27 September Wednesday

ദേശീയ പ്രചാരണം നാടിന്റെ നന്മകള്‍ വീണ്ടെടുക്കാന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 19, 2016


വര്‍ണാഭമായ പരസ്യവാചകങ്ങള്‍ക്കും പബ്ളിക് റിലേഷന്‍സ് കോപ്രായങ്ങള്‍ക്കുമിടയില്‍ രാജ്യത്തിന്റെ യഥാര്‍ഥ ദുരിതങ്ങള്‍ മൂടിവയ്ക്കപ്പെടുകയാണ്. തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന സാധാരണ ജനവിഭാഗങ്ങള്‍ക്കുംനേരെ ആസൂത്രിതമായ  കടന്നാക്രമണമുണ്ടാകുന്നു. തൊഴില്‍നിയമങ്ങള്‍ തൊഴിലുടമകള്‍ക്കനുകൂലമായി ഭേദഗതിചെയ്യുന്നു. സാമൂഹ്യസുരക്ഷയോ തൊഴില്‍സുരക്ഷയോ ഇല്ലാത്തവരും  സംഘടിക്കാനും കൂട്ടായി വിലപേശാനും അവകാശമില്ലാത്തവരുമായി തൊഴിലാളികളെ മാറ്റുകയാണ് സര്‍ക്കാര്‍ നടപടികളുടെ ലക്ഷ്യം. കോര്‍പറേറ്റ് പ്രീണനം എല്ലാ സീമകളും ലംഘിച്ച് നിര്‍ബാധം തുടരുന്നു. 

കാര്‍ഷികപ്രതിസന്ധി അനുദിനം മൂര്‍ച്ഛിക്കുകയാണ്.   കടക്കെണിയില്‍പെട്ട് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നതിന്റെ വാര്‍ത്തകള്‍ പതിവാകുന്നു.  തൊഴിലില്ലായ്മയാകട്ടെ സര്‍വകാല റെക്കോഡിലാണ്. ലേബര്‍ ബ്യൂറോ  സര്‍വേ പ്രകാരം 2015 ഏപ്രില്‍ – ഡിസംബറില്‍ ഗ്രാമങ്ങളില്‍ 5.1 ശതമാനവും നഗരങ്ങളില്‍ 4.9 ശതമാനവുമാണ് തൊഴിലില്ലായ്മ.  സ്ത്രീകളില്‍ 8.7 ശതമാനം. തൊഴില്‍രഹിതരായ ഗ്രാമീണര്‍ക്ക്, വിശിഷ്യാ സ്ത്രീകള്‍ക്ക് ആശ്വാസംനല്‍കിയ  പദ്ധതികള്‍ക്കുവേണ്ട ബജറ്റ് വിഹിതം  കുറച്ച് ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപോലുള്ളവയെ തകര്‍ക്കുന്നു.  മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിങ്ങനെ നിരവധി പദ്ധതികള്‍ ഉദ്ഘോഷിക്കുമ്പോള്‍ത്തന്നെയാണ് മറുപുറത്ത് ഈ വികൃതമായ ചിത്രം.

കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്നില്ല. എന്നാല്‍,  ഉപയോക്താവ് കൊള്ളവില കൊടുക്കേണ്ടിവരുന്നു.  സംഭരണ – വിതരണ രംഗങ്ങളില്‍നിന്നുള്ള സര്‍ക്കാരിന്റെ പൂര്‍ണമായ പിന്‍വാങ്ങല്‍ വിപണിയില്‍ അരാജകത്വമാണുണ്ടാക്കിയത്. വിലക്കയറ്റം സമാനതകളില്ലാത്ത തലത്തിലേക്കുയര്‍ന്നു. വിലക്കയറ്റം തടയുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഒരുനടപടിയും സ്വീകരിക്കുന്നില്ല. സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിച്ച്  ഇന്ധന വില അടിക്കടി ഉയര്‍ത്തുന്നു. സബ്സിഡികള്‍ ക്രമാനുഗതമായി വെട്ടിക്കുറയ്ക്കുന്നു. 

ഒരുവശത്ത് സാമ്പത്തിക ദുര്‍നയങ്ങളുടെ ഫലമായി ജനജീവിതം പ്രയാസപൂര്‍ണമാക്കുന്നതിനൊപ്പം മറുവശത്ത് വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം വമിപ്പിച്ച് രാജ്യത്തെ സംഘര്‍ഷഭരിതമാക്കുകയാണ് സംഘപരിവാര്‍.   മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്കുംനേരെ സംഘടിതമായ കടന്നാക്രമണമാണ് നടത്തുന്നത്. ഗോരക്ഷാസമിതികളുടെ പേരില്‍ ആരംഭിച്ച അക്രമപ്പേക്കൂത്തില്‍ അനേകം ജീവനുകളാണ് പൊലിഞ്ഞത്.  ഗോരക്ഷാഭടന്മാരായി കൊലക്കത്തി കൈയിലെടുത്തവരെ പരസ്യമായി ന്യായീകരിച്ച് ആര്‍എസ്എസ് മേധാവി നയം വ്യക്തമാക്കിയിട്ടുമുണ്ട്.

വടക്കേ ഇന്ത്യയില്‍നിന്നുള്ള വാര്‍ത്തകള്‍കേട്ട് അമ്പരന്നവരാണ് ഇന്നലെവരെ കേരളീയരെങ്കില്‍, അതേ സ്വഭാവത്തിലുള്ള സംഭവങ്ങള്‍ ഇവിടെയും സൃഷ്ടിക്കപ്പെടുകയാണ്. കോഴിക്കോട്ട് ഒരു പ്രത്യേക മേഖല ക്ഷേത്രസമുച്ചയമാണെന്ന് പ്രഖ്യാപിച്ച് സസ്യേതരവിഭവങ്ങള്‍ വിളമ്പുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന  ഹിന്ദു ഐക്യവേദിയുടെ ഭീഷണി  കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ളതാണ്.  ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് ദളിത് യുവാക്കളെ തല്ലിച്ചതയ്ക്കുകയും ഹരിയാനയില്‍ പെരുന്നാളിന് ബീഫ് ബിരിയാണി കഴിച്ചെന്നാരോപിച്ച് സ്ത്രീകളെ കൂട്ടബലാത്സംഗംചെയ്യുകയും  ചോദ്യംചെയ്ത രണ്ടുപേരെ തല്ലിക്കൊല്ലുകയും ചെയ്തവരുടെ കാര്‍ബണ്‍പതിപ്പുകള്‍ കേരളത്തിലുമെത്തുകയാണ്. ബിജെപി നയിക്കുന്ന ഹരിയാന ഗവണ്‍മെന്റ് നേരിട്ട്  ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും   ബീഫ്  റെയ്ഡ് നടത്തിക്കുയാണ്. ബിജെപിയും അതിന്റെ നിയന്ത്രണം കൈയാളുന്ന ആര്‍എസ്എസും നിശ്ചയിച്ച കാര്യങ്ങളാണ് ഗോരക്ഷാപ്രവര്‍ത്തകര്‍ നടപ്പാക്കുന്നത് എന്നര്‍ഥം. ദാദ്രിയിലെ അഖ്ലാക്കിന്റെ കൊലയാളിയുടെ ശവശരീരത്തില്‍ ദേശീയപതാക പുതപ്പിച്ചതിലൂടെ ആ കൊലപാതകത്തെ ന്യായീകരിക്കുകയുംമഹത്വവല്‍ക്കരിക്കുകയുമാണ് സംഘപരിവാര്‍ ചെയ്തത്്. കൊലയാളിയുടെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിതന്നെ എത്തിയത് അതിന്റെ വ്യക്തമായ സൂചനയാണ്. 

ഇസ്രയേലിനെ പ്രകീര്‍ത്തിച്ച്  ഇന്ത്യ ആ രാജ്യത്തെയാണ് മാതൃകയാക്കിയതെന്ന് പറയാന്‍വരെ മോഡിക്ക് മടിയുണ്ടായില്ല.  അടിക്കടി വര്‍ധിച്ചുവരുന്ന അതിര്‍ത്തികടന്നുള്ള ഭീകരാക്രമണങ്ങള്‍ നമ്മുടെ അതിര്‍ത്തിയും രാജ്യസുരക്ഷയും ഈ ഭരണത്തില്‍ സുരക്ഷിതമല്ലെന്നാണ് വ്യക്തമാക്കുന്നത്.   ജനദ്രോഹപരവും കോര്‍പറേറ്റനുകൂലവുമായ സാമ്പത്തികനയങ്ങളും സാമ്രാജ്യത്വാനുകൂലവും രാജ്യദ്രോഹപരവുമായ നടപടികളുമാണ് മോഡി ഭരണത്തിന്റെ മുഖമുദ്ര. ആ ചിത്രം വികൃതമാണ്. അത്  മൂടിവയ്ക്കുന്നതിന് ജനങ്ങളെ വര്‍ഗീയാടിസ്ഥാനത്തില്‍ ചേരിതിരിക്കാനും കലാപമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. ആശങ്കാജനകമായ ഈ അവസ്ഥയെ അഭിമുഖീകരിക്കാനും മറികടക്കാനും ജനങ്ങളുടെ കൂട്ടായ മുന്നേറ്റത്തിലൂടെയേ സാധ്യമാകൂ. മോഡി സര്‍ക്കാരിന്റെ ദുര്‍നയങ്ങളില്‍ ഞെരിഞ്ഞുപോകുന്ന ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് യാഥാര്‍ഥ്യമാകേണ്ടത്.   കോടാനുകോടികള്‍ ചെലവിട്ടുള്ള പരസ്യങ്ങളിലൂടെയും വ്യാജ ബിംബ നിര്‍മിതിയിലൂടെയും തെളിയുന്നതല്ല യാഥാര്‍ഥ്യം എന്ന് കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തമാണ് പുരോഗമനശക്തികള്‍ ഏറ്റെടുക്കേണ്ടത്.   സിപിഐ എം നേതൃത്വത്തില്‍ ഒക്ടോബര്‍ 20 മുതല്‍  ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്‍ ആ രംഗത്തെ ക്രിയാത്മകമായ ഇടപെടലാണ്.  ഈ പ്രചാരണപരിപാടി വലിയതോതില്‍ വിജയിക്കേണ്ടത് നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടത്തില്‍ സുപ്രധാനമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top