01 June Thursday

സഹായഹസ്തം തട്ടിമാറ്റരുത്

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018


ലോകമെങ്ങുമുള്ള മലയാളിക്ക് ഓണമെന്നത് പോയകാലത്തിലെ സമത്വത്തിന്റെയും സമഭാവനയുടെയും ഓർമകളെ തിരികെപ്പിടിക്കലാണ്. അത്തംമുതൽ തിരുവോണംവരെയുള്ള ദിവസങ്ങൾ ആഹ്ലാദത്തിന്റെയും പങ്കുവയ‌്ക്കലുകളുടേതുമാണ്. എന്നാൽ, പ്രളയം കേരളത്തിന്റെ ഈ ആഹ്ലാദത്തെ, ജനകീയ ഉത്സവത്തെ ഇക്കുറി കവർന്നെടുത്തു. മുഖങ്ങളൊക്കെ മ്ലാനമാണ്. എങ്ങും ആശങ്ക നിറഞ്ഞുനിൽക്കുന്നുണ്ട്. എങ്കിലും കേരളത്തിലെ ജനങ്ങളുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെയും  കാര്യക്ഷമമായ ഇടപെടലുകളും ദുരിതബാധിതരെ സഹായിക്കാനുള്ള നടപടികളും അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഈ സാമൂഹ്യപിന്തുണയാണ് തുടർന്നും ജീവിക്കാൻ അവർക്ക് കരുത്തുനൽകുന്നത്. ജാതി﹣ മത﹣ ദേശ ചിന്തകൾക്ക് അതീതമായി കേരളീയർ ഒരുമിച്ചുനിന്നാൽ ഈ പ്രളയകാലത്തെ അതിജീവിക്കാനും അതുണ്ടാക്കിയ മുറിവുകൾ ഉണക്കാനും കഴിയുമെന്ന മഹത്തായ സന്ദേശമാണ് ഈ ഓണം നൽകുന്നത്.

പ്രളയബാധിതരായ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള തീവ്രയത്‌നത്തിലാണ് നാമിപ്പോൾ. പ്രളയം ഒഴിഞ്ഞപ്പോൾ വീട്ടിലേക്ക് തിരിച്ചെത്തുന്നവരെ എതിരേൽക്കുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടതറിഞ്ഞ് തകർന്നുപോവുകയാണവർ. അതുപോലെതന്നെ പൊതുവായി കെട്ടിപ്പടുത്ത പശ്ചാത്തലസൗകര്യങ്ങളായ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും മറ്റും തകർത്തെറിയപ്പെട്ടു. ഇതൊക്കെ പുനർനിർമിക്കണമെങ്കിൽ വൻതോതിലുള്ള സഹായം ആവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻതന്നെ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചത്, ഒരുവർഷത്തെ ബജറ്റ് അടങ്കൽ തുകയായ 38,000 കോടി രൂപയെങ്കിലും പുനർനിർമാണത്തിന് വേണ്ടിവരുമെന്നാണ്. സംസ്ഥാനത്തിന് ഇതുവരെയായി ലഭിച്ചത് കേന്ദ്രത്തിൽനിന്ന് 600 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 310 കോടി രൂപയും മാത്രമാണ്. അതുകൊണ്ടുതന്നെ വൻ തുക കേരളത്തിന് ഇനിയും ആവശ്യമാണെന്നർഥം.

ഈ പശ്ചാത്തലത്തിൽ വിദേശരാഷ്ട്രങ്ങൾ വാഗ്ദാനം ചെയ്യുന്ന സഹായം വാങ്ങാൻ കേരളത്തെ, കേന്ദ്ര സർക്കാർ അനുവദിക്കുകതന്നെ വേണം. യുഎഇ, ഖത്തർ, മാലദ്വീപ് തുടങ്ങിയ രാഷ്ട്രങ്ങളാണ് സഹായിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുള്ളത്. ഗൾഫ് രാഷ്ട്രങ്ങളുമായി കേരളത്തിന് സഹസ്രാബ്ദങ്ങളുടെ ബന്ധമാണുള്ളത്. പല ഗൾഫ് രാഷ്ട്രങ്ങളുടെയും നിർമാണത്തിൽ കേരളീയരുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെയാണ് അവർ കേരളം ഒരു ദുരന്തത്തിൽപ്പെട്ടപ്പോൾ സഹായഹസ്തം നീട്ടുന്നത്. എന്നാൽ, ആ കൈ തട്ടിമാറ്റാനാണ്  കേന്ദ്രത്തിലെ മോഡിസർക്കാർ തയ്യാറാകുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് എടുത്തതായി പറയുന്ന ഒരു തീരുമാനത്തിന്റെ  അടിസ്ഥാനത്തിലാണ് ഈ നടപടി.

അമേരിക്കയുടെ കൈപിടിച്ച് വൻ ശക്തിയാകാൻ ഇന്ത്യ നടത്തുന്ന ശ്രമത്തിന്റെ ഫലമായാണ് വിദേശസഹായം സ്വീകരിക്കേണ്ടെന്ന നയത്തിൽ യുപിഎ സർക്കാർ എത്തിയിരുന്നത്.

വൻ ശക്തിയാകുമ്പോൾ മറ്റു രാഷ്ട്രങ്ങളെ സഹായിക്കുകയല്ലാതെ, സഹായം സ്വീകരിക്കാൻ പാടില്ലല്ലോ? ആരാണ് ഈ മണ്ടത്തരം ഇന്ത്യൻ വിദേശനയത്തിന്റെ ഭാഗമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയും സാമ്പത്തികശക്തിയുമായ അമേരിക്കപോലും പ്രകൃതിദുരന്തവേളകളിൽ മറ്റു രാജ്യങ്ങളിൽനിന്ന് സഹായം സ്വീകരിക്കാറുണ്ട്. മാത്രമല്ല, വിദേശമന്ത്രാലയം അടിസ്ഥാനമാക്കുന്ന 2016 ദേശീയ ദുരന്തനിവാരണപദ്ധതിയിൽ വിദേശരാഷ്ട്രങ്ങൾ സ്വമേധയാ നൽകുന്ന സഹായം സ്വീകരിക്കാമെന്നും പറയുന്നുണ്ട്. എന്നിട്ടും അതിന് അനുവാദം നൽകില്ലെന്ന് കേന്ദ്രം പറയുന്നത് സംശയമുണർത്തുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം, ആണവവിതരണ സംഘത്തിൽ (എൻഎസ്ജി) അംഗത്വം, ഏഷ്യ പസിഫിക‌് ഇക്കോണമിക‌് കോ ഓപ്പറേഷനിൽ അംഗത്വം തുടങ്ങി പല ലക്ഷ്യങ്ങളും വിദേശസഹായം സ്വീകരിക്കണ്ട എന്ന നയത്തിനുപിന്നിലുണ്ടായിരുന്നു. എന്നാൽ, ഈ പ്രഖ്യാപിതലക്ഷ്യങ്ങളിൽ ഒന്നുപോലും ഫലപ്രാപ്തിയിലെത്തിയില്ല. എന്നിട്ടും ആ തെറ്റായ നയത്തിൽ കടിച്ചുതൂങ്ങുകയാണ് എൻഡിഎ സർക്കാർ. അതുകൊണ്ടുതന്നെ തെറ്റായ ഈ നയം തിരുത്തി കേരളത്തെ പുതുക്കിപ്പണിയുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുവേണ്ടി വിദേശരാഷ്ട്രങ്ങളും സംഘടനകളും നൽകുന്ന സഹായം സ്വീകരിക്കാൻ കേരളത്തെ അനുവദിക്കണം. ഓണക്കാലത്ത് കേരളീയർക്ക് നഷ്ടമായ ആഹ്ലാദവും പുഞ്ചിരിയും ഒരുപരിധിവരെയെങ്കിലും വീണ്ടെടുക്കാൻ ഇത് സഹായിക്കും. പ്രളയദുരിതങ്ങളിൽനിന്ന‌് കേരളത്തെ വീണ്ടെടുക്കാനും പുനർനിർമിക്കാനും ഇത് സഹായിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top