05 June Monday

"ലൈഫ് പദ്ധതിയിൽ നിന്നും 9 കോടി കമ്മീഷൻ തട്ടി എന്നൊക്കെയുള്ള തള്ള് ഒന്ന് മാറ്റിപ്പിടി'...മിലാഷ് സി എന്‍ എഴുതുന്നു

മിലാഷ് സി എന്‍Updated: Saturday Sep 26, 2020

മിലാഷ് സി എന്‍

മിലാഷ് സി എന്‍

'ഇതിനിടെ മാധ്യമങ്ങൾ മറക്കുന്ന അവർ തന്നെ റിപ്പോർട്ട് ചെയ്ത ഒന്നു രണ്ട് കാര്യങ്ങൾ പറയേണ്ടതുണ്ട്. യൂണിടാകിന്റെ കയ്യിൽ നിന്നും ലഭിച്ച കമ്മീഷൻ തുകയാണ് തന്റെ ലോക്കറിൽ നിന്നും കണ്ടെടുത്തത് എന്ന സ്വപ്ന സുരേഷിന്റെ വാദം അന്വേഷണ ഏജൻസികൾ രേഖാമൂലം തന്നെ നിഷേധിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് യൂണിടാക് കമ്മീഷൻ നൽകിയത് സന്ദീപ് നായർക്കാണെന്നും അത് ബാങ്ക് ട്രാൻസ്‌ഫർ വഴിയാണെന്നും ഇതേ ഏജൻസികൾ തന്നെ പറഞ്ഞു.'

വടക്കാഞ്ചേരിയിലെ ലൈഫ് ഭവനസമുച്ചയത്തിന്റെ നിർമ്മാണത്തിന് വിദേശസഹായം സ്വീകരിച്ചത് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ നിയമങ്ങളുടെ ലംഘനമാണെന്ന് വടക്കാഞ്ചേരി എം എൽ എ അനിൽ അക്കര സിബിഐക്ക് പരാതി നൽകുന്നു. സിബിഐ കേസെടുക്കുന്നു. FCRA ലംഘനമാണ് അന്വേഷണവിഷയം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാകിന്റെ കയ്യിൽ നിന്നും കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിലേക്കും അന്വേഷണം നീളാം. മാധ്യമവാർത്തകളിൽ നിന്ന് മനസിലാകുന്നത് ഇത്രയുമാണ്.

 

പക്ഷെ, ഇത് സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന വ്യാഖ്യാനം മാത്രം മനസിലായില്ല. യൂണിടാകും യുഎഇ കോൺസുലേറ്റും തമ്മിലുള്ള ഇടപാടിൽ എന്തെങ്കിലും കമ്മീഷൻ ഇടപാട് നടന്നാൽ സർക്കാരിനെന്ത് തിരിച്ചടി. വടക്കാഞ്ചേരിയിൽ 140 ഭൂരഹിതർക്ക് നാലോ അഞ്ചോ മാസം കഴിഞ്ഞാൽ ലഭിക്കുമായിരുന്ന ഭവനസമുച്ചയപദ്ധതി പ്രതിസന്ധിയിലാകുന്നു എന്നത് ഒരു തിരിച്ചടി തന്നെയാണ്. അതിന്റെ മറുപടി വടക്കാഞ്ചേരിക്കാർ പരാതിക്കാരന് നേരിട്ട് നൽകിക്കോളും. വടക്കാഞ്ചേരിയിൽ മാത്രമല്ലല്ലോ ലൈഫ് ഭവനസമുച്ചയങ്ങൾ ഉയരുന്നത്. കഴിഞ്ഞ ദിവസം നിർമ്മാണോദ്ഘാടനം നടന്നവ ഉൾപ്പെടെ നാൽപതിലേറെ ലൈഫ് ഭവനസമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്.  അല്ലാതെ, ഈ വിഷയത്തിൽ ഏത് അന്വേഷണം നടന്നാലും സർക്കാരിനെന്ത് പറ്റാൻ.

ഇതിനിടെ മാധ്യമങ്ങൾ മറക്കുന്ന അവർ തന്നെ റിപ്പോർട്ട് ചെയ്ത ഒന്നു രണ്ട് കാര്യങ്ങൾ പറയേണ്ടതുണ്ട്. യൂണിടാകിന്റെ കയ്യിൽ നിന്നും ലഭിച്ച കമ്മീഷൻ തുകയാണ് തന്റെ ലോക്കറിൽ നിന്നും കണ്ടെടുത്തത് എന്ന സ്വപ്ന സുരേഷിന്റെ വാദം അന്വേഷണ ഏജൻസികൾ രേഖാമൂലം തന്നെ നിഷേധിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് യൂണിടാക് കമ്മീഷൻ നൽകിയത് സന്ദീപ് നായർക്കാണെന്നും അത് ബാങ്ക് ട്രാൻസ്ഫർ വഴിയാണെന്നും ഇതേ ഏജൻസികൾ തന്നെ പറഞ്ഞു. ഈ ഇടപാട് വടക്കാഞ്ചേരി പ്രൊജക്ടുമായി മാത്രം ബന്ധപ്പെട്ടല്ലെന്നും യുഎഇ കോൺസുലേറ്റിന്റെ ആസ്ഥാനമന്ദിരം നിർമ്മിക്കുന്ന കരാറും രാജ്യത്തെ വിവിധ കോൺസുലേറ്റുകളിലെ അറ്റകുറ്റപ്പണി കരാറുകളും വാങ്ങി നൽകാമെന്നും പറഞ്ഞായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (മനോരമ 27.08.2020). അതുകൊണ്ട്, ലൈഫ് പദ്ധതിയിൽ നിന്നും 9 കോടി കമ്മീഷൻ തട്ടി എന്നൊക്കെയുള്ള തള്ള് ഒന്ന് മാറ്റിപ്പിടി. സ്വന്തം വാർത്തകൾ തന്നെ മറന്ന് വല്ലവന്റെയും കോളാമ്പി ആകാൻ പാടുണ്ടോ.

ഇനി ഇപ്പോഴത്തെ അന്വേഷണത്തിനാധാരമായ ആരോപണങ്ങൾ. FCRA ലംഘനമാണ് ആരോപണമെങ്കിൽ സംസ്ഥാനം വിദേശസ്രോതസുകളിൽ നിന്ന് എന്തെങ്കിലും ഫോറിൻ കോൺട്രിബ്യൂഷൻ സ്വീകരിച്ചിരിക്കണം. ഫോറിൻ കോണ്ട്രിബ്യൂഷന്റെ നിർവചനം ആ നിയമത്തിൽ തന്നെ പറയുന്നുണ്ട്. ഫോറിൻ കോൺട്രിബ്യൂഷൻ നിർവചനത്തിൽ, കറൻസി, സാധനങ്ങൾ, ഓഹരികൾ എന്നിവയാണ് വരുന്നത്. ഇത് മൂന്നും കേരള സർക്കാരോ ലൈഫ് മിഷനോ കൈപ്പറ്റിയിട്ടില്ല. സ്വാഭാവികമായും സംസ്ഥാനം കുറ്റക്കാരാകില്ല. കാരണം, റെഡ് ക്രസന്റിൽ നിന്നും പണമായോ മറ്റോ ഒരു സഹായവും കേരളം കൈപ്പറ്റിയിട്ടില്ല. വടക്കിഞ്ചേരി പദ്ധതിയിൽ അവർ കോൺസുലേറ്റ് മുഖേന നേരിട്ട് പണം മുടക്കുകയാണ് ചെയ്യുന്നത്.  ഇതിന്റെ ഭാഗമായി യൂണിടാകിനാണ് പണം നൽകുന്നത്. അത് യൂണിടാക് അവർക്ക് നൽകുന്ന സേവനത്തിനുള്ള പ്രതിഫലമാണ്. അതും ഫോറിൻ കോൺട്രിബ്യൂഷന്റെ പരിധിയിൽ വരില്ല. FCRA നിയമത്തിലെ സെക്ഷൻ രണ്ടിൽ പരാമർശിക്കുന്ന  ഫോറിൻ കോൺട്രിബ്യൂഷന്റെ നിർവചനങ്ങളിലെ വിശദീകരണം 3-ൽ ഒരു സ്ഥാപനം നൽകിയ സേവനത്തിന് ലഭിച്ച പ്രതിഫലം ഫോറിൻ കോൺട്രിബ്യൂഷനല്ല എന്ന് വ്യക്തമായും പറയുന്നുണ്ട്. അതുകൊണ്ട് യൂണിടാക് പണം സ്വീകരിച്ചതും നിയമലംഘനമല്ല.

വിദേശ ഏജൻസികളുമായി ധാരണാപത്രം ഒപ്പിടുന്നതിന് മുന്നെ കേന്ദ്രത്തിന്റെ സഹായം വാങ്ങിയില്ലെന്ന പ്രശ്നം FCRAയുടെ പരിധിയിൽ വരുന്നതാണെന്ന് കരുതുന്നില്ല. ഇനിയിപ്പോൾ ആണെങ്കിൽ തന്നെ പ്രളയാനന്തരം കേരളത്തിന് ലഭിക്കുമായിരുന്ന സഹായങ്ങൾ മുടക്കിയത് പോലെ ഇതും മുടക്കാൻ വേണ്ടി കേന്ദ്രത്തോട് അനുവാദം ചോദിക്കേണ്ടതുണ്ടോ എന്നാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങളെ സഹായിക്കാൻ തയ്യാറാകാത്ത, സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജിഎസ്‌ടി കോംപൻസേഷൻ നൽകാതെ വകമാറ്റുന്ന കേന്ദ്രത്തോട് ചോദിക്കാതെ ഒരു സഹായം വാങ്ങിയതിലെ അപാകതകൾ കേരളമങ്ങ് സഹിക്കും.

ഏതായാലും സിബിഐ പറയട്ടെ ബാക്കി കാര്യങ്ങൾ. FCRA ലംഘിച്ച കുരുക്ക് മുറുകി മുറുകി മന്ത്രി കെടി ജലീൽ ഇപ്പോൾ ജയിലിലാണല്ലോ!

ലൈഫ് മിഷൻ മൂന്നാം പ്രതിയാണെന്ന വാദവും നുണ

സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അനിൽ അക്കരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലാണെന്ന് എഫ്ഐആറിൽ തന്നെ പറയുന്നുണ്ട്. പരാതി നൽകിയത് സെപ്തംബർ 20ന്. അഞ്ച് ദിവസത്തിനുള്ളിൽ സിബിഐ എഫ്ഐആറുമിട്ടു. എന്താ ശുഷ്കാന്തി. ടൈറ്റാനിയം അഴിമതിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനം നൽകിയ അപേക്ഷ എട്ട് മാസമായി സിബിഐ ഓഫീസിൽ പൊടി പിടിച്ച് കിടപ്പുണ്ടാകും. കേന്ദ്രം ഭരിക്കുന്നവരുടെ താൽപര്യം കൂടി ഇതിൽ പ്രധാനമാണല്ലോ അല്ലേ. സലിംരാജിന്റെ ഫോൺ സിബിഐ കസ്റ്റഡിയിൽ നിന്ന് കാണാതായത് നമ്മൾ കണ്ടതാണല്ലോ. അതവിടെ നിൽക്കട്ടെ. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകളും ഗൂഡാലോചനക്കുറ്റവുമാണ് എഫ്ഐആറിൽ ചാർജ് ചെയ്തിട്ടുള്ളത്.

അക്യൂസ്ഡായി എഫ്ഐആറിൽ പറഞ്ഞിട്ടുള്ളത് യൂണിടാകിനെയും സ്വൈൻ വെഞ്ചേഴ്സിനെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പൊതുസേവകരെയും മറ്റ് വ്യക്തികളെയുമാണ്. അതായത് ലൈഫ് മിഷൻ മൂന്നാം പ്രതിയാണെന്ന വാദം തെറ്റാണ്. കേരളത്തിലെ മുഖ്യധാരാപത്രങ്ങളൊക്കെ ഏത് എഫ്ഐആർ വായിച്ചാണ് ലൈഫ് മിഷനെ പ്രതിയാക്കി കേസെടുത്തു എന്ന് പറയുന്നത്.  തിരിച്ചറിഞ്ഞിട്ടില്ലാത്ത പൊതുസേവകരിൽ ലൈഫ് മുതൽ മുഖ്യമന്ത്രിയെ വരെ ഉൾപ്പെടുത്തുന്നതൊക്കെ അൽപം കടന്ന കയ്യല്ലേ. എഫ്സിആർഎ ലംഘനത്തിന്റെ കേസിൽ യൂണിടാകിന് പണം കൈമാറിയ റെഡ് ക്രസന്റോ കോൺസുലേറ്റോ അക്യൂസ്ഡ് അല്ലതാനും.

image 2

image 2


മറ്റൊരു കാര്യമാണ് പ്രധാനമായും പറയാനുള്ളത്. വടക്കാഞ്ചേരി എംഎൽഎ ഒരു വലിയ നുണ അദ്ദേഹത്തിന്റെ പരാതിയിൽ എഴുതിയിട്ടുണ്ട്(ഇമേജ് 2). യൂണിടാക് കമ്പനിയെ ഈ പ്രൊജക്ട് നടപ്പാക്കുന്നതിന് നിശ്ചയിച്ചത് ലൈഫ് മിഷനാണ് എന്ന പച്ചക്കള്ളമാണ് എംഎൽഎ പരാതിയിൽ എഴുതിയിട്ടുള്ളത്. എന്താണ് വാസ്തവം. 2019 ജൂലൈ 31ന് യുഎഇ കോൺസുലേറ്റും യൂണിടാകും തമ്മിൽ ഏർപ്പെട്ടിട്ടുള്ള കരാർ ഒരു മാസം മുമ്പ് തന്നെ പുറത്തു വന്നതാണ്. അത് പ്രകാരം കോൺസുലേറ്റാണ് അവർ നടത്തിയ ടെൻഡർ നടപടികളിലൂടെ യൂണിടാകിനെ തെരഞ്ഞെടുത്തത് എന്ന് പകൽ പോലെ വ്യക്തമാണ്(ഇമേജ് 3,4). യൂണിടാകിന് ഈ പ്രൊജക്ട് കോൺസുലേറ്റ് നൽകിയ ശേഷം അവർ പ്ലാൻ ലൈഫ് മിഷന് സമർപ്പിച്ച് അംഗീകാരം വാങ്ങുകയാണ് ചെയ്തത്. റെഡ് ക്രസന്റും ലൈഫ് മിഷനും ചേർന്ന് ഏർപ്പെട്ട എംഒയുവിൽ പറഞ്ഞിട്ടുള്ളത് പ്രകാരമാണ് ഈ അംഗീകാരം ലൈഫ് മിഷൻ നൽകിയത്.

ഇതൊക്കെ മാധ്യമങ്ങളിലൂടെ തെളിവ് സഹിതം പുറത്ത് വന്ന് പബ്ലിക് ഡൊമയ്നിൽ ലഭ്യമായ വസ്തുതകളാണ്. എന്നിട്ടും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാണ് അനിൽ അക്കര സിബിഐക്ക് പരാതി നൽകിയത്. വ്യാജപരാതിയിലാണ് സിബിഐ അന്വേഷണം നടത്തുന്നതെന്ന് ചുരുക്കം.

Image 4

Image 4
വേറൊരു തമാശ കൂടിയുണ്ട്. അക്കര നൽകിയ പരാതിയിൽ റെഡ് ക്രസന്റ് സഹായം പത്ത് ലക്ഷം ദിർഹംസാണ് എന്ന് പരാമർശിച്ചിട്ടുണ്ട്. അത് കൺവർട്ട് ചെയ്താൽ രണ്ട് കോടി രൂപയാണ് വരിക. ഈ രണ്ട് കോടി രൂപയിലാണ്  9 കോടിയുടെ അഴിമതി നടന്നെന്ന് അക്കര പരാതിയിൽ ആക്ഷേപിച്ചിട്ടുള്ളത്. എന്താല്ലേ. 9 കോടിയുടെ അഴിമതിയാരോപണം അതിലും കോമഡിയാണ്. അത് പോട്ടെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top