29 March Wednesday

ഉന്നതവിദ്യാഭ്യാസത്തിലും കരാർവൽക്കരണമോ

വെബ് ഡെസ്‌ക്‌Updated: Saturday Feb 5, 2022


കലാ‐സാംസ്‌കാരിക മേഖലകളിലെന്നപോലെ വിദ്യാഭ്യാസരംഗത്തും പിടിമുറുക്കാൻ സംഘപരിവാർ പല പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ട്‌. പ്രാഥമികതലങ്ങളിൽ കാവിവൽക്കരണമാണെങ്കിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ മണ്ഡലത്തിൽ മൂലധന അജൻഡയ്‌ക്കാണ്‌ പ്രാമുഖ്യം. കൂലി അടിമത്തത്തിന്‌ സമാനമായ അവസ്ഥയുണ്ടാക്കാൻ ഒരു മടിയുമില്ലാതായിരിക്കുന്നു.  യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യുജിസി)  കരാർ അധ്യാപക നിയമനങ്ങൾക്ക്‌ പച്ചക്കൊടി വീശിയത്‌ ആ അർഥത്തിൽ  വലിയ പ്രതിസന്ധിയുണ്ടാക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പകുതി അധ്യാപകരെ കരാർ വ്യവസ്ഥയിലോ നിശ്ചിതകാലയളവിലോ  നിയമിക്കാമെന്ന് മാർഗരേഖ വന്നുകഴിഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെന്റ്‌ പ്ലാൻ (ഐഡിപി) മാർഗനിർദേശത്തിന്റെ കരടിലാണ് നിര്‍ദേശം. യുജിസിയുടെയും അഖിലേന്ത്യാ  സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെയും വേരറുത്ത്‌ ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിക്കുമെന്നാണ് പ്രഖ്യാപനം. അതിന്റെ ഭാഗമായി യുജിസിക്കു കീഴിലെ  ഇന്റർ യൂണിവേഴ്‌സിറ്റി ആക്‌സിലറേറ്റർ സെന്റർ ഡയറക്ടർ എ സി  പാണ്ഡെയുടെ മേൽനോട്ടത്തിലുള്ള സമിതിയാണ്‌ ഐഡിപി നിർദേശം തയ്യാറാക്കിയത്‌. ഗവേഷണ‐പ്രൊഫഷണൽ മേഖലകളിൽനിന്നുള്ളവരെ  വിസിറ്റിങ്‌ പ്രൊഫസർമാരായി നിയമിക്കാമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. കരാർ നിയമനങ്ങൾ  വലിയതോതിൽ അഴിമതിക്കും  സ്വജനപക്ഷപാതത്തിനും  വഴിവയ്‌ക്കുമെന്ന്‌ സർവകലാശാലാ അധ്യാപക സംഘടനകളുടെ ദേശീയ സമിതി  വ്യക്തമാക്കിക്കഴിഞ്ഞു. ചലച്ചിത്ര ‐ സാംസ്‌കാരിക സ്ഥാപനങ്ങളിലും സർവകലാശാലകളിലും കർസേവകരെ തിരുകിക്കയറ്റുന്നത്‌ തുടരുകയുമാണല്ലോ.

യുജിസി വർഷങ്ങളായി നൽകിവരുന്ന  നിരവധി ഗവേഷണ ഫെലോഷിപ്പുകള്‍ നിര്‍ത്തിയത് ഇതിന്റെ തുടർച്ചയാണ്‌. എമരിറ്റസ് ഫെലോഷിപ്, ഡോ. എസ്‌ രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് ഇന്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, വനിതാ ഗവേഷകര്‍ക്കുള്ള  പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്, എസ്‌സി- എസ്ടി ഗവേഷകര്‍ക്കുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്,  പട്ടികജാതി വിദ്യാർഥികള്‍ക്കുള്ള ദേശീയ ഫെലോഷിപ് എന്നിവയാണ്‌ കാരണം വിശദീകരിക്കാതെ അവസാനിപ്പിച്ചത്‌.  സ്‌ത്രീകളുടെയും ദളിത് ആദിവാസി വിഭാഗങ്ങളുടെയും  ഗവേഷണത്തിനുള്ള അവസരങ്ങള്‍ക്ക്‌ താഴിടുന്ന  നീക്കമാണ് യുജിസിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നതും. മാനവിക വിഷയങ്ങളോടുള്ള അവഗണന നിറഞ്ഞ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും  നിലവില്‍ ഗവേഷണത്തിന്‌ രാജ്യം ചെലവിടുന്ന സംഖ്യ തീർത്തും അപര്യാപ്തവുമാണ്‌. 

ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലും  മാനവികവിഷയങ്ങളിലുമുള്ള  ഗവേഷണങ്ങൾ  അവഗണിച്ച്‌ ഒരു ആധുനിക രാഷ്ട്രത്തിനും മുന്നോട്ട് പോകാനാകില്ല.  ആ പശ്‌ചാത്തലത്തിൽ യുജിസി നിലപാട്‌ പ്രതിഷേധാര്‍ഹമാണ്. ഫണ്ടുകൾ  നിർത്തലാക്കുകയെന്ന സാമ്പത്തിക സൂത്രവാക്യം ഉന്നതവിദ്യാഭ്യാസ രംഗത്തും മോദി സര്‍ക്കാര്‍ അടിച്ചേൽപ്പിക്കുകയാണെന്ന്‌ വ്യക്തം.  സാമൂഹ്യനീതിക്കും രാഷ്‌ട്രഹിതത്തിനും വിരുദ്ധമായ ഇത്തരം നയങ്ങളിൽനിന്ന് കേന്ദ്രവും മാനവവിഭവശേഷി വകുപ്പും യുജിസിയും അടിയന്തരമായി പിന്മാറേണ്ടതുണ്ട്‌. യുജിസി ഫെലോഷിപ്പുകൾക്കുള്ള വിഹിതം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുകയും വേണം. ദരിദ്ര‐ പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള ഫെലോഷിപ്പുകളാണ്‌ കൂടുതലായും ഇല്ലാതാകുന്നതെന്നതും ആശങ്കാജനകമാണ്‌. മോദിയുടെ സമ്പന്ന‐സവർണാനുകൂല ഭരണത്തിൽ സാമൂഹ്യനീതി തുടർച്ചയായി നിഷേധിക്കപ്പെടുന്നതിന്റെയും സാക്ഷ്യമാണിത്‌.

വിദ്യാഭ്യാസരംഗത്തെ അവകാശങ്ങളുടെ അട്ടിമറി നീക്കങ്ങൾക്കൊപ്പം ചേർത്തുവയ്‌ക്കേണ്ടതാണ്‌ തൊഴിൽ നിഷേധങ്ങൾ. വിവിധ കേന്ദ്ര സർവീസുകളിൽ  ഒമ്പത്‌  ലക്ഷത്തിനടുത്ത്‌  തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നാണ്‌ പാർലമെന്റിൽ വ്യക്തമാക്കപ്പെട്ടത്‌. തൊഴിലില്ലായ്‌മയ്‌ക്കെതിരെ  രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ്‌  ഇത്രയും  ഒഴിവുകളെന്നതും പ്രധാനം. അഞ്ചു വർഷത്തിനിടെ  സ്വകാര്യമേഖലയിൽ എസ്‌സി‐എസ്‌ടി വിഭാഗത്തിന്റെ  കുറവ് എത്രയെന്നതിന് കണക്കുകൾ ഇല്ലാത്തതിനാൽ  ആ ചോദ്യത്തിന്‌ പ്രസക്തിയില്ലെന്ന  ബാലിശ മറുപടിയായിരുന്നു മോദി  സർക്കാരിൽനിന്ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top