23 March Thursday

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് മാതൃകകാട്ടി എം ബി രാജേഷും ടി വി രാജേഷും

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2017

കൊച്ചി > കുട്ടികളെല്ലാം പൊതുവിദ്യാലയത്തിലേക്ക് എന്ന സന്ദേശം യാഥാര്‍ത്ഥ്യമാക്കാന്‍ മാതൃകകാട്ടി എം ബി രാജേഷ് എംപിയും ടി വി രാജേഷ് എംഎല്‍എയും.

എം ബി രാജേഷിന്റെ രണ്ടാമത്തെ മകള്‍ പ്രിയദത്തയെ പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ. എല്‍പി സ്ക്കൂളില്‍ ഒന്നാം ക്ളാസ്സില്‍ ചേര്‍ത്തു. മൂത്ത മകള്‍ നിരഞ്ജനയെ ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ എട്ടാം ക്ളാസ്സിലും ചേര്‍ത്തു.

ടി വി രാജേഷ് എംഎല്‍എ മകന്‍ ആദിലിനെ കണ്ണൂര്‍ വിളയാങ്കോട് സെന്റ് മേരീസ് എല്‍പി സ്കൂളില്‍ ഒന്നാം ക്ളാസില്‍ ചേര്‍ത്തു. രാജേഷിന്റെ മകളും ഇവിടെത്തന്നെയാണ് പഠിക്കുന്നത്.  സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായാ ടി വി രാജേഷ് പിടിഎ അംഗവുമാണ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും മക്കളുടെ സ്കൂള്‍ പ്രവേശന വിവരം പങ്കുവെച്ചത്.

എം ബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വ്യക്തിപരമായ വിശേഷങ്ങൾ അത്യപൂർവ്വമായേ ഞാനിവിടെ പങ്കുവക്കാറുള്ളൂ.എന്നാൽ, ഇനി പറയാൻ പോകുന്ന വിശേഷം വ്യക്തിപരമാണെങ്കിലും ഒരു സാമൂഹിക ഉള്ളടക്കം കൂടി ഉള്ളതാണ് എന്നതുകൊണ്ട് ഇവിടെ പറയുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. രണ്ടാമത്തെ മകൾ പ്രിയദത്ത(തങ്കി)യെ പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ.എൽ.പി.സ്‌ക്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തു. മൂത്ത മകൾ നിരഞ്ജന (കുഞ്ഞു)യെ ഗവ.മോയൻസ് ഗേൾസ് ഹയർസെക്കന്ററി സ്‌ക്കൂളിൽ എട്ടാം ക്ലാസ്സിലും. കേന്ദ്രീയ വിദ്യാലയയിൽ എം.പി.മാരുടെ മക്കൾക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നു വച്ചിട്ടാണ് സർക്കാർ സ്‌ക്കൂളിൽ തന്നെ കുട്ടികളെ ചേർക്കാൻ തീരുമാനിച്ചത്. (കേന്ദ്രീയ വിദ്യാലയവും സർക്കാർ സ്‌ക്കൂളാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവിടെ മലയാളം പഠിപ്പിക്കാൻ നിർവ്വാഹമില്ല.)

എം.പി.യെന്ന നിലയിൽ അനേകം പേർക്ക് അവർ മികച്ചതെന്ന് കരുതുന്ന സ്വകാര്യവിദ്യാലയങ്ങളിലെ പ്രവേശനത്തിന് ശുപാർശ കത്ത് കൊടുത്തിട്ടുണ്ട്. അതിനും പുറമേ കേന്ദ്രീയ വിദ്യാലയത്തിൽ എം.പി. ക്വാട്ടയിലുള്ള പത്ത് സീറ്റിലേക്ക് മറ്റ് കുട്ടികൾക്ക് പ്രവേശനവും നൽകാറുണ്ട്. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സർക്കാർ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാൻ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കാൻ പ്രേരണയായ ഘടകങ്ങളാണ്.

ഒപ്പം വിദ്യാർത്ഥി പ്രവർത്തകനായിരുന്ന കാലം മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പോലീസ് മർദ്ദനത്തിന്റെയും ജയിൽ വാസത്തിന്റെയും ഓർമ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്ന നിർബന്ധത്തിന് പിന്നിലുണ്ട്. ഒരു കാര്യം പ്രത്യേകം ചേർക്കട്ടെ. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ 'ഇല്ല' എന്നാണ് രേഖപ്പെടുത്തിയത്. പന്തിഭോജനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരമൊരു കാര്യം ചെയ്യാനായതിൽ അഭിമാനിക്കുന്നു.

ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരത്തിന്റെയും അ റിവിന്റെയും പ്രകാശ ലോകത്തേക്ക് ആദ്യം പടികടന്നെത്തുന്ന ഈ പ്രവേശനോത്സമാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ ഏറ്റവും ജനകീയ ഉത്സവം. ജാതിയുടെയും മതത്തിന്റെയും പരിവേഷമില്ലാത്ത, എല്ലാവർക്കും ഒന്നിച്ചാഘോഷിക്കാവുന്ന അറിവുത്സവം. ആദ്യമായി സ്‌ക്കൂളിൽ പോകുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.

വാൽക്കഷണം: എണ്ണൂറോളം പേരാണ് കേന്ദ്രീയ വിദ്യാലയത്തിലെ 10 സീറ്റിനായി സമീപിച്ചത്. കിട്ടാത്ത പലർക്കും എന്നോട് നീരസം തോന്നിയിട്ടുണ്ടാവും. ഇത് വായിക്കുമ്പോൾ അതൽപ്പം കുറയുമെന്ന് വിചാരിക്കുന്നു.

ടി വി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഞാൻ പഠിച്ച, ഇപ്പോൾ പി.ടി.എ.അംഗമായ എന്റെ നാട്ടിലെ വിളയാംങ്കോട് സെന്റ് മേരീസ് യഎൽ പി സ്കൂളിന്റെ വർണ്ണാഭമായ പ്രവേശനോൽസവം വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. മകൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഇത്തവണ മകൻ ആദേലും ഉണ്ട്.ഒന്നാം ക്ലാസ്സിൽ ഇത്തവണ 185 കുട്ടികൾ.... (പിണറായി സർക്കാറിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം ജനങ്ങൾ ഏറ്റെടുത്തുവെന്നതിന് തെളിവാണ് ഒന്നാം ക്ലാസ്സിൽ 4 ഡിവിഷനുള്ള ഈ പൊതുവിദ്യാലയം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top