19 May Sunday

എംജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

കോട്ടയം
എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ‌്ത സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടിക ജാതി/പട്ടിക വർഗ്ഗ (എസ്സി/എസ്ടി) /സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ  (എസ്ഇബിസി)/ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ഇബിഎഫ്സി) എന്നിവർക്കായി  സംവരണം ചെ‌യ‌്ത സീറ്റുകളിലെ അലോട്ട‌്മെന്റ് നടത്തും.

ഓൺലൈൻ രജിസ്‌ട്രേഷൻ cap.mgu.ac.in  എന്ന വെബ്‌സൈറ്റിൽ  PGCAP  എന്ന ലിങ്കിൽ പ്രവേശിച്ച്  നടത്താം. 'അക്കൗണ്ട് ക്രിയേഷൻ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ മെയിൽ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ് വേഡ് സൃഷ്ടിച്ച ശേഷം ഓൺലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീ ഒടുക്കണം. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിനു 1250 രൂപയും എസ് സി/എസ് ടി വിഭാഗത്തിനു 625- രൂപയുമാണ്. അപേക്ഷാ ഫീസ് ഒടുക്കിയാലേ അപേക്ഷകന്റെ അക്കൗണ്ട് പ്രവർത്തനക്ഷമമാവൂ.  അപേക്ഷകന്റെ ആപ്ലിക്കേഷൻ നമ്പരായിരിക്കും ലോഗിൻ ഐ ഡി. ഓൺലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകണം. വിശദമായ പരിശോധനകൾക്ക് ശേഷം ആപ്ലിക്കേഷൻ സബ്മിറ്റും ചെയ്യണം.
ഓൺലൈൻ രജിസ്‌ട്രേഷൻ 25 നു പകൽ രണ്ടുവരെ നടത്താം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട. ആദ്യ അലോട്‌മെന്റ് ജൂൺ 6 നു നടത്തും.

മാനേജുമെന്റ്, കമ്യൂണിറ്റി, സ്‌പോർട്‌സ്, കൾച്ചറൽ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് സമർപ്പിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷംa അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് സമർപ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും മാനേജുമെന്റ്, കമ്യൂണിറ്റി, സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വോട്ടാകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

വികലാംഗ/സ്‌പോട്‌സ്/കൾച്ചറൽ ക്വോട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ‌്ത സീറ്റുകളിലേക്ക് അപേtക്ഷ സമർപ്പിക്കുന്നവർ  22നകം ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് 23നു പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതത‌് കോളേജുകളിൽ  23 മുതൽ 24  വരെ നടത്തും.
കൂടുതൽ വിവരങ്ങൾ cap.mgu.ac.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഇമെയിൽ വിലാസം: pgcap@mgu.ac.in

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top