ഒഴുകുന്നു, മധുരഗീതങ്ങളുടെ പാലാഴി

ആറു പതിറ്റാണ്ടോളം മധുരഗീതങ്ങളുടെ മഹാപ്രവാഹം തീര്‍ത്ത വി ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്. പാട്ടിന്റെ പാലാഴി തീര്‍ത്ത്, സ്വാമി പാട്ടുപാടി ഉറക്കിയത് തലമുറകളെ. ആയിരത്തിലേറെ ശ്രുതിമധുര ഗാനങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ ഹൃദയസരസ്സിലെ പ്രണയ പുഷ്പമായി വിരാജിച്ചു.
മലയാളത്തിനും തമിഴിനും ശുദ്ധസംഗീതത്തിന്റെ മധുരം പകര്‍ന്നാണ് സ്വാമി 2013 ആഗസ്ത് 2ന് അരങ്ങൊഴിഞ്ഞത്. മലയാള സനിമാഗാന ശാഖയ്ക്ക് പ്രത്യേക മേല്‍വിലാസമില്ലാത്ത കാലത്തായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. 1950 കളില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീതസപര്യ ജീവിതാവസാനം വരെ തുടര്‍ന്നു.
മൂന്ന് തലമുറയിലെ ഗായകരുമൊത്ത് പുതിയ ഈണങ്ങളില്‍ ഗന്ധര്‍വ സംഗീതം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം. നിരന്തര സാധന അദ്ദേഹത്തിലെ സംഗീതജ്ഞന്റെ മാറ്റുകൂട്ടി. 1950 ല്‍ "നല്ല തങ്ക' യില്‍ തുടങ്ങി 2008 ലെ മിഴികള്‍ സാക്ഷിവരെ നാല് ദശകത്തിലായി 126 ചലച്ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ആയിരത്തിലധികം പാട്ടുകളാണ് അദ്ദേഹത്തിന്റെ കൈയ്യൊപ്പാടെ പുറത്തിറങ്ങിയത്. കാസറ്റുകള്‍ക്കു വേണ്ടിയും ഈണം പകര്‍ന്നു. അവയിലേറെയും കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളുമായിരുന്നു. അദ്ദേഹം രചിച്ച കീര്‍ത്തനങ്ങളും ഇതിലുള്‍പ്പെടും. നാല് തമിഴ് സിനിമയ്ക്കും സംഗീത സംവിധാനം നിര്‍വഹിച്ചു.
ശ്രീകുമാരന്‍ തമ്പിയുമൊത്തുള്ള കൂട്ടുകെട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വയലാര്‍- ദേവരാജന്‍, പി ഭാസ്കരന്‍- ബാബുരാജ്, പി ഭാസ്കരന്‍-കെ രാഘവന്‍ എന്നതുപോലെ ശ്രീകുമാരന്‍തമ്പി- ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ട് വര്‍ഷങ്ങളോളം മലയാള സിനിമയില്‍ ഗാനമാല തന്നെ തീര്‍ത്തു. പ്രശസ്ത നടന്‍കൂടിയായിരുന്ന അഗസ്റ്റിന്‍ ജോസഫ് ദക്ഷിണാമൂര്‍ത്തിയുടെ സംഗീത സംവിധാനത്തില്‍ "നല്ല തങ്ക' തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഗാനമാലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന്‍ കെ ജെ യേശുദാസും ദക്ഷിണാമൂര്‍ത്തിയുടെ സംവിധാനത്തില്‍ നിരവധിഗാനങ്ങള്‍ ആലപിച്ചു.
പാട്ടുപാടി ഉറക്കാം ഞാന്‍ (സീത), പ്രിയ മാനസാ നീവാ വാ (ചിലമ്പൊലി), കാട്ടിലെ പാഴ്മുളം തണ്ടില്‍നിന്നും (വിലയ്ക്കുവാങ്ങിയ വീണ), പൊന്‍വെയില്‍ മണിക്കച്ച (നൃത്തശാല), ഉത്തരാസ്വയംവരം (ഡെയ്ഞ്ചര്‍ ബിസ്ക്കറ്റ്), ഹൃദയസരസ്സിലേ പ്രണയപുഷ്പമേ (പാടുന്ന പുഴ), ചിത്രശിലാപാളികള്‍കൊണ്ടൊരു (ബ്രഹ്മചാരി), ഹര്‍ഷബാഷ്പം തൂകി (മുത്തശ്ശി), വാതില്‍പഴുതിലൂടെന്മുന്നില്‍ കുങ്കുമം (ഇടനാഴിയില്‍ ഒരു കാലൊച്ച) തുടങ്ങിയവ മലയാളികളുടെ ചുണ്ടില്‍ ഇന്നും തത്തിക്കളിക്കുന്ന ഗാനങ്ങളാണ്.
കണ്ണൂര്‍ ജില്ലയിലെ മക്രേരി ക്ഷേത്രത്തിലെ ത്യാഗരാജ അഖണ്ഡ സംഗീതാര്‍ച്ചന അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു. ത്യാഗരാജകീര്‍ത്തനങ്ങളിലെ അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യം ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയ സംഗീതാര്‍ച്ചനയിലൂടെ സംഗീതപ്രേമികള്‍ അടുത്തറിഞ്ഞു. 24 മണിക്കൂര്‍ നീളുന്ന സംഗീതാര്‍ച്ചനയിലെ പങ്കാളിത്തത്തിലുണ്ടായ വര്‍ധന ആരാധനയ്ക്കപ്പുറം മറ്റൊരു തലം കൂടി സൃഷ്ടിച്ചു. അനുഭവജ്ഞാനത്തിന്റെ നിറകുടത്തിനൊപ്പം പാടാന്‍ പുതുതലമുറ ഒഴുകിയെത്തിയപ്പോള്‍ സംഗീതത്തിന് മറ്റെന്തിനെക്കാളും ഉയര്‍ന്ന സ്ഥാനമുണ്ടെന്ന് അദ്ദേഹം തന്നെ തെളിയിക്കുകയായിരുന്നു.
കുങ്കുമം വാരി വിതറും ത്രിസന്ധ്യകള്‍ വീണ്ടും കടന്നു പോകുന്നു. ഓര്‍മകളുടെ വാതില്‍പ്പഴുതിലൂടെ കേള്‍ക്കുന്നുണ്ട്, ഇടനാഴിയിലെ ആ കളമധുരമാം കാലൊച്ച.








0 comments