Deshabhimani

രാഷ്ട്രീയ പ്രവേശനത്തിന് തൽക്കാലം പദ്ധതിയില്ല; മനസ്സ് തുറന്ന് സൂര്യ

SURYA
വെബ് ഡെസ്ക്

Published on Nov 09, 2026, 07:03 PM | 1 min read

ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടൻ സൂര്യ. നിലവിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പദ്ധതിയില്ലെന്നും എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. നവംബർ എട്ടിന് ചെന്നൈയിൽ നടന്ന പുതിയ ചിത്രം 'സീൻ' വിജയാഘോഷ ചടങ്ങിലായിരുന്നു പ്രതികരണം.


"ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നില്ല. അതിനർഥം രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നല്ല. രാഷ്ട്രീയം അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ട്. അതിന്റെ ഉത്തരവാദിത്വങ്ങളും പ്രവർത്തനരീതികളും മനസ്സിലാക്കാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല" എന്ന് സൂര്യ പറഞ്ഞതായി സിനിമാ വികടൻ റിപ്പോർട്ട് ചെയ്തു.


വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായം നൽകുന്ന അഗരം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളും പൊതുരംഗത്തെ ഇടപെടലുകളും കാരണം സൂര്യയുടെ രാഷ്ട്രീയ പ്രവേശനം നേരത്തേ ചർച്ചയായിരുന്നു. നടൻ വിജയ് രാഷ്ട്രീയത്തിൽ സജീവമായ സാഹചര്യത്തിൽ സൂര്യയുടെ പ്രതികരണവും ശ്രദ്ധേയമായി.


അതേസമയം, ജിത്തു മാധവൻ സംവിധാനം ചെയ്ത സൂര്യയുടെ 'സീൻ' തിയറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ്. നസ്രിയ നസീമും മലയാളി താരം നസ്‌ലനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നസ്‌ലന്റെ തമിഴ് അരങ്ങേറ്റം കൂടിയാണിത്.


നവംബർ ആറിന് റിലീസ് ചെയ്ത ചിത്രം ആദ്യ വാരാന്ത്യത്തിൽ ആഗോളതലത്തിൽ 116 കോടി രൂപയിലധികം നേടിയതായി സാക്നിൽക്ക് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 62.75 കോടി രൂപയാണ്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home