25 March Saturday

കുസാറ്റില്‍ ദ്വിദിന സ്‌പേസ് ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

കൊച്ചി> ബഹിരാകാശ-പ്രപഞ്ച കൗതുകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് ആസ്ഥാനമായ യു എല്‍ സ്‌പേസ് ക്ലബ് ദ്വദിന റെസിഡന്‍ഷ്യല്‍ സ്‌പേസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്‌റ്റോബര്‍ എട്ട്, ഒന്‍പത് തിയതികളിലായാണ് ക്യാമ്പ് നടക്കുക. 70 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ക്യാമ്പ് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. ബഹിരാകാശ വാരത്തോടും സ്‌പേസ് ക്ലബിന്റെ വാര്‍ഷികത്തോടും അനുബന്ധിച്ചാണ് സ്‌പേസ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ശാസ്ത്ര-സാങ്കേതിക-ഗണിത വിഷയങ്ങളിലും ബഹിരാകാശ ശാസ്ത്രത്തിലും താല്‍പര്യമുള്ള വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം ജില്ലകളിലെ തെരഞ്ഞെടുത്ത ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം. സ്പേസിനെക്കുറിച്ചുള്ള പ്രസന്റേഷന്‍ തയാറാക്കി അയച്ച വിദ്യാര്‍ഥികളില്‍ നിന്നാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഇവരെ കൂടാതെ യു എല്‍ സ്‌പേസ് ക്ലബിലെ 15 അംഗങ്ങളും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

ഡോ. ശ്രീകുമാര്‍ (മുന്‍ ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്), ഡോ. അഭിലാഷ് (ഡയറക്ടര്‍, കുസാറ്റ് റഡാര്‍ സെന്റര്‍), ഡോ. അഭേഷ്, ഡോ. സിജു, ഡോ ചക്രപാണി, കെ ജയറാം (മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഐഎസ്ആര്‍ഒ), സുരേന്ദ്രന്‍ പുന്നശ്ശേരി (അമച്വര്‍ വാനനിരീക്ഷകന്‍ എന്നിവര്‍ ക്യാമ്പിന്റെ വിവിധ സെഷനുകള്‍ നയിക്കും. ആദ്യ ദിവസം വാനനിരീക്ഷണവും രണ്ടാം ദിവസം കുസാറ്റ് സിഐഎസ് സെന്ററിന്റെ പ്രവര്‍ത്തന പരിശീലനവും നടക്കും. ക്യാമ്പിന്റെ സമാപന സമ്മേളനം കുസാറ്റ് പ്രോ വൈസ് ചാന്‍സലര്‍ ഡോ.ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.

കുട്ടികളില്‍ ബഹിരാകാശശാസ്ത്രത്തില്‍ ആഭിമുഖ്യം വളര്‍ത്താന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ സാമൂഹിക സേവനവിഭാഗമായ യുഎല്‍സിസിഎസ്. ഫൗണ്ടേഷന്‍ 2016-ല്‍ തുടങ്ങിയ സംരംഭമാണ് യു.എല്‍. സ്‌പേസ് ക്ലബ്ബ്. അമേരിക്കയിലും മറ്റുമുള്ള മികച്ച സ്‌പേസ് ക്ലബ്ബുകളുടെ നിലവാരത്തോടു കിടപിടിക്കുന്ന, എന്നാല്‍ കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്ലബ്ബില്‍ എല്ലാം സൗജന്യമാണ്. ശ്രീഹരിക്കോട്ടയില്‍ ഉപഗ്രഹവിക്ഷേപണത്തിനു ക്ഷണിക്കപ്പെട്ടതടക്കം ഒട്ടേറെ അംഗീകാരങ്ങളും അനുഭവസമ്പത്തും കൈവരിച്ചവരാണ് ക്ലബ്ബംഗങ്ങള്‍. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോടിന്റെ നാനാഭാഗങ്ങളിലും പുറത്തുംനിന്നുള്ളവര്‍ പങ്കെടുത്തുവരുന്നു. ഐ.എസ്.ആര്‍.ഒ. മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി നേതൃത്വം നല്കുന്ന ക്ലബ്ബില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍നിന്നു പൊതുപരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് അംഗത്വം നല്കുക.

നിലവില്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്ന നൂറോളം അംഗങ്ങളുണ്ട്. അതിലേറെപ്പേര്‍ അനുബന്ധഗ്രൂപ്പുകളിലും ഉണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top