01 April Saturday

കോഴ്സ് ഉപേക്ഷിക്കരുത്; മികച്ച തൊഴിൽ നേടൂ

ഡോ. ടി പി സേതുമാധവൻUpdated: Friday Sep 13, 2019രാജ്യത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബിരുദ വിദ്യാർഥികളിൽ  പാതിവഴിയിൽ കോഴ്സ് ഉപേക്ഷിക്കുന്ന പ്രവണത വർധിച്ചുവരുന്നു. എൻജിനിയറിങ് കോഴ്സുകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. താൽപര്യമോ, അഭിരുചിയോ വിലയിരുത്താതെ കോഴ്സുകൾക്ക് ചേരുന്നതാണ് പ്രധാന കാരണം. കോഴ്സ് കാലയളവ് പൂർത്തിയാക്കി ബിരുദം നേടാത്തവരുമുണ്ട്. 

ഈ പ്രവണത ഒഴിവാക്കാൻ രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.  മൂന്നുവർഷം കഴിഞ്ഞ് പഠനനിലവാരം വിലയിരുത്തുന്നതിനുപകരം  ആദ്യത്തെ രണ്ട് സെമസ്റ്ററിലെ പഠനം, പഠന വൈകല്യം, താൽപ്പര്യക്കുറവ്, സ്വഭാവം എന്നിവ വിലയിരുത്താൻ രക്ഷിതാക്കൾ തയ്യാറാകണം. അധ്യാപകരുമായി നിരന്തര സമ്പർക്കം പുലർത്തണം.

കോഴ്സ് ഉപേക്ഷിക്കാൻ വിദ്യാർഥിയെ പ്രേരിപ്പിക്കരുത്. പരാജയം വിജയത്തിന്റെ സൂചനയാണെന്ന ധാരണ അവരിൽ വളർത്തണം. പോസിറ്റീവ് ചിന്ത വളർത്താൻ ശ്രമിക്കണം. വീട്ടിൽനിന്നകന്ന് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പഠനരീതിയും വിലയിരുത്തണം. പരീക്ഷാതലേന്ന് എല്ലാ പാഠഭാഗങ്ങളും ഉറക്കമുപേക്ഷിച്ച് പഠിക്കുന്ന പ്രവണത ഒഴിവാക്കി നേരത്തെ തന്നെ ചിട്ടയോടെയുള്ള പഠനം പ്രോത്സാഹിപ്പിക്കണം. എല്ലാ അധ്യാപക രക്ഷാകർതൃ യോഗത്തിലും രക്ഷിതാക്കൾ പങ്കെടുക്കണം. പഠനച്ചെലവ് നൽകിയാൽ എല്ലാം പൂർത്തിയായെന്ന തോന്നലുണ്ടാകരുത്. വിദ്യാർഥിയുടെ ആരോഗ്യം, സ്വഭാവ വ്യതിയാനം, ചെലവിടുന്ന ശീലം എന്നിവ വിലയിരുത്തണം.  തീർത്തും പഠനം തുടരാൻ സാധിക്കാത്ത വിദ്യാർഥികളെ കോളേജ് തലത്തിലുള്ള കൗൺസലിങ്ങിന് വിധേയമാക്കണം. കൗൺസലിങ്ങിലൂടെ  പഠനം തുടരാൻ ബുദ്ധിമുട്ടാണെങ്കിൽ മാത്രമേ മറ്റു കോഴ്സുകൾക്ക് ചേർക്കാവൂ. 

ബിടെക് പഠനം ഉപേക്ഷിക്കുന്നവർ വീണ്ടും മറ്റു ബ്രാഞ്ചുകളിൽ പഠിക്കാൻ മുതിരരുത്. മറിച്ച് എളുപ്പത്തിൽ പഠിക്കാവുന്ന കോഴ്സുകൾ കണ്ടെത്തണം. ഇതിനായി വിദ്യാഭ്യാസ കരിയർ കൺസൾട്ടന്റിന്റെ സഹായം തേടാം. രക്ഷിതാക്കൾ ഒരിക്കലും വിദ്യാർഥി പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിച്ച് ക്യാമ്പസ്സ്  സന്ദർശനം ഒഴിവാക്കരുത്.  പഠനത്തോടൊപ്പം പത്രം വായിക്കാനും  ഇംഗ്ലീഷ് പ്രാവീണ്യം, ആശയ വിനിമയം, പൊതുവിജ്ഞാനം എന്നിവ മെച്ചപ്പെടുത്താനുമുള്ള സോഫ്റ്റ് സ്ക്കിൽ വികസന ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണം.

ഒരു പരീക്ഷയിലെ കുറഞ്ഞ മാർക്ക് വിലയിരുത്തി നിരന്തരമായി കുറ്റപ്പെടുത്തുന്നത് വിദ്യാർഥികളിൽ അകാരണമായി സ്ട്രെസ് ഉളവാക്കും. ഇത് തീർത്തും ഒഴിവാക്കണം. പഠനത്തോടൊപ്പം ഡിഗ്രിക്കുശേഷമുള്ള ഉപരിപഠനം, തൊഴിൽ എന്നിവയ്ക്കുള്ള ഹോംവർക്ക് ഡിഗ്രി പഠനകാലയളവിൽ ചെയ്യാം. ഒരിക്കലും പാഠ്യേതര കഴിവുകൾ പഠനം ഉപേക്ഷിച്ച് പ്രോത്സാഹിപ്പിക്കരുത്.

പരീക്ഷ എഴുതാതിരിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത്. മികച്ച സുഹൃദ്ബന്ധം പുലർത്തണം. ക്യാമ്പസിൽ തികഞ്ഞ അച്ചടക്കം പുലർത്താനും വിദ്യാർഥികളെ രക്ഷിതാക്കൾ ശീലിപ്പിക്കണം. ക്യാമ്പസിനകത്തെ ലൈബ്രറി, അക്കാദമിക്ക് സൗകര്യങ്ങൾ, ക്യാമ്പസ് ഇന്റർവ്യൂ എന്നിവ പൂർണ്ണമായി  പ്രയോജനപ്പെടുത്തണം. ലക്ഷ്യപ്രാപ്തിക്കിണങ്ങിയ പഠനം മികച്ച തൊഴിൽ ലഭിക്കാനുപകരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top