31 January Tuesday

‘ഒരു ശരാശരി മധ്യവർഗ്ഗ മലയാളിയുടെ തലച്ചോറ് സ്പോഞ്ച് പോലെയാണ്. അത് പിഴിഞ്ഞാൽ ലഭിക്കുക മാലിന്യം മാത്രം!’; റേഡിയോ ജോക്കി മിഥുനും കീഴാറ്റൂരും തമ്മിലെന്ത്‌? ‐ജിതിൻ ഗോപാലകൃഷ്‌ണൻ എഴുതുന്നു...

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018
സിപിഐ എമ്മിനെ വികസന വിരുദ്ധരായി ചിത്രീകരിക്കുന്ന പ്രചരണങ്ങളെയും അത്തരം പ്രചരണങ്ങൾ നടത്തുന്നവരുടെ കീഴാറ്റൂരിലെ ഇരട്ടത്താപ്പിനെയും തുറന്നുകാട്ടി ജിതിൻ ഗോപാലകൃഷ്‌ണന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. സിപിഐ എമ്മിനെതിരെ റേഡിയോ ജോക്കിയായ മിഥുൻ നടത്തിയ പ്രസ്‌താവനക്കുള്ള മറുപടിയായാണ്‌ ജിതിൻ ഗോപാലകൃഷ്‌ണൻ തന്റെ  ഫേസ്‌ബുക്ക് പോസ്‌റ്റ്‌ എഴുതിയിരിക്കുന്നത്‌.


ജിതിൻ ഗോപാലകൃഷ്‌ണന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

റേഡിയോ ജോക്കി മിഥുനും കീഴാറ്റൂരും തമ്മിൽ

"കടത്തുകാരന്റെ ജോലി നഷ്ടപ്പെടുമെന്നും പറഞ്ഞുകൊണ്ട് പാലം വരുന്നതിനെ എതിർത്ത പാർടിയാണ് സിപിഐഎം".

മിഥുൻ എന്ന റേഡിയോ ജോക്കി ഇന്നലെ പറഞ്ഞതാണ്. മിഥുൻ മാത്രമല്ല ഇത്തരത്തിൽ ഇമ്മാതിരി വെളിവില്ലായ്മ വിളിച്ചുപറയാറുള്ളത് എന്ന് ആമുഖമായി പറഞ്ഞുകൊണ്ട് കാര്യത്തിലേക്ക് കടക്കട്ടെ.

ഏലൂരിലെ എഫ്എസിടി തകർച്ചയിലാവാൻ കാരണം നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഭാഗമായി അവിടത്തെ പ്രധാന ഉല്പന്നമായിരുന്ന കാപ്രോലാക്റ്റത്തിന്റെ 85% ആയിരുന്ന ഇറക്കുമതി ചുങ്കം ഇന്ത്യയിൽ കുത്തനെ വെട്ടികുറച്ചതുമൂലമായിരുന്നു. ഇറക്കുമതി ചുങ്കം കുറഞ്ഞപ്പോൾ അമേരിക്കൻ കാപ്രോലാക്റ്റം ഇന്ത്യൻ വിപണിയിൽ കുറഞ്ഞവിലയ്ക്ക് ലഭിക്കുമെന്ന സ്‌ഥിതി വന്നു. FACTന്റെ ഉൽപ്പന്നം വിറ്റുപോവാതെ ഏലൂരിലെ ഫാക്റ്ററിയിൽ കെട്ടിക്കിടന്നു. FACT തകർച്ചയിലാവുന്നത് നവലിബറൽ നയങ്ങൾ മൂലം ഇവ്വിധമാണെന്ന് അത്യാവശ്യം ബോധമുള്ളവർക്ക് മനസ്സിലാവും. എന്നാൽ ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾ പ്രചരിപ്പിച്ച കഥയെന്താണ്? CITU സമരം ചെയ്തുചെയ്താണ് FACTനെ തകർത്തത് എന്നാണ് മനോരമയാദി മാധ്യമങ്ങളും മറ്റും പറഞ്ഞുനടന്നത്. ഇന്നും പറഞ്ഞുനടക്കുന്നത്. എന്തിനേറെ പറയണം, FACT തകർച്ചയിലായതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരമായി കെൽട്രോൺ ജീവനക്കാരനായിരുന്ന സീ. ആർ. നീലകണ്ഠനുവരെ CITU തൊഴിലാളികളെപ്പറ്റി ഏറെ കുറ്റം പറയാനുണ്ടാകും. അത്രയ്ക്കും ശക്തമായ ട്രേഡ് യൂണിയൻ വിരുദ്ധ പൊതുബോധമാണ് മധ്യവർഗ്ഗ മലയാളിയുടെ മനസ്സിൽ പതിഞ്ഞുപോയിരിക്കുന്നത്.

കൊമ്പൻ മീശയും ചട്ടമ്പി ലുക്കുമുള്ള തൊഴിലാളി നേതാവിനെയേ മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റ് ഗോപീകൃഷ്‌ണന് സങ്കൽപ്പിക്കാൻ കഴിയുകയുള്ളൂ. ഇടതു ട്രേഡ് യൂണിയൻ വിരുദ്ധതയ്ക്കുള്ള മാർക്കറ്റും ഭീകരമാണ് കേരളത്തിൽ. ഇടത് എന്നുപറയുമ്പോൾ സിപിഐഎം എന്നുതന്നെ മനസ്സിലാക്കണം. ചീപ്പീഐക്ക് അന്നും ഇന്നും വലത്താണ് കൂറ്. അതുകൊണ്ടുതന്നെ മധ്യവർഗ്ഗ പൊതുബോധത്തിന് സിപിഐയോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. ഈയിടെ സിപിഐ/എഐവൈഎഫ് ഉപരോധം മൂലം വ്യവസായം തുടങ്ങാൻ കഴിയാതെ കൊല്ലം ജില്ലയിൽ ഒരു വ്യക്തി ആത്മഹത്യ ചെയ്ത സംഭവം നോക്കുക. പേരിനുപോലും മാധ്യമ വിചാരണ സിപിഐക്ക് നേരിടേണ്ടിവന്നില്ല. പ്രതിസ്‌ഥാനത്ത്‌ ഡിവൈഎഫ്ഐക്കാരോ CITU ക്കാരോ ആയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം.

സിപിഐഎമ്മിനെയും CITUവിനേയുമാണ് കേരളത്തിലെ വികസന മുരടിപ്പിനും വ്യാവസായിക പിന്നോക്കാവസ്ഥക്കും പ്രതിസ്‌ഥാനത്ത് നിർത്തിയിരിക്കുന്നത്. ഈയിടെ ഉണ്ടായ ആം ആദ്മി എന്ന പാർടിയുടെ പോലും നിലപാട് ഇക്കാര്യത്തിൽ ഇതാണ്. ആ പാർടിയുടെ ഐഡിയോളജി തന്നെ ട്രേഡ് യൂണിയൻ വിരുദ്ധതയുമാണ്. സംശയമുണ്ടെങ്കിൽ കേജ്രിവാൾ തീർത്തുതരും. കേരളത്തിൽ പൊതുബോധത്തെ സോപ്പിട്ട് സ്‌കോർ ചെയ്യണമെങ്കിൽ മറ്റ് ഗിമ്മിക്കുകൾക്കൊപ്പം ആവശ്യത്തിന് സിപിഐഎം വിരുദ്ധതകൂടി പ്രകടിപ്പിച്ചേ മതിയാകൂ. മിഥുൻ മേലെപ്പറഞ്ഞതുതന്നെയാണ് രാജ്യസഭാ എംപി സുരേഷ് ഗോപി എന്നും പ്രസംഗിച്ചു നടക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി പബ്ലിക്കായി തല മൊട്ടയടിച്ച്‌ ഷോ കാണിച്ചതിനുശേഷം അയാൾ പറഞ്ഞത് ഓർത്തുനോക്കുക. സിപിഐ എം സുരേഷ് ഗോപിയെ സംബന്ധിച്ച് എന്നും വികസനം മുടക്കികളാണ്.

ട്രാക്റ്ററിനെതിരെ സമരം ചെയ്തവരാണ് സിപിഐഎമ്മുകാരെന്ന് തന്റെ വഷളൻ ചിരിയോടുകൂടെയുള്ള വിഎം സുധീരന്റെ പ്രസംഗം മലയാളികൾ എത്ര തവണ കേട്ടിരിക്കുന്നു. വികസന വിരോധികളെന്നും വെട്ടി നിരത്തലുകാരെന്നും സിപിഐഎമ്മിനെ എത്രകാലമായി കോൺഗ്രസ്സുകാർ വിമർശിച്ചുപോരുന്നു.

അടിയന്തിരാവസ്‌ഥയിൽ ഏറ്റവും വലിയ ചെറുത്തുനിൽപ്പുണ്ടായ സംസ്‌ഥാനമായിരുന്നു കേരളം. സിവിക് ചന്ദ്രനൊക്കെ നടത്തിയ കാൽപ്പനിക, ഉടായിപ്പ് പരിപാടികളെക്കുറിച്ചല്ല ഉദ്ദേശിച്ചത്. രാഷ്ട്രീയപോരാട്ടങ്ങളെക്കുറിച്ചാണ് പറഞ്ഞത്. വലിയ ചെറുത്തുനിൽപ്പുണ്ടായിട്ടും 77ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയൊട്ടാകെ കോൺഗ്രസ്സിനെ തള്ളിയ വേളയിലും കേരളത്തിൽ കോൺഗ്രസ് ജയിച്ചുകയറി. ഇവിടത്തെ മധ്യവർഗം തങ്ങളുടെ വളർച്ച പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു അത്. അടിയന്തിരാവസ്‌ഥക്കാലത്തെ സോ കോൾഡ് അച്ചടക്കവും ഓഫീസുകളിലെ കൃത്യനിഷ്ഠയും സമരങ്ങളില്ലാത്ത അവസ്‌ഥയും മലയാളി മധ്യവർഗ്ഗത്തിന് നന്നേ ബോധിച്ചിരുന്നു. അടിയന്തിരാവസ്‌ഥക്ക് ശേഷം ഈ മധ്യവർഗം സൃഷ്ടിച്ചെടുത്ത പൊതുബോധത്തോട് മല്ലിട്ടാണ്, അതിനെ എഫക്റ്റീവായി കൗണ്ടർ ചെയ്തുകൊണ്ടാണ് സിപിഐ എം കേരള രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി, സീആർ നീലകണ്ഠൻ, വിഎം സുധീരൻ എന്നുവേണ്ട സകല മധ്യവർഗ്ഗ മൂരാച്ചികളും ഉൽപ്പാദിപ്പിക്കുന്ന സിപിഐ എം വിരുദ്ധതയെ നിർവീര്യമാക്കാൻപോന്ന ജനപിന്തുണയാണ് സിപിഐഎമ്മിനുള്ളതും.

ഉപസംഹാരം:
മിഥുൻ മറുപടി അർഹിക്കുന്നില്ല. ഒരു ശരാശരി മധ്യവർഗ്ഗ മലയാളിയുടെ തലച്ചോറ് സ്പോഞ്ച് പോലെയാണ്. അത് പിഴിഞ്ഞാൽ ഇതുക്കൂട്ട് മാലിന്യങ്ങളേ വരുകയുമുള്ളൂ. എന്നാൽ ഇന്ന് കീഴാറ്റൂരിൽ രാകിപ്പറന്ന സുരേഷ് ഗോപി, വിഎം സുധീരൻ, സിആർ നീലകണ്ഠൻ തുടങ്ങിയ ഇച്ചിരി വിഷമുള്ള ഐറ്റങ്ങൾക്ക് പക്ഷേ തലച്ചോറിലെ മാലിന്യപ്രശ്നം മാത്രമല്ല, ഉളുപ്പില്ലായ്മയും നല്ലവണ്ണമുണ്ട്. ആ സ്‌ഥിതിക്ക് പത്തുപന്ത്രണ്ടുകൊല്ലം കഴിഞ്ഞാൽ ഉത്തരകേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിൽ, ഒരുപക്ഷേ കീഴാറ്റൂരിൽ തന്നെ 'നല്ല ഗതാഗത സൗകര്യം പൗരന്റെ അവകാശമാണെ'ന്നും പറഞ്ഞുള്ള മിഡിൽ ക്ലാസ് സമരത്തിന്റെ മുൻപന്തിയിലും ഇക്കൂട്ടരെ കണ്ടേക്കാം. റോഡുമുടക്കികളായും വികസന വിരോധികളായും അന്നും അവരൊക്ക സിപിഐഎമ്മിനെ തന്നെ പ്രതിസ്‌ഥാനത്ത് നിർത്തുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top