പട്ടാളത്തിൻ്റെ തോക്കിൻ മുനയിൽ നിന്ന് അച്ഛൻ മകനെ നോക്കി കണ്ണിറുക്കി ഒരു ചിരി ചിരിക്കുന്നുണ്ട് മകൻ തിരിച്ചും ....


അവസാനം യുദ്ധം ജയിച്ചപ്പോഴേക്കും ആ മകന് തന്റെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു സ്വന്തം ജീവിതം ഹോമിച്ച് യുദ്ധം ജയിപ്പിച്ച ആ അച്ഛൻ മരണത്തിലേക്ക് ചിരിയോടെ നടന്ന് പോയി.

മരണത്തിൻ്റെ മുനമ്പിലും ജീവിതത്തിൻ്റെ കദന ഭാരങ്ങൾ ഒന്നും മകനെ അറിയിക്കാത്ത ആ നായകനെ പോലെയായിരുന്നു എൻ്റെ അച്ഛനും . ഏത് അത്യാപത്തിന് മുന്നിലും ചിരിയോടെയല്ലാതെ കണ്ടിട്ടില്ലാത്ത എൻ്റെ അച്ഛൻ

അച്ഛനായിരുന്നെൻ്റെ ഹീറോ

അച്ഛനായിരുന്നെൻ്റെ ശക്തി

അച്ഛനായിരുനെൻ്റെ സർവ്വസ്വവും

"ജീവിതം ഒരു പോരാട്ടമാണെന്നും

ജീവിതം ഒരു സമരമാണെന്നും "

അച്ഛൻ പറഞ്ഞത് എല്ലാവർക്കുമെന്നത് പോലെ എനിക്കും ബാധകമാണ്.


ശക്തർക്കും കീഴടങ്ങുന്നവർക്കും ചിലപ്പോൾ

ജയിക്കാനാവും പക്ഷെ ധൈര്യമുള്ളവർക്കും കീഴടങ്ങാത്തവർക്കും മാത്രമേ ചരിത്രത്തിൽ നിലനിൽക്കാൻ കഴിയൂ എന്നാണ് എൻ്റെ

അച്ഛൻ്റെ ജീവിതസന്ദേശം ...

കരുത്തനും അസാമാന്യ ധൈര്യശാലിയുമായിരുന്നു എൻ്റെ അച്ഛൻ , മരണത്തെ അച്ഛൻ ഒരിക്കലും പേടിച്ചിട്ടേ ഇല്ല. പേടിയത്രയും ഞങ്ങൾക്ക് ആയിരുന്നു.


എൻ്റെ ചെറുപ്പത്തിൽ ചില രാത്രികളിൽ കോടിയേരിയിലെ ഞങ്ങളുടെ വീട്ടിലെ ഫോൺ നിർത്താതെ ശബ്ദിക്കും . രാത്രിയിൽ എത്തുന്ന അത്തരം ഫോൺ കോളുകൾക്ക് പറയാനുണ്ടാവുക എതെങ്കിലും കൊലപാതക വാർത്തയാവും . അതുവരെ ഞങ്ങളോടൊപ്പം കഥ പറഞ്ഞ് ചിരിച്ച് തമാശകൾ പങ്കിട്ട് കട്ടിലിൽ കിടന്നിരുന്ന അച്ഛൻ്റെ മറ്റൊരു മുഖമാവും പിന്നെ കാണുക. വലിഞ്ഞ് മുറുകി ഗൗരവം തുളുബുന്ന മറ്റൊരു മുഖത്തോടെ അച്ഛൻ വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങും . ഞങ്ങളുടെ വീട്ടിലേക്ക് അന്ന് റോഡില്ല, താഴെ റോഡിൽ നിൽക്കുന്ന വെളുത്ത അംമ്പാസിഡർ കാർ അച്ഛനെയും കയറ്റി പോകുന്നത് ഞങ്ങളും അമ്മയും കണ്ട് നിൽക്കും. കുറച്ച് കഴിയുമ്പോൾ വീടിലേക്ക് പാർട്ടി സഖാക്കൾ ഒരോരുത്തരായി വന്ന് തുടങ്ങും .


ആ വീടിൻ്റെ സുരക്ഷ പിന്നെ അവരുടെ കൈകളിലാണ് .പിറ്റേന്ന് ഞങ്ങൾക്ക് സ്കൂൾ ഉണ്ടാവില്ല എന്നതിനപ്പുറം തലശ്ശേരിയുടെ രാഷ്ട്രീയ സംഘർഷം എന്താണെന്ന് ഒന്നും ഞങ്ങൾക്ക് അറിയാത്ത കാലമാണ് അത്.

പിറ്റേന്ന് കാലത്ത് ആകാശവാണിയിലെ വാർത്തയിലൂടെ അറിയാം അച്ഛൻ ഇപ്പോൾ എവിടെയാണെന്ന് ഉള്ളതെന്ന് .എൻ്റെ ഓർമ്മകളിലെ ആദ്യത്തെ കോടിയേരി ഇങ്ങനെയൊക്കെയാണ്.

പാതിരാത്രിയിൽ ഇറങ്ങി പോവുകയും ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഏതെങ്കിലും ഒരു സമയം കയറി വരികയും ചെയ്യുന്ന കോടിയേരി.


ഒരോ യാത്രയും ഒരു പുറപ്പാട് ആയിരുന്നു, മടങ്ങി വരുമോ എന്ന് ഉറപ്പില്ലാത്ത വഴികളിലൂടെയാണ് അച്ഛൻ സഞ്ചരിച്ചതത്രയും . പാർട്ടി സഖാക്കൾക്ക് നേരെ ആക്രമണം ഉണ്ടായാൽ അതറിയുന്ന മാത്രയിൽ തന്നെ അവിടെയെത്തണം എന്നത് അച്ഛന് നിർബന്ധമാണ്. പോലീസ് വിലക്കിയാലും അച്ഛൻ പോകും .

പന്ന്യന്നൂർ ചന്ദ്രൻ കൊലപ്പെട്ട ദിവസം എനിക്ക് ഇപ്പോഴും നല്ല ഓർമ്മ ഉണ്ട്. അച്ഛൻ അടക്കം ഞങ്ങൾ എല്ലാം അന്ന് ഒരു ബന്ധുവിൻ്റെ കല്യാണമായത് കൊണ്ട് കോടിയേരി വീട്ടിലാണ് , വിലാപയാത്ര വഴിതിരിച്ച് വിട്ട് അച്ഛൻ ഉള്ള സ്ഥലത്ത് കൂടി നടത്താൻ അവർ പ്ലാൻ ചെയ്തത് പെട്ടെന്നാണ്. ജില്ലക്ക് അകത്തും പുറത്തുമുള്ള ആയുധധാരികളായ RSS കാർ വിലാപയാത്രക്ക് ഒപ്പം ഉണ്ട്. ഈ പദ്ധതി എങ്ങനോ അച്ഛന് ചോർന്ന് കിട്ടി. പിന്നെ ഞങ്ങൾ കാണുന്നത് മറ്റൊരു കാഴ്ച്ചയാണ് .


മിനിറ്റുകൾക്ക് ഉള്ളിൽ വീടിൻ്റെ പറമ്പ് നിറയെ പാർട്ടി സഖാക്കൾ എത്തി . റോഡിൽ ഇറങ്ങി കൈ പുറകിൽ കെട്ടി ഒറ്റക്ക് ദൂരേക്ക് നോക്കി നിൽക്കുന്ന അച്ഛൻ്റെ രൂപം ഇന്നും എനിക്ക് ഓർമ്മുണ്ട്. ആ വിലാപയാത്രക്ക് ഒന്നും ചെയ്യുവാൻ സാധിച്ചില്ല

ഈ ചങ്കൂറ്റം ഉണ്ടെങ്കിലെ അന്ന് ജീവിക്കാൻ കഴിയുമായിരുന്നുള്ളു അല്ലെങ്കിൽ കൊല്ലപ്പെടും

പഴയ തലശേരിയിലെ ഏതാണ്ട് എല്ലാ നേതാക്കളും ഇങ്ങനെയൊക്കെ തന്നെയാണ്.

അപാരമായ സാഹസികതയും

അചഞ്ചമായ അർപ്പണബോധവും അനിതരസാധാരണമായ പ്രത്യയശാസ്ത്ര തെളിമയും

അനസൂയവിശുദ്ധമായ സ്നേഹവും

അതുല്യനായ സംഘാടക പാടവവും ഒത്തിണങ്ങിയ ഒരു കമ്മ്യൂണിസ്റ്റായിരുന്നു

എൻ്റെ അച്ഛൻ .


കോൺഗ്രസ് കുടുംബത്തിലാണ് അച്ഛൻ ജനിച്ചത്.അച്ഛൻ്റെ അമ്മാവൻ നാണു നമ്പ്യാർ പക്ഷെ കമ്മ്യൂണിസ്റ്റാണ് .

അമ്മാവൻ ആണ് അച്ഛനിൽ

കമ്മ്യൂണിസത്തിൻ്റെ ആധാരശില പാകുന്നത്.

തലശ്ശേരി ഓണിയൻ സ്കൂളിൽ KSF ൻ്റെ ആദ്യത്തെ യൂണിറ്റ് സെക്രട്ടറിയായിട്ടാണ് അച്ഛൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കാഞ്ഞങ്ങാട് വെച്ച് നടന്ന KSF ജില്ലാ സമ്മേളനത്തിൽ തലശ്ശേരി താലൂക്കിനെ പ്രതിനിധീകരിച്ച് രണ്ട് ബാലകൃഷ്ണൻമാർ പങ്കെടുത്തു, മൂഴിക്കരയിൽ നിന്ന് വന്ന ബാലകൃഷ്ണനും ,ഈങ്ങയിലപ്പീടികയിൽ നിന്ന് വന്ന ബാലകൃഷ്ണനും . മൂഴിക്കരക്കാരൻ ഈങ്ങയിലപ്പീടികയിൽ നിന്ന് വന്ന ബാലകൃഷ്ണനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി .ഇത് കോടിയേരി ബാലകൃഷ്ണൻ !


പേരിന് മുന്നിൽ അച്ഛൻ കൂടെ കൊണ്ട് നടന്ന സ്ഥലനാമം പിന്നീട് അച്ഛന്റെ കൂടി മേൽവിലാസത്തിലായി.

ആദ്യമായി അച്ഛന് Rss കാരുടെ ആക്രമണം ഏൽക്കുമ്പോൾ കഷ്ടി 15 വയസേ ഉള്ളു. SSLC പരീക്ഷ കഴിഞ്ഞ് തിരിച്ച് വരുന്ന വഴി മല്ലേഴ്‌സ് റോഡിൽ വെച്ച് ആർഎസ്എസ് കാർ അച്ഛൻ്റെ തലയടിച്ച് പൊട്ടിച്ചു. ഗുരുതരമായി പരിക്കേൽപിച്ചു, വെറും പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഈ ആക്രമണം.

കുറെ നാൾ ആശുപത്രിയിൽ കിടന്നു. കോൺഗ്രസ് പശ്ചാതലമുള്ള അച്ഛൻ്റെ കുടുംബം അച്ഛനെ മദിരാസിക്ക് അയച്ചു. അവിടെ ബന്ധു ജോലി ചെയ്തിരുന്ന ഒരു ചിട്ടി കമ്പനിയിൽ ജോലിക്ക് ചേർത്തു, ജോലി നോക്കി സമാധാനത്തോടെ ജീവിക്കട്ടെ എന്നേ അവർ കരുതിയുള്ളു , പക്ഷെ ഏതാനും ആഴ്ച്ച കൊണ്ട് പുതിയ ജോലി അച്ഛന് മടുത്തു.


മടങ്ങി വന്ന് പഠനം പുനരാംരംഭിച്ചു

പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ അന്ന് മാഹി പ്രീഡിഗ്രി കോളേജ് ആരംഭിക്കുന്നു, അവിടെ അഡ്മിഷൻ എടുത്ത ശേഷമാണ് അച്ഛൻ്റെ രാഷ്ട്രീയ ജാതകം പ്രിൻസിപ്പാൾ രവീന്ദ്രൻ്റെ കൈയ്യിൽ എത്തുന്നത്. തലശേരിയിലെ DYSP ഓഫീസിൽ നിന്നും കൊടുത്തയച്ച ആ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു.

" ഈങ്ങയിലപ്പീടികയിൽ നിന്നും പഠിക്കാൻ വരുന്ന കോടിയേരി ബാലകൃഷ്ണൻ എന്ന വിദ്യാർത്ഥി കുഴപ്പക്കാരൻ ആണ് അയാളെ സൂക്ഷിക്കണം "

പിന്നീട് പലരും പല തവണ ഇതേ വാക്ക് പരസ്യമായും രഹസ്യമായും എതിരാളികളും ആവർത്തിച്ചിട്ടുണ്ട്

സൂക്ഷിക്കണം അയാളെ !!


കഴിഞ്ഞ ദിവസം പുഷ്പ്പേട്ടൻ്റെ അനുസ്മരണ ദിവസം ആയിരുന്നു. അച്ഛനൊപ്പം പ്രവർത്തിച്ചിരുന്ന നിരവധി പേരെ ഞാനന്ന് അവിടെ കണ്ടു . അച്ഛനൊപ്പം പ്രവർത്തിച്ച ഒരു പഴയ സഖാവ് എന്നോട് പങ്ക് വെച്ച മറ്റൊരു സംഭവകഥ കൂടി പറയട്ടെ

1980കളുടെ തുടക്കത്തിൽ അച്ഛനെ RSS കാർ ഒരു കള്ളക്കേസിൽ കുടുക്കി . കള്ളമൊഴി നൽകി MLAയായ അച്ഛനെ തെറ്റായി കേസിൽപെടുത്തിയതാണ്. മാമ്മൻ വാസു അടക്കമുള്ള സഖാക്കൾ ആ കേസിൽ കൂട്ടൂ പ്രതിയാണ്. അച്ഛൻ ആ കേസിൽ ജാമ്യം എടുത്തിരുന്നു കോടതിയിൽ വിചാരണക്കായി നിൽപ്പുണ്ട്, വിചാരണ ആരംഭിക്കുന്ന ദിവസം മറ്റു എല്ലാവരേയും പോലീസ് വാനിലാണ് തലശ്ശേരി കോടതിയിൽ കൊണ്ടുവന്നത്. അന്നേ ദിവസം മറ്റൊരു കേസിൽ പ്രതികളായ ഒരു സംഘം RSS കാരെയും ജയിലിൽ നിന്ന് സിപിഐ എം പ്രവർത്തകർക്കൊപ്പം ഈ വാനിൽ കയറ്റി. വാനിൽ അകത്തുവെച്ചു ചെറിയ വാക്കുതർക്കം അത് ചെറിയ അടിയിൽ കലാശിച്ചു, ഇതറിഞ്ഞു കോടതി മുറ്റം നിറയെ RSS കാർ തമ്പടിച്ച് നിൽക്കുന്നതിന് നടുവിലേക്കാണ് ഈ വാൻ വന്ന് നിന്നത്. കോടതി വരാന്തയിലേക്ക് കയറ്റുന്നതിനിടയിൽ ആർ എസ് എസുകാർ സഖാക്കളെ വളഞ്ഞു,.


പിന്നെ കാണുന്നത് സൗമ്യനായ അച്ഛൻ്റെ മറ്റൊരു രൂപം ആണ്. അച്ഛൻ മുന്നിൽ വന്ന് നമ്മുടെ സഖാവിന്റെ കയ്യിൽ പിടിച്ചു നടക്കാൻ പറഞ്ഞു. RSSകാർ അച്ഛനൊപ്പം നടക്കുന്ന ആ സഖാവിനെ മുട്ട് കൊണ്ട് ഒന്ന് തട്ടി. ആക്രമണത്തിന് മുതിർന്ന RSSകാരനെ കോളറിന് പിടിച്ച് വലിച്ച് ഇഴച്ച് പോലീസ് ജീപ്പിൻ്റെ അടുത്തേക്ക് കൊണ്ടുപോകുന്ന കോടിയേരിയെ ആണ് പിന്നെ അവിടെ കണ്ടത്.

പോലീസിനെ നോക്കി അലറി കൊണ്ട് അവനെ അറസ്റ്റ് ചെയ്യാൻ ആജ്ഞാപിക്കുന്ന

രംഗം . കോടതി വരാന്തയിൽ അത്രയും

RSS കാർ നോക്കി നിൾക്കെ അവരുടെ കൂട്ടത്തിൽ നിന്നൊരാളെ വലിച്ച് ജീപ്പിനടുത്ത് കൊണ്ടുപോയ കോടിയേരി ബാലകൃഷ്ണൻ്റെ ധൈര്യമാണ് ആ സഖാവ് എന്നോട്ട് വിവരിച്ചത്.


ഏത് ആൾക്കൂട്ടത്തിന് നടുവിലും തലയുയർത്തി നിൾക്കുന്ന കൂസലില്ലായ്മ്മയുടെ മറുപേരായിരുന്നു കോടിയേരി .എൻ്റെ അച്ഛൻ !

കണ്ണൂരിൻ്റെ ചുവന്ന മണ്ണ് സഖാക്കളുടെ ചോര വീണ് ചുമന്ന 80 കളുടെ അവസാനവും 90കളും നിങ്ങൾക്ക് ഓർമ്മയില്ലേ ?

കൊലപാതകങ്ങൾ തുടർക്കഥയായ 90 കളുടെ തുടക്കത്തിൽ പാർട്ടിയെ നയിക്കുക എന്ന അത്യന്തം ശ്രമകരമായ ദൗത്യം അച്ഛനെ പാർട്ടി വിശ്വസിപ്പിച്ച് ഏൽപ്പിച്ചത് ഈ അസാമാന്യമായ സാഹസികതയും അചലഞ്ചലമായ പാർട്ടിക്കൂറും കൊണ്ടാവാം .

ഒരു വശത്ത് ശ്രീ കെ സുധാരകനും ആ അടുത്ത കാലത്ത് അയാൾ ഹൈജാക്ക് ചെയ്ത കണ്ണൂർ DCC യും , മറുവശത്ത് RSS ഉം മംഗലാപുരം മുതൽ നാദാപുരം അതിർത്തി വരെ നീണ്ട അതിൻ്റെ സർവ്വസന്നാഹങ്ങളും , മറ്റൊരു വഴിയിൽ

അടങ്ങാത്ത പകയുമായി വർഗ്ഗശത്രുക്കളും ഇനിയൊരു വഴിയിൽ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ കെ കരുണാകരൻ തയ്യാറാക്കി നിർത്തിയ പോലീസ് അക്ഷഹൗണിയും .അതിൻ്റെ യുദ്ധസമാനമായ വേട്ടയും . ഡിസ്‌ലറി ബിസ്നസിൻ്റെ മറവിൽ കണക്കില്ലാത്ത പണവും , ആയുധങ്ങളും കണ്ണൂരിനെ ചുട്ട് ചാമ്പലാക്കാനുള്ള അത്രയും വെടിമരുന്നും നിറച്ച ലോറികൾ കണ്ണൂരിലേക്ക് ഒഴുകി. നാഗ്പൂർ ട്രെയിനിംഗ് ക്യാമ്പിൽ നിന്ന് ആയോധനമുറകൾ പഠിച്ച പേരറിയാത്ത പ്രചാരകൻമാർ കണ്ണൂരിൻ്റെ ഗ്രാമങ്ങളിൽ തമ്പടിച്ചു.


പൊതുശത്രുവിനെ ഇല്ലാതാക്കാൻ ഇരുപക്ഷവും

ആളും , ആയുധവും പരസ്പരം കൈമാറി .

രാഷ്ട്രീയ മേൽകോയ്മ ഉറപ്പിക്കാൻ

സഹകരണ ബാങ്കുകളേയും സഹകരണ ആശുപത്രികളെയും ആദ്യം ആക്രമിക്കുക എന്നതായിരുന്നു ശ്രീ കെ. സുധാകരൻ്റെ യുദ്ധതന്ത്രം. ക്ഷേത്രമുറ്റത്ത് നിങ്ങൾ നടത്തുന്ന ശാഖകൾക്ക് ഞങ്ങളും ഞങ്ങളുടെ പോലീസും കാവൽ നിൽക്കും പകരം പിണറായി , കോടിയേരി , ഇ.പി ജയരാജൻ ഇവരിൽ ആരുടെയെങ്കിലും മൃതശരീരം നിങ്ങൾ പകരം തരണം.


ഗ്രാമങ്ങളെ അശാന്തമാക്കി ആയുധപരീശീലനവും ബോംബ് നിർമ്മാണവും അഭംഗുരം അരങ്ങേറി.

മഹത്തായ പയ്യന്നൂർ സമ്മേളനത്തിൻ്റെ, ഉപ്പ് കുറുക്കലിൻ്റെ പാരമ്പര്യം ഉള്ള കണ്ണൂർ DCC ഓഫീസിനുള്ളിൽ പോലും ബോംബ് നിർമ്മാണം ആരംഭിച്ചു. കണ്ണൂരിൻ്റെ കോൺഗ്രസിൻ്റെ നൈർമല്യമുള്ള മുഖമായിരുന്ന പാമ്പൻ മാധവനെക്കാൾ പഞ്ചാബിലെ

ഭിന്ദ്രൻവാലയയിൽ നിന്നാണെന്ന് തോന്നുന്നു അന്നത്തെശ്രീ കെസുധാകരന്റെനേതൃത്വത്തിലുള്ള കോൺഗ്രസ്‌ ആവേശം ഉൾക്കൊണ്ടിരുന്നത്.

സംവാദത്തിൻ്റെ വഴി അന്യമായ അദ്ദേഹത്തിന് ഒരു ഭാഷ മാത്രമേ അറിയുമായിരുന്നുള്ളു ! അക്രമം

മരണം ഒരോ കമ്മ്യൂണിസ്റ്റുകാരുടെയും സഹയാത്രികനായി തുടങ്ങിയ കാലം .


ഒന്നുകിൽ സർവ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുക , അല്ലെങ്കിൽ നിർദാക്ഷ്യണ്യം

ചത്ത് വീഴുക . ഇതായിരുന്നു അച്ഛൻ നേതൃത്വം ഏറ്റെടുക്കുമ്പോൾ ഉള്ള അവസ്ഥ

നടാലിലെ റെയിൽവേ ഗേറ്റിന് അടുത്ത് വെച്ച്

അച്ഛന് നേരെ പാളി പോയ ഒരു വധശ്രമം ഉണ്ടായി.


കെ സുധാകരൻ തീറ്റി പോറ്റുന്ന ഒരു സംഘം അച്ഛൻ്റെ കാറിനെ പിൻതുടർന്ന് എത്തി . കണ്ണൂർ ഡിസിയുടെ

പരിചയസമ്പന്നനായ ഡ്രൈവർ തമ്പാൻ്റെ കാറോട്ടവേഗതക്ക് മറികടക്കാൻ പിന്നാലെയെത്തിയ

സംഘത്തിന് കഴിഞ്ഞില്ല. നടാലിലെ റെയിൽവേ ഗേറ്റിന് അടുത്ത് വെച്ച് സഖാക്കൾ രൂക്ഷമായ കല്ലേറ് നടത്തിയതോടെ ബോംബറിഞ്ഞ് അക്രമികൾ രക്ഷപ്പെട്ടു. ഇരട്ടി ചെറുപുഴയിൽ വെച്ച് നടന്ന ആദ്യ ശ്രമം പരാജയപ്പെട്ടിട്ട് ദിവസങ്ങൾക്ക് ഉള്ളിലായിരുന്നു നടാലിൽ വെച്ച് നടന്ന രണ്ടാം ശ്രമം.


അന്നൊക്കെ ഏത് നിമിഷവും എന്തും സംഭവിക്കാം. എപ്പോൾ വേണമെങ്കിലും സഖാക്കൾ കൊല്ലപ്പെടാം

ഊണ് കഴിക്കാൻ തിങ്ങി നിറഞ്ഞൊരു ഹോട്ടൽ മുറിയിലേക്ക്....

ഓടുന്ന കാറിൻ്റെ പെട്രോൾ ടാങ്ക് ലക്ഷ്യമാക്കി...

വരാന്തയിലിരിക്കുന്ന ഇരിക്കുന്ന നിരപരാധിയായ മാർക്സിസ്റ്റുകാരന് നേർക്ക്...

ജോലി സ്ഥലത്ത് ,ആശുപത്രിയിൽ , സിനിമാ ടാക്കീസിൽ , ഉൽസവ പറമ്പിൽ ,കല്യാണ വീട്ടിൽ

ഓടുന്ന ബസിൽ , എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം ..


മാർക്സിസ്റ്റുകാരുടെ കൊലപാതകങ്ങൾ

റിപ്പോർട്ട് ചെയ്യുമ്പോൾ പത്രങ്ങൾ പുലർത്തിയ അസാധാരണമായ മിതത്വവും , ഒച്ചിഴയുന്ന വേഗത്തിലുള്ള പത്രപ്രവർത്തകരുടെ അന്വേഷണ പാടവവും, ഊഴം പോലെ നീക്കിവെക്കുന്ന കഷ്ടി രണ്ട് കോളം വാർത്തയും . കണ്ണൂരിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരു പ്രവർത്തകൻ്റെ ജീവിതത്തിന് പത്രങ്ങൾ നൽകിയ വില ആ രണ്ട് സെൻ്റിമീറ്ററിൻ്റെ വിലയായിരുന്നു .

അതിനടുത്ത ദിവസം മുതൽ മാർക്സിസ്റ്റ് അക്രമത്തിൻ്റെ സചിത്ര വിവരങ്ങൾ ഉള്ള

പത്രങ്ങളുടെ അധികം അച്ചടിച്ച കോപ്പികൾ

കണ്ണൂരിലെ പീടിക വരാന്തയിലെ ചണനൂലിൽ തൂങ്ങി കിടക്കും. ബ്യൂറോയിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറൻമാർ എടുത്ത ഷാർപ്പ് ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ , സ്വന്തം ലേഖകൻ

സംഭവ സ്ഥലത്ത് നിന്ന് തയ്യാറാക്കിയ കണ്ണീർകഥകൾ

സംഭ്രമജനകമായ ദൃക്സാക്ഷിവിവരണങ്ങൾ , വിലാപയാത്രയുടെ എരിയൽ വ്യൂ ഫോട്ടോസ് .


ബന്ദിന് അടഞ്ഞ് കിടക്കുന്ന കണ്ണൂർ മാർക്കറ്റിൻ്റെ ചിത്രം എല്ലാമുള്ള സമഗ്ര പാക്കേജ് ഉള്ള പത്രം കണ്ടാൽ ആരും മാർക്സിസ്റ്റുകാരെ വെറുത്ത് പോകും. പിന്നാലെ കളക്ടർ വിളിക്കുന്ന സർവ്വകക്ഷി സമാധാന കമ്മറ്റി എന്ന പൊറാട്ട് നാടകം , പുത്തൻ ക്കൂറ് കോൺഗ്രസുകാരുടെ തള്ളികയറ്റത്തിൽ അപ്രസക്തനായി പോയ ഏതെങ്കിലും പഴയ ഒരു ഗാന്ധിയൻ്റെ കളക്ട്രേറ്റ് പടിക്കലെ ഉപവാസം ,തിരുവനന്തപുരത്തെ ആദർശ ധീരൻ്റെ മാർക്സിസ്റ്റ് അക്രമമുറവിളി പിന്നാലെയുള്ള പ്രാക്ക്

തൊന്നൂറുകളുടെ ആദ്യ പകുതിയിൽ

രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള രണ്ട് തരം നീതി ഇതായിരുന്നു.


"ഞാൻ ഇന്നൊരു മാർക്സിസ്റ്റുകാരനെ കൊന്നിട്ടാണ് ഈ യോഗത്തിൽ വന്ന് പ്രസംഗിക്കുന്നതെന്ന്" ഒരാൾ വീരസ്യം പറഞ്ഞാൽ കൈയ്യടിക്കാൻ ആളുണ്ടായിരുന്ന കാലം ആണത്

മാർക്സിസ്റ്റ്കാരൻ ചത്താൽ പുല്ല് വിലപോലും പത്രങ്ങൾ നൽകാത്ത കാലം

കൊല്ലപ്പെടുന്നത് മാർക്സിസ്റ്റുകാരനാണെങ്കിൽ ഇൻക്വസ്റ്റ് മുതൽ തുടങ്ങും അട്ടിമറി . തെളിവും രേഖയും കീഴ്മേൽ മറിയും .കൊല്ലപ്പെട്ടയാൾ മരിക്കും മുൻപ് കൊടുത്ത മരണമൊഴിയിൽ പറഞ്ഞ കൊലപാതകികൾ എല്ലാം 'അലീബി' യാവും.

ദിവസങ്ങൾക്ക് മുൻപെ അവർ നാട്ടിലില്ല എന്നതിന്

തെളിവ് വരും. ലൈസെൻസ് ഇല്ലാത്ത തോക്ക് പൊട്ടി

ആൾ മരിച്ചാൽ കുറ്റമേൽക്കാൻ പോലീസ് യൂണിഫോം ഇട്ട കോൺഗ്രസുകാരൻ തന്നെ തൻ്റെ സർവ്വീസ് റിവോൾവറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാവും. കൊലപാതകികൾ മന്ത്രി മന്ദിരങ്ങളിലും ഒളിച്ച് പാർക്കും. അവർക്ക് സഞ്ചരിക്കാൻ പോലീസ് എസ്കോർട്ട് പോകും. മുൻ ആഭ്യന്തര മന്ത്രിയുടെ വീട്ടിൻ്റെ അടുക്കള പുറങ്ങളിൽ ഗൂഢാലോചനക്കാർക്ക് സർവ്വാണി സദ്യയൊരുങ്ങും.


സർക്കാർ അതിഥി മന്ദിരങ്ങൾ ആൾക്കൂട്ട കൊലയുടെ ഗൂഢാലോചന ക്യാമ്പ് ആയി പരിവർത്തനം ചെയ്യപ്പെടും. ആദർശധീരൻമാർ

കൊലപാതകികളുടെ ബോറടി മാറ്റാൻ മൗനം രാഗത്തിൽ കീർത്തനം ആലപിക്കും.

അധികാര ദുർവിനിയോഗവും, അക്രമവും സമാസമം ചേർന്നാൽ കണ്ണൂരിലെ പാർട്ടിയെ അസ്ത്രപ്രജ്ഞരാക്കാം എന്ന് കരുതിയ രാഷ്ട്രീയ

പ്രതിയോഗികളുടെ കണക്ക് കൂട്ടലുകൾ പിഴച്ചത്

അവിടെയാണ്. കുരുതി കൊണ്ട് ഭയപ്പെടുമെന്ന് കരുതിയ കണ്ണൂരിലെCPIM ആ ഘട്ടത്തിൽ ചെറുത്ത് നിന്നത് ചരിത്രമാണ്.ആ ചരിത്രത്തിൻ്റെ മുന്നിൽ

നടന്ന ചിലരെ ഇനി ഭൂമിയിൽ ജീവനോടെ വെച്ചേക്കില്ല എന്ന് അവർ പ്രതിജ്ഞ എടുത്ത് നടന്ന കാലമാണത്.

മുന്നിൽ നിന്ന് വീഴ്ത്താൻ കഴിഞ്ഞില്ലെങ്കിൽ

പിന്നിൽ നിന്ന് വെടിവെച്ചെങ്കിലും വീഴ്ത്തിയെ അടങ്ങു എന്ന് അവർ തീരുമാനിച്ച ആസുരകാലം !


പിണറായി സഖാവിനെയോ , അച്ഛനേയോ , ഇ.പി ജയരാജട്ടനെയോ തീർക്കാൻ ആണ്

തോക്കും കൊടുത്ത് വിക്രംചാലിൽ ശശിയെയും

പേട്ട ദിനേശനേയും അയച്ചത്. പിണറായി സഖാവും അച്ഛനും ജയരാജനും ചണ്ഡീഗഡിൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഒരുമിച്ച് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കാൻ ആണ് പദ്ധതി ഇട്ടിരുന്നത്. മൂവരും യാത്ര ചെയ്യാൻ ഒരുമിച്ചാണ് ടിക്കറ്റ് എടുത്തതും . എന്നാൽ ബോംബേയിലെ CITU നേതാവായ PR കൃഷ്ണണേട്ടൻ്റെ ക്ഷണപ്രകാരം പിണറായി സഖാവും , അച്ഛനും ബോംബെയിലേക്ക് പോയി. ഞങ്ങളുടെ നാട്ടുകാരനായ വിക്രംചാലിൽ ശശി ട്രെയിനിലെ കൂപ്പക്ക് അരികിൽ വന്ന് പല തവണ അച്ഛനും , പിണറായി സഖാവും ഉണ്ടോ എന്ന്

വീക്ഷിച്ചിരുന്നു. അവർ ഇരുവരും ഇല്ലെന്ന് ഉറപ്പിച്ച ശേഷമാണ് ജയരാജേട്ടനെ പേട്ട ദിനേശൻ പോയിൻ്റ് ബ്ലാങ്കിൽ വാഷ്ബെയിസിന് അരികിൽ വെച്ച് വെടി വെച്ച് വീഴ്ത്തുന്നത്.


നവജീവൻ എക്സ്പ്രസിൽ കയറി രക്ഷപ്പെട്ട കൊലയാളി സംഘാംഗമായിരുന്ന വിക്രംചാലിൽ ശശിയെ ചെന്നൈ റെയിൽവേ പോലീസ് DYSP ജോൺ കുര്യൻ ആണ് അറസ്റ്റ് ചെയ്തത്. അയാൾ ചെന്നൈ റെയിൽവേ പോലീസിന് നൽകിയ മൊഴിയിലും , പേട്ട ദിനേശൻ തിരുപതി റെയിൽവേ ഇൻസ്പെർ ഭാസ്ക്കര നായിഡുവിന് നൽകിയ മൊഴിയിലും തങ്ങൾ മൂന്ന് പേരെ വധിക്കാൻ തീരുമാനിച്ചിരുന്നു എന്നും എന്നാൽ ഒത്ത് കിട്ടിയത് EP ജയരാജനെ മാത്രം ആയിരുന്നു എന്നും അന്ന് തന്നെ വെളിപ്പെടുത്തിയിരുന്നു.

ആദ്യം തലശ്ശേരിയിലും , പിന്നീട് കണ്ണൂർ SN കോളേജിന് സമീപം ബസിൽ വെച്ചും അധികം വൈകാതെ ഇരട്ടിയിലും തൊട്ട് പിന്നാലെ നടാൽ റെയിൽവേ ഗേറ്റിലും നടന്നതടക്കം പാളി പോയ അഞ്ചാമത്തെ വധഗൂഢാലോചന ശ്രമമായിരുന്നു അച്ഛന് നേരെ ആന്ധ്രയിലെ രാജധാനി എക്സ്പ്രസിൽ അരങ്ങേറിയത്.


ഇതിന് ശേഷമാണ് അച്ഛന് സായുധ സുരക്ഷ നൽകാൻ UDF സർക്കാർ തന്നെ തീരുമാനിച്ചത്.

അജ്ഞാതനായ സഹയാത്രികനെ പോലെ മരണം കൂടെയുണ്ടായിരുന്നെങ്കിലും ഒന്ന് എനിക്ക് തറപ്പിച്ച് പറയാൻ കഴിയും മരണത്തെ എൻ്റെ അച്ഛൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല.

അതെ അച്ഛൻ തന്നെയാണ് ഹീറോ ♥️

അച്ഛൻ എൻ്റെ മാത്രം ഹീറോ ആയിരുന്നില്ല കേട്ടോ

എ കെ ജി ആശുപത്രി സംഘർഷം , പരിയാരം സഹകരണ സംഘം തിരഞ്ഞെടുപ്പ് , കെ.വി സുധീഷിൻ്റെ വധം , കൂത്തുപറമ്പ് വെടിവെയ്പ്പ്

മാമൻ വാസു വധം , നാൽപാടി വാസു വധം, ഇപി ജയരാജൻ വധശ്രമം തുടങ്ങി സംഭവബഹുലമായ ഒട്ടേറെ സംഭവങ്ങൾ ആ ഘട്ടത്തിൽ അരങ്ങേറി. അച്ഛൻ്റെ ഉറ്റ ചങ്ങാതിയായിരുന്നു അനശ്വര രക്തസാക്ഷി മാമ്മൻ വാസു .


എൻ്റെ ചെറുപ്പത്തിൽ ഞാൻ നിത്യവും വീട്ടിൽ കണ്ടിരുന്ന വ്യക്തി . ചതിച്ചാണ് Rടടക്കാർ മാമ്മൻ വാസുവിനെ കൊന്നത്. ആ വധം നടന്നപ്പോൾ ആണ് ഏറെ വികാരപരവശനായി ഞാൻ അച്ഛനെ കണ്ടിട്ടുള്ളത്. കെ.വി സുധീഷ് ഞങ്ങളുടെ വീട്ടിലെ അന്തേവാസിയായിരുന്നു. സുധീഷ് കൊല്ലപ്പെട്ട ഉടനെ അച്ഛൻ കാറിൽ കയറി വേഗത്തിൽ സംഭവസ്ഥലത്തേക്ക് പോകുന്നതും , അമ്മ വാവിട്ട് നിലവിളിക്കുന്നതും ഇന്നലെ കഴിഞ്ഞത് പോലെയോർമ്മ വരുന്നു. പുഷ്പേട്ടനും അച്ഛനും തമ്മിലും ഇതുപോലെ ഒരാത്മബന്ധം ഉണ്ടായിരുന്നു.


വെടിയേറ്റ് വീണതിന് ശേഷം പുഷ്പേട്ടൻ്റെ ചികിൽസ അടക്കമുള്ള കാര്യങ്ങൾ എല്ലാം അച്ഛൻ നേരിട്ടാണ് നോക്കിയിരുന്നത്. പുഷ്പേട്ടന് ഒരു നേരിയ ബുദ്ധിമുട്ട് പോലും ഉണ്ടാവരുത് എന്ന നിർബന്ധ ബുദ്ധി അച്ഛൻ വെച്ച് പുലർത്തിയിരുന്നു. എപ്പോൾ അത് വഴി പോയാലും അവിടെ കയറി പുഷ്പേട്ടനെ കണ്ട് സംസാരിക്കാതെ അച്ഛൻ പോകില്ലായിരുന്നു. എല്ലാ വിശേഷദിവങ്ങളിലും അച്ഛൻ്റെ വക എന്തെങ്കിലും

സമ്മാനം പുഷ്പ്പേട്ടന് കൊടുക്കണമെന്നത് അച്ഛൻ്റെ പതിവ് ശീലങ്ങളിൽ ഒന്നായിരുന്നു. അച്ഛന് തീരെ വയ്യാതാവുന്ന ഘട്ടത്തിൽ വിഷുക്കൈനീട്ടവുമായി എന്നെയാണ് പുഷ്പേട്ടൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്.



അറിയുന്ന പുഷ്പൻ്റെ ബാലകൃഷ്ണേട്ടൻ മാത്രമായിരുന്നില്ല എൻ്റെ അച്ഛൻ , അറിയപ്പെടാത്ത ഇതു പോലത്തെ ഒരുപാട് പേരുടെ ഹീറോ ആയിരുന്നു എൻ്റെ അച്ഛൻ !

രക്തസാക്ഷികളോട് , അനാഥരാക്കപ്പെട്ട അവരുടെ കുടുംബാംഗങ്ങളോട് , മാരകമായി പരിക്കേറ്റ് ജീവൻ മാത്രം തിരികെ കിട്ടിയ സഖാക്കളോട് അച്ഛൻ

അതീവ വൈകാരികതയോടെയാണ് ഇടപ്പെട്ടത്.

അവരുടെ വീടുകളിലെ ഏത് ചടങ്ങിനും ആദ്യമെത്തണമെന്നത് അച്ഛന് നിർബന്ധമായിരുന്നു

ആ കുടുംബങ്ങിലെ കുട്ടികളുടെ പഠനം , ഉറ്റബന്ധുക്കളുടെ ജോലി , വിവാഹം, ചികിൽസ എല്ലാം ഓർത്ത് വെച്ച് ചെയ്യുന്ന ആളായിരുന്നു അദ്ദേഹം.

ഏത് പാതിരാത്രിയിലും അവർക്ക് സങ്കോചങ്ങളില്ലാതെ വിളിക്കാവുന്ന ആളായിരുന്നു കോടിയേരി . ഇതുപോലെ തന്നെയാണ് പാർട്ടിക്ക് വേണ്ടി ജയിലിൽ പോയ ധീര സഖാക്കളോടും അവരുടെ കുടുംബാംഗങ്ങളോടും ഉള്ള

അച്ഛൻ്റെ കരുതലും .


പാർട്ടിക്ക് വേണ്ടി പാർട്ടിയാൽ നയിക്കപ്പെട്ട

ഉച്ചി മുതൽ ഉള്ളംകാല് വരെ അടിമുടി പാർട്ടിക്കാരനായിരുന്നു എൻ്റെ അച്ഛൻ .

അച്ഛനിൽ ഞാൻ കാണുന്ന മറ്റൊരു പ്രത്യേകത അദ്ദേഹത്തിൻ്റെ നയതന്ത്രജ്ഞതയാണ്. കടുത്ത രാഷ്ട്രീയ ശത്രുക്കളെ പോലും വൈര്യം മറന്ന് കൂടെ നിർത്താനും പാർട്ടിയിലേക്ക് അടുപ്പിക്കാനും കാട്ടിയ

മെയ് വഴക്കം അന്യാദൃശ്യമാണ്. എംവിആറിന് മനംമാറ്റം ഉണ്ടായപ്പോൾ ആ വിഭാഗത്തിൻ്റെ ഭാഗമായ

പാട്യം രാജൻ , അരവിന്ദാക്ഷൻ , എ.കെ കണ്ണൻ , എം.എച്ച് ഷാരിയർ , തുടങ്ങിയ നേതാക്കളെ CPIM ൻ്റെ ഭാഗമാക്കുന്നതിൽ അച്ഛനും നിർണ്ണായ പങ്കാണ് വഹിച്ചത്. ഇതുപോലെ സഖാവ് കെ.ആർ ഗൗരിയമ്മയെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ മറ്റ് നേതാക്കൻമാരെ പോലെ അച്ഛനും മുന്നിലുണ്ടായിരുന്നു. അതുപോലെ തന്നെ ഒ.കെ വാസു മാഷ് , അശോകൻ എന്നീവരെ CPIMൻ്റെ ഭാഗമാക്കുന്നതിൽ

സർവ്വാത്മനാ പിൻതുണ നൽകിയതും , പാർട്ടി സഖാക്കളെ ഇതിൻ്റെ രാഷ്ട്രീയ ആവശ്യകത ബോധ്യപ്പെടുത്തുന്നതിലും അച്ഛൻ നേതൃപരമായ പങ്കാണ് വഹിച്ചത്. ബോൾഷെവിക് വീരൻ സഖാവ് കെ പി ആർ ഗോപാലന്റെ പിണക്കം മാറ്റുവാനും ചേർത്തു നിർത്തുവാനും അച്ഛൻ മുൻകൈ എടുത്തത്. 1996-ൽ കെ. സുധാകരൻ്റെ കണ്ണൂരിലെ കോൺഗ്രസിന് കനത്ത പ്രഹരം ഏൽപ്പിച്ച് കൊണ്ട് സിറ്റിംഗ് മന്ത്രിയായ എൻ. രാമകൃഷ്ണനെ കണ്ണൂർ മണ്ഡലത്തിൽ മൽസരിപ്പിക്കാൻ കാണിച്ച മെയ് വഴക്കം .മുന്നണിയിലേക്ക് പുതിയ കക്ഷികളെയും വ്യക്തികളെയും കൊണ്ടുവന്നത്, മുന്നണിയിലെ ചെറുതും വലുതുമായ കക്ഷികൾക്ക് ലഭിച്ചിരുന്ന പരിഗണനയും കൊടുത്ത ഉറപ്പുകൾ പാലിക്കുന്നതും അടക്കം രാഷ്ട്രീയ ചടുലതയുടെ എത്രയോ ഉദാഹരണങ്ങൾ പറയാനുണ്ട്.


പാർട്ടിയിലെയും മുന്നണിയുടെയും ഒരു വേദനസംഹാരിയുടെ പേര് കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ

പലതരം വ്യക്തികൾ , അവരുടെ വ്യത്യസ്ഥ തരം അഭിപ്രായങ്ങൾ എന്നീവയാണല്ലോ ഒരു ചലിക്കുന്ന ജനാധിപത്യപാർട്ടിയുടെ ജീവബിന്ദു . ഒരു പ്രശ്നത്തെ പറ്റി വ്യത്യസ്ഥ വീക്ഷണങ്ങൾ ഉള്ള പലതരം നേതാക്കളെ കൂട്ടിയോജിപ്പിക്കുന്നതിലും ഇടക്കാലത്ത്

രൂഢമൂലമായ വിഭാഗീയത ഏതാണ്ട് പൂർണ്ണമായും

അവസാനിപ്പിക്കുന്നതിലും അച്ഛൻ നേതൃപരമായ പങ്ക് വഹിച്ചു എന്നാണ് എൻ്റെ അഭിപ്രായം . സ്വന്തമായി ശക്തമായ അഭിപ്രായങ്ങൾ ഉള്ളപ്പോൾ പോലും വ്യത്യസ്ഥ ചിന്തഗതികളും , അഭിപ്രായ അനൈക്യവും ഉള്ള പാർട്ടി സഖാക്കൾക്ക് പോലും അച്ഛൻ ആശ്രയിക്കാൻ കഴിയുന്ന നേതാവ് ആയിരുന്നു.


അവരോടും അനുകമ്പാർദ്രമായ സമീപനത്തോടെയേ അച്ഛൻ ഇടപ്പെട്ടിരുന്നുള്ളു . മുൻപൊരിക്കൽ സംഘടന നടപടിക്ക് വിധേയനായ ഘട്ടത്തിൽ

സഖാവ് കോടിയേരി തന്നോട്ട് കാട്ടിയ കരുതലിനെ പറ്റി DYFI മുൻ സംസ്ഥാന സെക്രട്ടറിയായ സഖാവ് ടി. ശശിധരൻ പറഞ്ഞ അഭിപ്രായം ഇവിടെ പ്രസക്തമാണ്. കോടിയേരിയുടെ മാസ്റ്റർപീസ് ചിരിയിൽ അലിഞ്ഞ് തീർന്ന പരിഭവങ്ങൾ, നേരിയ സൗന്ദര്യപിണക്കങ്ങൾ അങ്ങനെ എത്രയെത്ര കോടിയേരി കഥകൾ !!

അച്ഛൻ ഒരു നല്ല കേൾവിക്കാരനായതുകൊണ്ടുതന്നെയാണ് എല്ലാവരും അച്ഛനിലേക്ക് എത്തിപ്പെടുന്നത് എന്നതാണ്. ജനങ്ങൾക്ക് മനസിലാവുന്ന ജനങ്ങൾ പറയുന്ന ഭാഷയാണ് കോടിയേരി സംസാരിച്ചിരുന്നത്

ഒരേ കാര്യം തന്നെ പലർ പറഞ്ഞാലും ക്ഷമയോടെ കേൾക്കും.


അനുകമ്പയും , തികഞ്ഞ മനുഷ്യ സ്നേഹവും

അതിലേറെ ആർദ്രതയും ഒത്തിണങ്ങിയ ഒരു ഒന്നാന്തരം മനുഷ്യനായിരുന്നു അദ്ദേഹം.

പ്രവർത്തിയിലോ പെരുമാറ്റത്തിലോ , കലർപ്പോ , കാലുഷ്യമോ ,കൃത്രിമത്വമോ, കൃതഘ്നതയോ തീരെയില്ലാത്ത പച്ചയായ മനുഷ്യനായിരുന്നു സഖാവ് കോടിയേരി .മുന്നിൽ വരുന്ന മനുഷ്യൻ്റെ പദവിയോ പ്രതാപമോ നോക്കിയല്ല അച്ഛൻ ആളുകളോട് ഇടപ്പെട്ടത്. മറ്റെന്തൊക്കെ കുറവുകൾ എൻ്റെ അച്ഛനിൽ എതിരാളികൾ ആരോപിച്ചാലും സഖാവ് കോടിയേരിയിക്ക് ഇരട്ടമുഖം ഉണ്ടെന്ന് ആരും പറയില്ല.

ആ അർത്ഥത്തിൽ ശത്രുക്കൾക്ക് നടുവിൽ ജീവിച്ചിട്ടും അജാതശത്രുവായ നേതാവായിരുന്നു

സഖാവ് കോടിയേരി !


തലശ്ശേരിയുടെ മണ്ണിൽ പണ്ട് തോട്ടി തൊഴിലാളികൾ ധാരാളമായി ഉണ്ടായിരുന്നു. അവരെല്ലാം കറ തീർന്ന സഖാക്കൾ ആയിരുന്നു . പാർട്ടിയോഗങ്ങൾക്ക് വരുന്ന ആ സഖാക്കളുടെ ദേഹത്ത് അൽപ്പം മുൻപ് കോരികളഞ്ഞ മനുഷ്യവിസർജ്യത്തിൻ്റെ അടയാളരേഖകൾ കാണുമായിരുന്നത്രേ. പ്രസംഗിച്ച്

താഴെക്ക് ഇറങ്ങുന്ന കോടിയേരി അവരുടെ തോളത്ത് കൈയ്യിട്ട് നടന്ന് നീങ്ങുന്നത് കണ്ട കാഴ്ച പഴയ സഖാക്കൾ പറയും. "മനുഷ്യാണാം മനുഷ്യത്വം" എന്ന് എഴുതിയ ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തലശ്ശേരി ജഗനാഥ ക്ഷേത്രത്തിൻ്റെ മുറ്റത്ത് 11 മത്തെ വയസിൽ

പ്രസംഗിച്ച് പൊതുരംഗത്ത് എത്തിയ കോടിയേരിക്ക് ആ ജീവാദർശവും , അതിൻ്റെ സാർവ്വലൗകീക വീക്ഷണവും കേവലം പ്രസംഗത്തിൽ ഉപയോഗിക്കാൻ ഉള്ള വാചകം ആയിരുന്നില്ല

എന്നും ജീവിതത്തിൽ പകർത്തി സൂക്ഷിക്കാൻ ഉള്ള

പ്രത്യയശാസ്ത്ര ബോധ്യമായിരുന്നു.


തലശ്ശേരി നിവാസികൾക്ക് വേണ്ടി മെച്ചപ്പെട്ട ചികിൽസ ലഭിക്കുന്ന കുറഞ്ഞ ചിലവിൽ ഉള്ള ഒരാശുപത്രി എന്ന ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ

പഴക്കം ഉണ്ട്. അദ്ദേഹം തലശ്ശേരി കോ- ഓപ്പറേറ്റീവ്

ബാങ്കിൻ്റെ പ്രസിഡൻ്റ് ആയിരിക്കുമ്പോൾ ആണ് തലശ്ശേരി സഹകരണ ആശുപത്രി നിർമ്മിക്കുന്നത്.

അതുവരെ കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിച്ചിരുന്ന ലക്ഷകണക്കിന് മനുഷ്യർക്ക്

എത്ര ആശ്വാസം ആണ് തീരുമാനം എന്നത് ഇന്ന് എൻ്റെ നാട് തിരിച്ചറിയുന്നുണ്ട്. പ്രമുഖ വ്യവസായിയായ എം എ യൂസഫലിയോട് കൊച്ചിയിൽ ഒരു നിങ്ങൾ ഒരു മാൾ തുടങ്ങണം എന്ന ആശയം പങ്ക് വെച്ചത് കോടിയേരി ആയിരുന്നു എന്ന് യൂസഫലി തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

കേരളത്തിൻ്റെ സാമൂഹ്യ ഉന്നമനത്തിന് വേണ്ടി അതാത് കാലങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരോ ഘട്ടത്തിലും ചില അടിയന്തിര കടമകൾ ജനങ്ങളെയും പാർട്ടി സംഘടനയേയും ഓർമ്മിപ്പിക്കാറുണ്ട്. 1939 ൽ പാർട്ടി രൂപീകൃതമായപ്പോൾ നവോത്ഥാനത്തിൻ്റെ തുടർച്ചയെന്നോണം ഭൂമിയുടെ ഉടസ്ഥാവകാശികളായി മാറ്റുന്നതിന് വേണ്ടി നടപ്പിലാക്കിയ കാർഷിക പരിഷ്കരണം , സാർവ്വതിക വിദ്യാഭ്യാസം , എന്നീ ലക്ഷ്യങ്ങൾക്ക് ആണ് ശ്രദ്ധ ചെലുത്തിയത്. 1980 കൾക്ക് ശേഷം സാക്ഷരതാപ്രസ്ഥാനം , അധികാര വികേന്ദ്രീകരണം

എന്നീവ ആണ് ഏറ്റെടുത്തത് , കഴിഞ്ഞ 25 വർഷമായി സോഷ്യൽ സബ്സിഡി സ്കീം , അടിസ്ഥാന സൗകര്യ വികസനം ,

വ്യാവസായിക വളർച്ച എന്നീവയാണ് ലക്ഷ്യമിടുന്നത്.


അതി ദാരിദ്ര നിർമ്മാർജ്ജനം ആണ് മറ്റൊരു അടിയന്തിര കടമ . സന്നദ്ധ പ്രവർത്തനവും , പാലിയേറ്റീവ് രംഗത്തെ ഇടപ്പെടലുകളുമാണ്

സഖാവ് കോടിയേരി മുന്നോട്ട് വെച്ച ആശയം.

അദ്ദേഹത്തിൻ്റെ അവസാന പ്രസംഗം തന്നെ ഈ രംഗത്തേക്ക് കൂടുതൽ ഇടപ്പെടലുകൾ നടത്തണം

എന്നത് ചൂണ്ടികാട്ടിയായിരുന്നു. കോടിയേരിയുടെ സ്മരണ നിലനിർത്തുന്നതിന് ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് വേണ്ടി ഒരു ഡയാലിസിസ് മെഷീൻ

സ്ഥാപിച്ച് നൽകാൻ സന്നദ്ധത അറിയിച്ച് ഒരു അഭ്യുദയകാംക്ഷി മുന്നോട്ട് വന്നിട്ടുണ്ട്. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഉള്ള

രോഗികൾക്ക് വലിയ ആശ്വാസമായി മാറുന്ന ഈ പദ്ധതി അച്ഛൻ്റെ മൂന്നാം ഓർമ്മ ദിവസത്തിൽ ഒരു നിമിത്തമായി വന്നു ചേർന്നിരിക്കുന്നു.

ഒരു ഭരണാധികാരി എന്ന നിലയിൽ കോടിയേരി

അസാമാന്യമായ ഇശ്ചാശക്തിയുടെ പ്രതീകമായിരുന്നു.


ജീവിതത്തിലുടനീളം പോലീസിനെതിരെ നിരന്തരം പ്രതിപക്ഷ നിലപാട് എടുത്ത കോടിയേരി ആഭ്യന്തര മന്ത്രിയായപ്പോൾ

മൂക്കത്ത് വിരൽ വെച്ചവരാണ് അധികവും . എന്നാൽ

ജനമൈത്രി പോലീസ് , സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പോലെ രാജ്യത്തിന് തന്നെ മാതൃകയായ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിയ അദ്ദേഹം പോലീസിന് മനുഷ്യമുഖം നൽകി. പോലീസിനെ ആധുനികവൽക്കരിക്കാൻ അദ്ദേഹം നടപ്പിലാക്കിയ പദ്ധതികളും ശ്രമങ്ങളും ഇന്നും സേനയിലെ ഉദ്യോഗസ്ഥർ ആവേശത്തോടെ സ്മരിക്കുന്നു എന്നത് മകൻ എന്ന നിലയിൽ വലിയ അഭിമാനം ആണ് എനിക്ക് ഉളവാക്കുന്നത്. കോൺസ്റ്റബിൾ എന്ന ബ്രിട്ടീഷ്പദം സേനയിൽ നിന്ന് മാഞ്ഞ് പോകുന്നതും , സിവിൽ പോലീസ് ഓഫീസർ എന്ന ജനകീയപദം പകരം നൽകുന്നതും 50 വർഷം പഴക്കം ഉള്ള കേരളാ പോലീസ് ആക്റ്റ് പൊളിച്ചെഴുതുന്നതും അദ്ദേഹമാണ്.


ഓരോ മാസവും ഒരു പുതിയ പദ്ധതി ,അത് നടപ്പിൽ വരുത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു എന്ന കോടിയേരി മാജിക്‌.

വിസ്താരഭയം കൊണ്ട് ടൂറിസം അടക്കമുള്ള മേഖലയിലെ സംഭാവനകൾ ഞാൻ എടുത്ത് പറയുന്നില്ല.

പാർലമെൻ്റേറിയൻ എന്ന നിലയിൽ അദ്ദേഹം

നിയമസഭയിലെ തീപ്പൊരിയായിരുന്നു. അടിയന്തിര പ്രമേയം , ബില്ലുകളിലെ ചർച്ച , ക്രമപ്രശ്നങ്ങളിലെ ഇടപ്പെടലുകൾ , തുടങ്ങി നിയമസഭയിലെ അദ്ദേഹത്തിൻ്റെ ഇടപ്പെടലുകൾ എതിരാളികൾക്ക് പോലും മതിപ്പ് ഉളവാക്കുന്നതായിരുന്നു. ഏത് പ്രതിപക്ഷ നേതാവിനും വിശ്വസിച്ച് ഏത് വിഷയവും ഏൽപ്പിക്കാവുന്ന പ്രതിപക്ഷ നിയമസഭാ സാമാജികൻ ആയിരുന്നു കോടിയേരി. വിഷയം പഠിച്ചിട്ട് വരാത്ത ഏത് മന്ത്രിയും കോടിയേരിയുടെ നാവിൻ്റെ ചൂട് അറിഞ്ഞിട്ടുണ്ട്. സഭയിലെ ചട്ടങ്ങൾ കീഴ്‌വഴക്കങ്ങൾ എല്ലാം കോടിയേരിക്ക് മനപാഠമായിരുന്നു.


SFIയിലൂടെ വളർന്ന് വന്നത് കൊണ്ടാവണം മരിക്കും വരെ വിദ്യാർത്ഥി നേതാക്കളോടും , യുവാക്കളോടും

പ്രത്യേക കരുതലും പരിഗണനയും അച്ഛന് ഉണ്ടായിരുന്നു. ഇന്ന് സംസ്ഥാന പാർട്ടി നേതൃനിരയിൽ കാണുന്ന പഴയ കാല വിദ്യാർത്ഥി നേതാക്കളിൽ പലരെയും ഗ്രൂം ചെയ്യുന്നതിലും അവരെ മികച്ച കേഡറൻമാരാക്കി വളർത്തി എടുക്കുന്നതിലും പാർട്ടി ചുമതലക്കാരൻ എന്ന നിലയിൽ സഖാവ് കോടിയേരി വഹിച്ച പങ്ക് ചിലതെങ്കിലും ചില സ്വകാര്യ സംഭാഷണങ്ങളിൽ എന്നോട്ട് പങ്ക് വെച്ചിട്ടുണ്ട് . അവരിൽ പലരേയും ലക്ഷണമൊത്ത നേതാക്കളാക്കി വളർത്തി എടുക്കുന്നതിൽ ഒരു പങ്ക് കോടിയേരിയും വഹിച്ചു എന്നാണ് എൻ്റെ പക്ഷം .

ഉടനീളം സംഗ്രാമധീരമായ ആ പുരുഷായുസിൽ വല്ലപ്പോഴും കാണാൻ കിട്ടുന്ന ഒരുപൂർവ്വ അൽഭുതമായിരുന്നു ഞങ്ങൾക്ക് അച്ഛൻ

വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടാക്കിയ നവവധുവായ ഞങ്ങളുടെ അമ്മ ആദ്യ രാത്രിയിൽ അന്തിയുറങ്ങിയത് അച്ഛമ്മക്കൊപ്പമാണ്. DYFI യുടെ പ്രഥമ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ആയിട്ടാണ് അമ്മക്ക് മുന്നിൽ നവവരൻ മൂന്ന് ദിവസം കഴിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. എൻ്റെ അമ്മ വിനോദിനി ഒരു അഭിമുഖത്തിൽ പറയുന്നത് ഞാൻ കേട്ടു "കോടിയേരി എന്ന രാഷ്ട്രീയ നേതാവിനോട് എനിക്ക് എന്നും ആരാധനയാണ് , കോടിയേരി എന്ന ഭർത്താവിനോട് എനിക്ക് അടങ്ങാത്ത പ്രണയവും ".


കോടിയേരിയുടെ വിനു , വിനുവിൻ്റെ

ബാലകൃഷ്ണേട്ടൻ !

അവർ ഇരുവരും രണ്ട് ആത്മാക്കളാണോ , അതോ

സ്ത്രീയും പുരുഷനും സംയോജിച്ച ഒരെറ്റ സ്വരൂപങ്ങളായിരുന്നോ എന്ന് എനിക്ക് ഇന്നും സംശയമാണ്. അച്ഛന് കിട്ടിയ ബാഗുകൾ , അച്ഛൻ്റെ പേര് അച്ചടിച്ച കടലാസുകൾ , സമ്മേളന ബാഡ്ജുകൾ , അവർ ഇരുവരും കിടന്ന കിടക്ക വിരിക്കൾ , പരസ്പരം ചായ പകർന്ന് കുടിച്ച ചായ കപ്പുകൾ എന്ന് വേണ്ട അച്ഛൻ്റെ സ്വകാര്യ സമ്പാദ്യങ്ങൾ എല്ലാം ചേർത്ത് വെച്ച് അച്ഛൻ്റെ വിനു ഒരു സ്മാരകം ഉണ്ടാക്കി വെച്ചു. വരുന്നവർക്കും പോകുന്നവർക്കും മുന്നിൽ ആവേശത്തോടെ അത് വിവരിക്കുന്നു. അച്ഛൻ മരിച്ച ശേഷം ആണ് അമ്മ

അച്ഛൻ്റെ ചിത്രം കൈയ്യിൽ പച്ച കുത്തിയത്.

അത് കാണുമ്പോൾ എനിക്ക് തോന്നും അമ്മ പറഞ്ഞത് ശരിയാണ്

"കോടിയേരി എന്ന രാഷ്ട്രീയ നേതാവിനോട് അവർക്ക് ആരാധനയാണ് , കോടിയേരി എന്ന ഭർത്താവിനോട് അടങ്ങാത്ത പ്രണയവും ".!!


ഒരു ചെറിയ വിഭാഗം ജനങ്ങൾക്ക് മുന്നിലെങ്കിലും

കോടിയേരിയുടെ മകൻ വില്ലനാണ്. അച്ഛൻ്റെ സത്പേരിന് കളങ്കം ചാർത്തിയവൻ ആണ്.

പക്ഷെ എൻ്റെ പേരിൽ മാധ്യമങ്ങൾ വെച്ച് കെട്ടി തന്ന

ഈ വില്ലൻ പരിവേഷം ഉണ്ടല്ലോ , അത് എൻ്റെ അച്ഛനെ വിശ്വസിപ്പിക്കാൻ നിങ്ങൾ പരാജയപ്പെട്ട് പോയി. കാരണം എന്നെ നന്നായി അറിയാവുന്ന ആൾ

എൻ്റെച്ഛനാണ് . പക്ഷെ ഈ നീചമായ വേട്ടയാടൽ കാരണം എൻ്റെ അച്ഛൻ്റെ അവസാന കാലത്ത്

മകൻ എന്ന നിലയിൽ അച്ഛൻ്റെ രോഗാവസ്ഥയിൽ എനിക്ക് കൂട്ടിരിക്കാൻ ആയില്ല. ആ സങ്കടം എൻ്റെ മരണം വരെ എന്നെ വേട്ടയാടും .

എൻ്റെ ജീവിതത്തിൻ്റെ ഒരു സന്നിഗ്ദ ഘട്ടത്തിൽ

അച്ഛൻ എന്നെ വിളിച്ചിട്ട് പറഞ്ഞു.


നിൻ്റെ പേരിലുള്ള

ആക്ഷേപങ്ങൾ സംശയാതീതമായി തെളിയിക്കേണ്ടത് നീ മാത്രമാണ്. നിൻ്റെ പേരിൽ പാർട്ടി മറുപടി പറയില്ല. അത് തന്നെയാണ് കള്ളക്കേസിൽ എന്നെ ജയിലിൽ അടച്ചപ്പോൾ

അച്ഛൻ പരസ്യമായി ആവർത്തിച്ചതും . അച്ഛന് നൽകിയ വാക്ക് ഞാൻ പാലിച്ച് കഴിഞ്ഞു.

എൻ്റെ നിരപരാധിത്വം ഞാൻ തെളിയിച്ചു.

ഇനി ക്രോസ് വിസ്താരവും വിചാരണയാണ്

ഇനി എൻ്റെ ഊഴമാണ്.


മൊട്ടെമ്മൽ ബാലകൃഷ്ണൻ എന്ന

സാധാരണകാരൻ്റെ മകൻ ബിനീഷ് നടത്താൻ പോകുന്ന വിചാരണ.

എന്നെ കൂട്ടിൽ കയറ്റി നിർത്തിയ ഒരോരുത്തരും

എനിക്ക് മറുപടി തരേണ്ട ദിവസം വരും. ആ കണക്ക് പുസ്തകം ഞാൻ തുറന്ന് വെയ്ക്കുന്നുണ്ട്.

എന്നെ ഒരു കൊല്ലം പശപച്ചരിയുടെ ചോറ് തീറ്റിച്ച എല്ലാവരോടും ഉള്ള വിചാരണ നടക്കും. കാലം നടത്തും. തൽകാലം അവിടെ നിൽക്കട്ടെ

എൻ്റെ ജീവിതത്തിലെ ജയിൽ അധ്യായം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ കോടിയേരി ബാലകൃഷ്ണൻ എന്ന

രാഷ്ട്രീയക്കാരൻ എന്നോട് ഒരു പ്രവചനം നടത്തി

"ഞാൻ മരിക്കുന്നതോടെ നിങ്ങൾ സ്വതന്ത്രരാവും, പിന്നെ നിങ്ങളെ വേട്ടയാടാൻ ആരും വരില്ല "

അച്ഛൻ മരിച്ച് മൂന്ന് കൊല്ലമാവുന്നു .


അതിന് ശേഷം ഒരു ഗോസിപ്പ് കോളത്തിൽ പോലും എന്നെ അപകീർത്തിപെടുത്തുന്ന ഒരു വാർത്ത പോലും വന്നിട്ടില്ല. അന്നത്തെ അതെ ബിനീഷ് തന്നെയാണ് ഞാൻ .ഇന്നെന്നെ മാധ്യമങ്ങൾക്ക് മരുന്നിന് പോലും വേണ്ട . നാഴികക്ക് നാൽപ്പത് വട്ടം എൻ്റെ പേര്

ഉച്ഛരിച്ചരുന്ന രാഷ്ട്രീയ പ്രതിയോഗികളും എന്നെ മറന്നു. സോഷ്യൽ മീഡിയയിൽ നിന്ന് മാറിയാൽ ഇപ്പോഴുള്ള സൈബർ വേട്ടയും നിൽക്കും.

അച്ഛൻ പറഞ്ഞ ഈ വാചകങ്ങൾ അക്ഷരം പ്രതി ശരിയായില്ലേ ? ആ പ്രവചനം നടത്തിയ അച്ഛൻ എൻ്റെ ഹീറോയല്ലേ !!!

ഒന്നെനിക്ക് ഉറപ്പാണ് ഹീനമായ രാഷ്ട്രീയ വേട്ടയുടെ രക്തസാക്ഷിയാണ് എൻ്റെ അച്ഛൻ . ഈ വേട്ടയുടെ കാഠിന്യം അൽപ്പം കുറച്ചിരുന്നെങ്കിൽ പോലും കോടിയേരി ബാലകൃഷ്ണൻ അൽപ്പകാലം ജീവനോടെയുണ്ടാകുമായിരുന്നു. ഉറപ്പ് !!


അച്ഛന് അസുഖം ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ മനസ് കൊണ്ട് മരിച്ച് പോയവരാണ് ഞങ്ങൾ .

ആ മരവിപ്പ് മാറാൻ മാസങ്ങൾ എടുത്തു. ഇത്തരം രോഗം ബാധിച്ചാൽ പരമാവധി ഒരു വർഷം ആണ് ആയുസ്. കടുത്ത മാനസിക പ്രതിസന്ധിക്കിടയിലും അച്ഛൻ അതിനെ മൂന്ന് വർഷം അതിജീവിച്ചു . പോരാളിയായ ബാലകൃഷ്ണൻ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത മരണത്തോടും പൊരുതി തന്നെയാണ് കീഴടങ്ങിയത്.

മിസ്സ് ചെയ്യുന്നുണ്ടന്നെ ഒരുപാട് ഒരുപാട്

എനിക്ക് മാത്രമല്ല , സഖാക്കൾക്ക്,എൻ്റെയും ബിനോയിയുടെയും മക്കൾക്ക് . ഞങ്ങളുടെ ഭാര്യമാർക്ക് . മക്കൾക്ക് അവരുടെ പൊട്ടകഥകൾ കേൾക്കാനും , ആ പൊട്ടകഥകൾക്ക് സംശയം ചോദിക്കാനും അവരെ ചിരിപ്പിക്കാനും ആളില്ലാതെ പോകുന്നതിൽ . കോടിയേരിയെ ഇന്നും ജനവും പാർട്ടിയും ഓർക്കുന്നത് കൊണ്ട് അനാഥത്വം അറിയുന്നില്ല എന്നത് ഒരു പരിധിവരെ ആശ്വാസം നൽകുന്നുണ്ട്

ഈച്ചര വാര്യരുടെ പുസ്തകത്തിലെ ഓർമ്മയിലുള്ള ഒരു വാചകം ഉണ്ട്.

മകൻ മരിച്ചാൽ അച്ഛനോ , അച്ഛൻ മരിച്ചാൽ മകനോ കൂടുതൽ ദുഖം ?








deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home