ad
Deshabhimani

print edition വിക്ടോറിയ എന്ന ഓർമപ്പെടുത്തൽ

victoria malayalam movie
avatar
ജിഷ അഭിനയ

Published on Dec 07, 2025, 12:00 AM | 2 min read

ചില പെൺജീവിതങ്ങൾ ഇങ്ങനെയുമാണ്‌. എത്രകണ്ട്‌ വിശാലമായി ചിന്തിച്ചാലും പിന്നിത്തുടങ്ങിയ കുപ്പായംപോലെ അതങ്ങനെ വലിഞ്ഞുകീറി കിടക്കും, നേർച്ചക്കോഴി കണക്കേ. ഇരുകാലുകളും ഇറുക്കെ കെട്ടി... ‘വിക്ടോറിയ' ഒരു ഓർമപ്പെടുത്തൽ കൂടിയാണ്‌. ഇനിയും ഉണരേണ്ടുന്ന ജീവിതങ്ങളെക്കുറിച്ച്‌. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ‘വിക്ടോറിയ' സിനിമ തിയറ്ററുകളിലെത്തി. സമകാലിക പെൺജീവിത വ്യവസ്ഥകളെയാണ്‌ ചിത്രം തുറന്നുകാട്ടുന്നത്‌. ഏത്‌ പ്രതിസന്ധിയിലും ഒറ്റയ്‌ക്കൊടുവിൽ തീരുമാനമെടുക്കാൻ പ്രാപ്‌തയാകുന്ന ഒരുവളുടെ ആത്‌മബോധം സിനിമ വെളിപ്പെടുത്തുന്നു. കെഎസ്എഫ്ഡിസി നിർമിച്ച് നവാഗതയായ ശിവരഞ്ജിനി ജെ രചനയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ‘വിക്ടോറിയ' ഇന്ത്യക്ക് അകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങൾ നേടി. സിനിമയെക്കുറിച്ച്‌ ശിവരഞ്ജിനി പറയുന്നു.

പൂവൻകോഴി കൊണ്ടുത്തന്നത്‌


അങ്കമാലിയിൽ സ്ഥിരമായി പോകുന്ന ബ്യൂട്ടിപാർലറിൽ ഒരു ദിവസം എത്തിയപ്പോൾ ഇടപ്പള്ളി പള്ളി നേർച്ചയ്‌ക്ക്‌ കൊണ്ടുവന്ന ഒരു കോഴിയെ കണ്ടു. പുരുഷന്മാർക്ക്‌ പ്രവേശനമില്ലെന്ന്‌ ബോർഡ്‌ വച്ച ബ്യൂട്ടിപാർലറിനുള്ളിൽ നിൽക്കുന്ന പൂവൻകോഴി. രസകരമായ കാഴ്‌ച. ആ ചിന്തയിൽനിന്നാണ്‌ ചിത്രത്തിന്റെ ആശയം ലഭിച്ചത്‌.


2021 ൽ കെഎസ്എഫ്ഡിസിയിലേക്ക്‌ അപേക്ഷിച്ചു. അനുമതി ലഭിച്ചു. പിന്നീട്‌ 20 ദിവസം അങ്കമാലിയിലും ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിലുമായി ഷൂട്ടിങ്‌. യാഥാർഥ്യമാകാൻ പിന്നെയും ഒന്നരവർഷം വേ ണ്ടി വന്നു. പരിമിതമായ കാഴ്‌ചക്കാരെ മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളു . എത്ര കൂടിയാലും കുറഞ്ഞാലും പ്രേക്ഷകർക്ക്‌ വ്യക്തമായ സന്ദേശം നൽകാൻ ചിത്രത്തിനാകുമെന്ന്‌ ഉറപ്പുണ്ടായിരുന്നു. ബ്യൂട്ടിപാർലർ ജോലിക്കാരിയായ ‘വിക്ടോറിയ'യുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. മീനാക്ഷി ജയൻ കേന്ദ്രകഥാപാത്രമായ വിക്ടോറിയയെ ( വിക്ടു) അവതരിപ്പിക്കുന്നു. വിക്ടോറിയയും പരിചയക്കാരിയായ അ‌ന്നാമ്മയും ബസിൽ യാത്ര ചെയ്യുന്ന കാഴ്‌ചയിൽനിന്നാണ് ചിത്രം ആരംഭിക്കുന്നത്. പൂർണമായും സ്‌ത്രീകളാണ്‌ അഭിനയിക്കുന്നത്‌. പൂവൻകോഴിയും സിനിമയിൽ പ്രധാന കഥാപാത്രമാകുന്നു. ഫോണിലൂടെ തെളിയുന്ന വിക്‌ടുവിന്റെ കാമുകനും ഒരു വാതിലിനപ്പുറം ശബ്‌ദത്തിലൂടെ മാത്രം വ്യക്തമാകുന്ന പുരുഷശബ്‌ദവും മറ്റുകഥാപാത്രങ്ങളാകുന്നു. അ‌ന്യമതസ്ഥനുമായുള്ള പ്രണയം അ‌റിഞ്ഞതിനെ തുടർന്ന് തലേന്ന് വീട്ടിലുണ്ടായ സംഘർഷങ്ങളിലാണ്‌ വിക്ടു. ബ്യൂട്ടിപാർലറിൽ ദിനാന്ത്യംവരെ അവൾ അനുഭവിക്കുന്ന ആത്‌മസംഘർഷം ഏറെയാണ്‌. ഇതിനിടയിൽ വന്നുചേരുന്ന മറ്റുകഥാപാത്രങ്ങൾ അവരുടെ ജീവിതം പറയുകയാണ്‌.


മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭൂരിഭാഗവും ആദ്യമായി സിനിമയിൽ അഭിനയിച്ചവരാണ്‌. അതിന്റെ യാതൊരു പ്രശ്‌നവും സിനിമയെ ബാധിച്ചില്ല. ഇതിനുമുന്പ്‌ നിരവധി ഷോർട്ട്‌ ഫിലിമുകൾ ചെയ്‌തിരുന്നു. ആ ധൈര്യത്തിലാണ്‌ സിനിമയെ സമീപിച്ചതും. ആനന്ദ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് അഭയദേവ് പ്രഫുൽ ആണ്. ഗാനരചന ബിലു സി നാരായണൻ.


j sivaranjini


നിറയെ പുരസ്‌കാരങ്ങൾ


ഐഎഫ്‌എഫ്‌കെയിൽ 2024-ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടി. ചിത്രത്തിലെ പ്രകടനത്തിന് മീനാക്ഷി ജയന് ചൈനയിലെ ഷാങ്ഹായ് ഫെസ്റ്റിവലിൽ ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സരവിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക സിനിമയാണ് ‘വിക്ടോറിയ'. ചിത്രം മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംവിധായിക, ഛായാഗ്രഹണം ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്‌സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള 14-–ാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്‌കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗതസംവിധായികയ്ക്കുള്ള പുരസ്‌കാരം എന്നിവയും ലഭിച്ചു. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തായ്‌പോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിലും സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ഫെസ്റ്റിവലിലും കൊൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home