03 June Saturday

കണ്ണ് തുറക്കുമോ

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017


ജൂനിയര്‍തലത്തില്‍ ഏറ്റവും നിലവാരമുള്ള മത്സരങ്ങള്‍ നടന്ന ലോകകപ്പ്, ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട ജൂനിയര്‍ ലോകകപ്പ്, ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന ലോകകപ്പ്... ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ കുറിക്കപ്പെട്ട റെക്കോഡുകള്‍ ഏറെ. ടൂര്‍ണമെന്റില്‍ ഏറ്റവും സാങ്കേതികത്തികവോടെ, കിടയറ്റ ഫുട്ബോള്‍ കളിച്ച ടീമുകള്‍ കലാശപ്പോരില്‍ ഏറ്റുമുട്ടി. ഇംഗ്ളീഷ് ഫുട്ബോളില്‍ സൃഷ്ടിക്കപ്പെട്ട മികവുറ്റ അക്കാദമി സംസ്കാരത്തിന് കിട്ടിയ പ്രതിഫലമെന്നോണം അത്യുജ്വല വിജയത്തോടെ ഇംഗ്ളണ്ട് കിരീടമണിഞ്ഞു. ഈ ലോകകപ്പിന്റെ നിലവാരത്തിന് അടിവരയിടുന്നതായി ഈ കിരീടധാരണം. കൊല്‍ക്കത്തയില്‍ ശനിയാഴ്ച മുഴങ്ങിയ ഫൈനല്‍വിസിലോടെ ലോകകപ്പിന് തിരശ്ശീല വീണു. എന്നാല്‍, ഇന്ത്യ കളിക്കളത്തില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടേണ്ടതിന്റെ വിസില്‍മുഴക്കം കൂടിയായിരുന്നു അത്.

ലോകകപ്പ് മത്സരനിലവാരത്തെക്കുറിച്ച് മുന്‍കാല താരങ്ങള്‍ക്കും കായികവിദഗ്ധര്‍ക്കും നല്ലതേ പറയാനുള്ളൂ. ലോക ഫുട്ബോളിന്റെ ഭാവി നിശ്ചയിക്കുന്ന ദിശാസൂചിയായി അണ്ടര്‍ 17 ലോകകപ്പ്. സാങ്കേതികമായി ഏറെ മാറ്റങ്ങള്‍ വരുന്ന ഫുട്ബോളില്‍വരുംകാലം കരുതിവച്ച മായക്കാഴ്ചകളുടെ സൂചന കൌമാരക്കാരുടെ കളിക്കളത്തില്‍ കാണാനായി. കളിക്ക് കൂടുതല്‍ വേഗം കൈവന്നു. അതിവേഗ ആക്രമണങ്ങളാണ്  ഭൂരിപക്ഷം ടീമുകളും കാഴ്ചവച്ചത്. ഇംഗ്ളണ്ട്, സ്പെയിന്‍, ബ്രസീല്‍, ജര്‍മനി, മാലി തുടങ്ങിയവരുടെ പ്രകടനത്തില്‍ ഈ കളിരീതി വ്യക്തമായിരുന്നു. മധ്യനിരയിലെ കളിക്കാരുടെ വിന്യാസത്തിലാണ് കളിതന്ത്രങ്ങള്‍ രൂപപ്പെട്ടത്.

കൂടുതല്‍ സമയം പന്ത് കൈവശംവച്ച് എതിരാളിയുടെ പെനല്‍റ്റി ബോക്സിലേക്ക് വഴിതുറക്കാന്‍ നിരന്തരം നടത്തിയ തന്ത്രപരമായ നീക്കങ്ങള്‍ മത്സരങ്ങള്‍ ആവേശകരമാക്കി. ആക്രമിച്ചുകളിക്കുന്ന മധ്യനിരക്കാര്‍ ഗോളടിക്കുന്നവരേക്കാള്‍ ശ്രദ്ധേയരായി. ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുത്ത ഇംഗ്ളണ്ടിന്റെ ഫിലിപ് ഫോഡന്‍, ബ്രസീലിന്റെ അലന്‍ ഡി സോസ, സ്പെയിനിന്റെ ഗെലബെര്‍ട്ട് തുടങ്ങിയവര്‍ മികച്ച ഉദാഹരണങ്ങള്‍. കൂടുതല്‍ ഗോള്‍ പിറക്കാനുള്ള കാരണം ടീമുകള്‍ പിന്തുടര്‍ന്ന ആക്രമണശൈലിതന്നെ.

ആക്രമണത്തിനൊപ്പം കളി വരുതിയിലാക്കാനുള്ള കിടയറ്റ തന്ത്രങ്ങളും വശമുള്ളവരാണ് മുന്നോട്ടുപോയത്. പന്തിന്മേല്‍ അസാമാന്യ നിയന്ത്രണം, പാസുകളുടെ കൃത്യത, എതിരാളിയുടെ പ്രതിരോധപ്പൂട്ട് ഭേദിക്കാനുള്ള മിടുക്ക്, ഗോള്‍ നേടുന്നതിലെ അനായാസം എന്നീ കാര്യങ്ങളില്‍ ചെറിയ പ്രായത്തില്‍തന്നെ ഫുട്ബോളിലെ പുതുതലമുറ കാണിക്കുന്ന പ്രാവീണ്യം അസാധാരണമാണ്. പക്വതയോടെ പ്രൊഫഷണലായി കളിസാഹചര്യങ്ങളെ സമീപിക്കാന്‍ കുട്ടിത്താരങ്ങള്‍ക്ക് സാധിക്കുന്നു. ഈ കാര്യങ്ങളിലെല്ലാം ഒരുപടി മുന്നില്‍ നിന്നതാണ് ഇംഗ്ളണ്ടിനെ കിരീടത്തിലെത്തിച്ചത്.

ആക്രമിച്ച് കളിക്കുമ്പോള്‍ത്തന്നെ പ്രതിരോധത്തിനും ഓടിയിറങ്ങുന്നവരോടാണ് കളി ആസൂത്രകര്‍ക്ക് താല്‍പ്പര്യം. ആ രീതിയില്‍ കളിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ പരിശീലകര്‍ പ്രത്യേകം ശ്രദ്ധിച്ചു. പ്രതിരോധം മറന്ന ടീമുകള്‍ കനത്തപ്രഹരം ഏറ്റുവാങ്ങി. പരാഗ്വെയുടെ പതനം ഉദാഹരണം. 

പ്രായത്തട്ടിപ്പ് വിവാദങ്ങള്‍ കേള്‍ക്കാതിരുന്ന ടൂര്‍ണമെന്റില്‍ യൂറോപ്പിനുതന്നെയായിരുന്നു മികവ്. ഇംഗ്ളണ്ടിനെയും സ്പെയിനിനെയും കൂടാതെ ജര്‍മനിയും ഫ്രാന്‍സും തികവാര്‍ന്ന പ്രകടനം കാഴ്ചവച്ചു. ആഫ്രിക്ക മോശമാക്കിയില്ല. മാലിയും ഘാനയും ആഫ്രിക്കയുടെ ശക്തസാന്നിധ്യമായി. കരുത്തിലും വേഗത്തിലും മുന്നിലുള്ള ആഫ്രിക്കക്കാര്‍ കളിതന്ത്രങ്ങളിലും സാങ്കേതികതയിലും ഏറെ മുന്നോട്ടുപോകാനുണ്ട്. ലാറ്റിനമേരിക്കയുടെ പ്രകടനം നിരാശപ്പെടുത്തി.

പരമ്പരാഗത ശക്തിയായ ബ്രസീല്‍മാത്രമായിരുന്നു ലാറ്റിന്‍ചാരുതയുമായി കളത്തില്‍ സജീവസാന്നിധ്യമായത്. പരാഗ്വെയും കൊളംബിയയും ചിലിയും തെക്കെ അമേരിക്കയുടെ പാരമ്പര്യം കാക്കുന്നതില്‍ പരാജയപ്പെട്ടു. ഈ രാജ്യങ്ങളിലെ ഫുട്ബോള്‍ഭാവിയില്‍ ആശങ്ക ജനിപ്പിക്കുന്നതായി ഈ നിലവാരക്കുറവ്. ഏഷ്യന്‍ ടീമുകളുടെ പ്രകടനത്തില്‍ വലിയ പുരോഗതിയുടെ സൂചന ഉണ്ടായില്ല. ഇറാന്‍മാത്രമായിരുന്നു അപവാദം. എന്നാല്‍, വലിയ വേദികളില്‍ വന്‍കിടക്കാരുടെ കളിമികവിന് മറുതന്ത്രം മെനയാന്‍ അവരും പഠിച്ചിട്ടില്ല.

ഫിഫയെ നിരാശപ്പെടുത്താതെ ടൂര്‍ണമെന്റ് നടത്താന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍, 130 കോടി ജനതയുള്ള രാജ്യത്തിന് ലോകകപ്പ് അനുവദിക്കുമ്പോള്‍ ഫിഫ മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാകാന്‍ ഇനി ഏറെ മുന്നോട്ടുപോകണം. ലോക ഫുട്ബോളിലെ ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണര്‍ത്താനുള്ള ഫിഫയുടെ ഒരു മരുന്നുമാത്രമായിരുന്നു അണ്ടര്‍ 17 ലോകകപ്പ്. സിംഹം ഉറക്കംവിട്ടുണരുമോ എന്നറിയുക വരുംനാളുകളിലാണ്. ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ കളിക്കാന്‍ അവസരം കിട്ടിയ ഇന്ത്യ, തങ്ങള്‍ക്കാകുംവിധം നന്നായി കളിച്ചു. ഒറ്റക്കളിയും ജയിക്കാനായില്ലെങ്കിലും സ്വന്തം നാട്ടുകാരുടെ മുന്നില്‍ പൊരുതിക്കളിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു. ഈ ടീമിനെ നമ്മള്‍ ഇനി എന്ത് ചെയ്യുമെന്നതനുസരിച്ചാകും നമ്മുടെ ഫുട്ബോള്‍ഭാവി. ഒപ്പം ഫുട്ബോളില്‍ ലോകനിലവാരമുള്ള പുതിയ യുവതലമുറയെ വാര്‍ത്തെടുക്കാനും സാധിക്കണം.

ഇംഗ്ളീഷ് ക്ളബ്ബുകള്‍ നടത്തുന്ന മികച്ച അക്കാദമികളാണ് ഈവര്‍ഷം ജൂനിയര്‍ ഫുട്ബോളില്‍ അണ്ടര്‍ 20, അണ്ടര്‍ 17 കിരീടങ്ങള്‍ക്ക് ഇംഗ്ളണ്ടിനെ അവകാശികളാക്കിയത്. വരുംനാളുകളില്‍ സീനിയര്‍ ഫുട്ബോളിലും അവര്‍ ഇതിന്റെ ഫലംകൊയ്യുമെന്ന് ഉറപ്പ്. അതില്‍നിന്ന് ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ട്. ചെറിയപ്രായത്തില്‍തന്നെ കഴിവ് തിരിച്ചറിഞ്ഞ് കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ മികച്ച അക്കാദമികള്‍ ഉണ്ടാകണം. തികച്ചും പിന്നോക്ക സാഹചര്യത്തില്‍നിന്ന് വരുന്ന നമ്മുടെ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കായികസംഘടനകളുടെയും സര്‍ക്കാരിന്റെയും അകമഴിഞ്ഞ പിന്തുണ അത്യാവശ്യമാണ്. ഫുട്ബോളിനെ കൂടുതല്‍ ജനകീയമാക്കാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തണം. അതുവഴി കൂടുതല്‍പേരെ ഫുട്ബോള്‍ കളത്തിലേക്കും ഒപ്പം സ്റ്റേഡിയത്തിലേക്കും ആകര്‍ഷിക്കണം.

നല്ല കളി കാണാന്‍ നമ്മുടെ നാട്ടില്‍ ആളെ കിട്ടുമെന്ന് ലോകകപ്പ് തെളിയിച്ചു. കളിനടത്തിപ്പിലെ ചില പ്രശ്നങ്ങള്‍ കാണാതിരിക്കരുത്. കൊച്ചിയില്‍ കാണികളെ ആകര്‍ഷിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. പരിചയക്കുറവെന്ന് കണ്ട് അത് അവഗണിക്കാം. കളി നടത്താന്‍ കോടികള്‍ ചെലവഴിച്ച് നവീകരിച്ച മൈതാനങ്ങളും സ്റ്റേഡിയങ്ങളും സംരക്ഷിക്കുകയും ഇവിടെ കളി പഠിക്കാന്‍ അവസരമൊരുക്കുകയും വേണം. ഒപ്പം കൂടുതല്‍ വലിയ ടൂര്‍ണമെന്റുകള്‍ നടത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും തയ്യാറാകണം. ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെമാത്രമേ നമ്മുടെ ഫുട്ബോളിനെ ഉണര്‍ത്താനും ഉയരങ്ങളില്‍ എത്തിക്കാനും സാധിക്കൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top