29 May Monday

'ഇത് കളി വേറെ കളിക്കാരും' ഇ പി യുടെ രാജിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ സിപിഐ എമ്മിനു പ്രശംസ

വെബ് ഡെസ്‌ക്‌Updated: Friday Oct 14, 2016

കൊച്ചി > വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചതില്‍  സിപിഐ എമ്മിനെ പ്രശംസിച്ച് സാമൂഹ്യമാധ്യമങ്ങള്‍. തെറ്റ് ഉള്‍കൊണ്ട് തിരുത്താന്‍ ഉള്ള ആര്‍ജ്ജവം കാണിച്ച പാര്‍ടി നടപടി മറ്റ് പാര്‍ടികളില്‍ നിന്നും മുന്‍കാല ഗവര്‍മെന്റുകളില്‍ നിന്നും വ്യത്യസ്തമായ നടപടി ആണെന്നും ചൂണ്ടികാട്ടി മന്ത്രിയുടെ രാജിയെ സാമൂഹ്യമാധ്യമങ്ങള്‍ പിന്തുണയ്ക്കുകയാണ്. യു ഡി എഫ് അല്ല, ഇത് എല്‍ ഡി എഫാണ് കോണ്‍ഗ്രസ് അല്ല, ഇത് സി പി ഐ എമ്മാണ് എന്ന തരത്തിലാണ് പ്രതികരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രാജിയെ സ്വാഗതം ചെയ്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സാധാരണ ജനങ്ങളുമടക്കം നിരവധിയാളുകളാണ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടത്. യുഡിഎഫ് എംഎല്‍എ വി ടി ബല്‍റാമിന്റെ പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രവഹിക്കുന്നുണ്ട്. ഫസ്റ്റ് വിക്കറ്റ് വീണോ എന്ന് ചോദിച്ച് ബല്‍റാം ഇന്നലെ പോസ്റ്റ് ഇട്ടിരുന്നു.

വീണു സാര്‍.

ഉളുപ്പില്ലായ്മയുടെ കൂടംകൊണ്ട് കുറ്റി അടിച്ചിറക്കി കോണ്‍ഗ്രസുകാര്‍ കളിക്കുന്ന കളിമാത്രമേ സാര്‍ കണ്ടുകാണൂ. പിന്നെ നാട്ടുകാര്‍ ജെ സി ബി കൊണ്ട് മൂടോടെ പിഴുത് ദൂരെക്കളയുന്നതും.

ഇത് കളി വേറെ, കളിക്കാരും.– ബല്‍റാമിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഡെക്കാന്‍ ക്രോണിക്കിള്‍ റസിഡന്റ് എഡിറ്റര്‍  കെ ജെ ജേക്കബ് ഫേസ്‌ബുക്കില്‍ മറുപടി നല്‍കി.


യു ഡി എഫ് അല്ല, ഇത് എല്‍ ഡി എഫാണ്.
കോണ്‍ഗ്രസ് അല്ല, സി പി ഐ എമ്മാണ്.
അതാണ് വ്യത്യാസം. അഴിമതിക്കേസുകളില്‍ തെളിവിന്റെ കൂമ്പാരങ്ങള്‍ വന്നു നിരന്നിട്ടും കോടതികള്‍ നേരിട്ട് കുറ്റപെടുത്തിയിട്ടും തെളിവെവിടെ...തെളിവെവിടെ  എന്ന് ചോദിച്ചു നാടിനെ പരിഹസിച്ച ഉമ്മന്‍ചാണ്ടിയെവിടെ, തെറ്റുകള്‍ തിരുത്താനും ജനങളുടെ വിശ്വാസം കാത്തു സൂക്ഷിക്കാനും ആര്‍ജവത്തോടെ നെഞ്ചു വിരിച്ചു തയാറാകുന്ന എല്‍ ഡി എഫ് സര്‍ക്കാരെവിടെ.
ഉമ്മന്‍ചാണ്ടിയല്ല, പിണറായി വിജയന്‍. – ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്


നട്ടെല്ലിന്റെ സ്ഥാനത്ത് റബ്ബറല്ല എന്ന് പിണറായി ഒരിക്കല്‍ കൂടി തെളിയിച്ചു.. ഇ പി ജയരാജന്റെ രാജി എന്നത് നിസാരമായ ഒരു തീരുമാനമല്ല.. സി പി എം രാഷ്ട്രീയത്തിനകത്തും വലിയ ഓളങ്ങളുണ്ടാക്കാവുന്ന രാജിയാണ് .. വലം കൈ എന്ന് വിശേഷിപ്പിക്കുന്ന നേതാവിനെ സംരക്ഷിക്കാതെ മാറ്റി നിര്‍ത്തി പിണറായി വിജയന്‍ കരുത്ത് കാട്ടിയിരിക്കുന്നു .. രാവിലെ എസ് എ പി ക്യാമ്പില്‍ സംസാരിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് നല്ല തെളിച്ചവും മൂര്‍ച്ചയും ഉണ്ടായിരുന്നു ..കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കുന്നുന്ന്െ...അപ്പോള്‍കഴിഞ്ഞ അഞ്ച് വര്‍ഷം രാജി വയ്ക്കാത്ത മന്ത്രിമാര്‍ക്ക് ഇനീം അവസരമുണ്ട് . ഇപ്പോ മന്ത്രിമാരല്ലെങ്കിലും എങ്ങനെ രാജി വയ്ക്കാം എന്നൊക്കെ അറിഞ്ഞിരിക്കാമല്ലോ.....ഇത്തവണയെങ്കിലും രാജി വയ്ക്കണം ...ബ്ളീസ്.... മുതിര്‍ന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ ലല്ലു ശശിധരന്‍ പ്രതികരിച്ചു.

വിക്കറ്റ് വീണതല്ല ബലറാം. ഹീ വാള്‍ക്ക്ഡ്. അംപയര്‍ക്ക് കോള്‍ ചെയ്യാന്‍ അവസരംപോലും ഉണ്ടായില്ല. സ്വയം പുറത്തേക്ക് പോകുകയാണ്. അത്തരം ഒരു പ്രസിഡന്റ് സൃഷ്ടിക്കുന്ന ഇംപാക്റ്റ് താങ്കളിനിയും മനസിലാക്കാനിരിക്കുന്നതേയുള്ളു.
ബാറ്റ് കൊണ്ടു എന്ന് ഗ്യാലറി മുഴുവന്‍ ആര്‍ത്തുവിളിച്ചിട്ടും, അംപയര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടും, തെളിവുണ്ടോ എന്ന പ്രയോഗത്തെ ഇതിഹാസമാക്കിയ, മനസാക്ഷിയെ ഷീല്‍ഡാക്കിയ നേതാവിന്‍റെ അണിക്ക് അത് മനസിലാക്കാനുള്ള ക്രിക്കറ്റിങ് എത്തിക്സോ പൊളിറ്റിക്കല്‍ സെന്‍സോ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അനുപമ മോഹന്‍ കുറിച്ചു.


//പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സുയര്‍ത്താന്‍ തെറ്റ് തിരിച്ചറിഞ്ഞ് രാജി വയ്ക്കുന്നു എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞതെന്ന് കോടിയേരി//
ഒരു സംശയവും വേണ്ട
ഈ തീരുമാനം
പിണറായി സര്‍ക്കാരിന്റേയും
സിപിഎമ്മിന്റെയും
യശസ്സുയര്‍ത്തുന്നത്
തന്നെയാണ്.
...................
ആരോപണങ്ങളെ ആലവട്ടമാക്കി
കസേരയില്‍നിന്ന് ചന്തിയനക്കാതിരുന്ന
ചിലരെ സ്മരിയ്ക്കാന്‍ ഒരവസരം കൂടി.

ഹര്‍ഷന്‍ (മാതൃഭൂമി ന്യുസ് )

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top