ആ സ്പിൽബർഗ് ചിത്രം ഇനി ഇന്ത്യൻ സ്ക്രീനുകളിൽ കാണാം! എപ്പോൾ, എവിടെ?

മുംബൈ: വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ ക്ലാസിക് ചിത്രങ്ങളിലൊന്നായ 'ജോവ്സ്' ഇന്ത്യൻ ബിഗ്സ്ക്രീനിലെത്തുന്നു. റീമാസ്റ്റർ ചെയ്ത 4K പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. ഏപ്രിൽ 17നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. PVR INOX-ന്റെ തിരഞ്ഞെടുത്ത തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഹോളിവുഡിലെ "സമ്മർ ബ്ലോക്ക്ബസ്റ്റർ" എന്ന ട്രെൻഡിന് തുടക്കമിട്ട ചിത്രമാണ് 'ജോവ്സ്'.
1975 ജൂൺ 20നാണ് ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങി 50 വർഷം പിന്നിട്ടിട്ടും ലോക സിനിമയിലെ ക്ലാസിക്കുകളിലൊന്നായി കരുതപ്പെടുന്ന ചിത്രം ചലച്ചിത്ര വിദ്യാർഥികളുടെയടക്കം പഠനവിഷയം കൂടിയാണ്. പീറ്റർ ബെൻചിലിയുടെ ഇതേ പേരിലുള്ള നോവലാണ് സിനിമയാക്കി മാറ്റിയത്. നരഭോജിയായ ഒരു കൂറ്റൻ സ്രാവിനെ പൊലീസ് മേധാവി, മറൈൻ ബയോളജിസ്റ്റ്, സ്രാവ് വേട്ടക്കാരൻ എന്നിവർ ചേർന്ന് വേട്ടയാടുന്നതാണ് ഇതിവൃത്തം.
യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിന് വേണ്ടി റിച്ചാർഡ് ഡി സാനകും ഡേവിഡ് ബ്രൗണും ചേർന്നാണ് ചിത്രം നിർമിച്ചത്. നോവലിസ്റ്റ് പീറ്റർ ബെൻചിലിയും കാൾ ഗോട്ടിലെബും ചേർന്ന് തിരക്കഥ രചിച്ചു. റോയ് ഷിഡർ, റോബർട്ട് ഷോ, റിച്ചാർഡ് ഡ്രെഫ്യൂസ് എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോൺ വില്യംസ് സംഗീതമൊരുക്കി. ബിൽ ബട്‌ലറായിരുന്നു ഛായാഗ്രഹണം. എട്ടുമില്യൺ ഡോളർ ചിലവിൽ പുറത്തിറങ്ങിയ ചിത്രം 47 കോടി ഡോളറാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.
ലോകപ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ മാസ്റ്റർപീസ് സിനിമകൾ വലിയ സ്ക്രീനിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് 'ജോവ്സ്' റീ-റിലീസ് ചെയ്യുന്നത്. പിവിആർ ഐനോക്‌സ് ഒരുക്കുന്ന “ഓട്ടിയേഴ്‌സ് ക്യൂറേഷൻ” സംരംഭത്തിൽ അനുരാഗ് കശ്യപിന്റെ "ദേവ് ഡി" അടക്കമുള്ള സിനിമകളും ഉൾപ്പെുന്നു.










0 comments