27 July Saturday

പ്ളസ്‌വണ്‍ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; തെറ്റുതിരുത്താന്‍ ഇന്നുകൂടി അവസരം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2016

തിരുവനന്തപുരം > പ്ളസ്‌വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,01,271 വിദ്യാര്‍ഥികള്‍ ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി 2,41,376 സീറ്റിലേക്കാണ് ഏകജാലകം വഴിയുള്ള പ്രവേശനം. 20ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യതാലിസ്റ്റുമാത്രമാണ് ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ്.

ട്രയല്‍ റിസല്‍ട്ടുപ്രകാരം ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്റര്‍ ഉപയോഗിച്ച് ഒരു സ്കൂളിലും പ്രവേശനം നേടാനാകില്ല. പ്രവേശനം നേടുന്നതിന് 20ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റ് വരെ കാത്തിരിക്കണം.

എന്നാല്‍,അപേക്ഷാവിവരങ്ങളില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയല്‍ അലോട്ട്മെന്റ്. കൂടാതെ ആവശ്യമെങ്കില്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനക്രമീകരിക്കുകയോ പുതിയത് കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം.
ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് എല്ലാ അപേക്ഷകരും നിര്‍ബന്ധമായും പരിശോധിക്കണം. അപേക്ഷാവിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണം. അപേക്ഷാവിവരങ്ങളില്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ചൊവ്വാഴ്ചകൂടി വരുത്താം.

അലോട്ട്മെന്റിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന ജാതിസംവരണ വിവരങ്ങള്‍, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങള്‍, താമസിക്കുന്ന പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങള്‍, ടൈബ്രേക്കിന് പരിഗണിക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ (കലാകായിക മേളകള്‍, ക്ളബുകള്‍ മുതലായവ) തുടങ്ങിയവ സംബന്ധിച്ച് അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമെന്ന് ഉറപ്പാക്കണം. ചില അപേക്ഷകളില്‍ ജാതി, കാറ്റഗറി തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ പൊരുത്തക്കേടുകളുള്ളതായി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തെറ്റുകള്‍ തിരുത്താതിരുന്നാല്‍ അലോട്ട്മെന്റ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല. എല്ലാ അപേക്ഷകരും പ്രോസ്പെക്ടസ് അനുബന്ധം രണ്ടിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ജാതിയും കാറ്റഗറിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പാക്കണം. അപേക്ഷ സമര്‍പ്പിച്ചശേഷം റീ വാലുവേഷനില്‍ ലഭിച്ച മാര്‍ക്കുകള്‍ ചൊവ്വാഴ്ചവരെ അപ്ഡേറ്റ് ചെയ്യാം. ഇതിനായി റീ വാലുവേഷനില്‍ ലഭിച്ച മാര്‍ക്കിന്റെ രേഖകള്‍ സഹിതം തിരുത്തലിനുള്ള അപേക്ഷ വെരിഫിക്കേഷനായി അപേക്ഷ സമര്‍പ്പിച്ച സ്കൂളില്‍ നല്‍കണം.

തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ചൊവ്വാഴ്ച വൈകിട്ട് നാലിനുമുമ്പ് നിശ്ചിത മാതൃകയില്‍ തിരുത്തലുകള്‍ക്കുള്ള അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം നേരത്തെ അപേക്ഷ നല്‍കിയ സ്കൂളില്‍ സമര്‍പ്പിക്കണം. തിരുത്താനുള്ള അപേക്ഷ സ്കൂളില്‍ നല്‍കിയശേഷം രസീത് ചോദിച്ചുവാങ്ങണം.
റാങ്ക് പരിശോധന: ആശങ്ക വേണ്ട
റാങ്ക് പരിശോധിക്കുമ്പോള്‍ ട്രയല്‍ അലോട്മെന്റിലോ ആദ്യ അലോട്ട്മെന്റിലോ കടന്നുകൂടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ചില ആശങ്കകളുണ്ടാകാം. ഉദാഹരണത്തിന് അപേക്ഷിച്ച സ്കൂളില്‍ 50 സീറ്റുമാത്രമാണുള്ളതെന്ന് വിദ്യാര്‍ഥിക്ക് അറിയാമെന്നിരിക്കട്ടെ, റാങ്ക് പരിശോധിക്കുമ്പോള്‍ മുന്നൂറിനോ നാനൂറിനോ മുകളിലുള്ള റാങ്കാണെന്നു കാണുമ്പോള്‍ തനിക്ക് ആ സ്കൂളില്‍ ഒരിക്കലും പ്രവേശനം ലഭിക്കില്ലെന്ന് വിദ്യാര്‍ഥിക്ക് തോന്നാം. എന്നാല്‍, ആ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കാരണം പ്രസ്തുത സ്കൂളിലെ വിഷയ കോമ്പിനേഷന്‍ ഏതെങ്കിലും ഓപ്ഷനായി നല്‍കിയിട്ടുള്ള ജില്ലയിലെ എല്ലാ അപേക്ഷകരുടെയും അടിസ്ഥാനത്തിലാണ് റാങ്ക് കണക്കാക്കിയിട്ടുള്ളത്. ഈ അപേക്ഷകരെല്ലാം ഇതേരീതിയില്‍ ഈ സ്കൂളിലെ അലോട്ട്മെന്റ് ലിസ്റ്റില്‍ വരണമെന്നില്ല. അപേക്ഷകരുടെ മെറിറ്റിനനുസരിച്ച് കൂടുതല്‍ മെച്ചപ്പെട്ട അവരുടെ മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കാം. അതുകൊണ്ട് താഴ്ന്ന റാങ്കുകാര്‍ക്കും അലോട്ട്മെന്റ് ലഭിക്കാനിടയുണ്ട്. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top