ad
Deshabhimani

print edition ഏകപക്ഷീയ എസ്‌ഐആർ ചെറുക്കാൻ പ്രതിപക്ഷ കൂട്ടായ്‌മ

editorial today
വെബ് ഡെസ്ക്

Published on Jul 02, 2026, 12:00 AM | 2 min read

ടെലഗ്രാഫ്‌ പത്രത്തിന്റെ മുൻഎഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ആർ രാജഗോപാലിന്റെ പാസ്‌പോർട്ട്‌ പുതുക്കൽ അപേക്ഷ നിരാകരിക്കപ്പെട്ടത്‌ വലിയ വിവാദമായിരുന്നു. ബംഗാളിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ നടത്തിയ എസ്‌ഐആർ പ്രക്രിയയിൽ രാജഗോപാലിന്റെ പേര്‌ വോട്ടർപ്പട്ടികയിൽനിന്ന്‌ നീക്കം ചെയ്യപ്പെട്ടു. വോട്ടർപ്പട്ടികയിൽ പേരില്ലാത്തതിനാൽ പാസ്‌പോർട്ട്‌ അപേക്ഷ പരിഗണിക്കാനാകില്ലെന്ന നിലപാടാണ്‌ പൊലീസും പാസ്‌പോർട്ട്‌ അധികൃതരും സ്വീകരിച്ചത്‌.


പ്രമുഖപത്രത്തിന്റെ എഡിറ്ററായി വർഷങ്ങൾ ജോലി ചെയ്‌ത വ്യക്തിയാണ്‌ പ‍ൗരത്വംപോലും ചോദ്യംചെയ്യപ്പെടുന്ന ദുരവസ്ഥയിലേക്ക്‌ തള്ളപ്പെട്ടത്‌. രാജഗോപാലിനെപ്പോലെ പ്രമുഖനായ ഒരാളുടെ അനുഭവം ഇതാണെങ്കിൽ എസ്‌ഐആറിലൂടെ വോട്ടവകാശം നഷ്ടമായ സാധാരണക്കാർ അഭിമുഖീകരിക്കുന്ന അനിശ്‌ചിതാവസ്ഥ ഉ‍ൗഹിക്കാവുന്നതേയുള്ളൂ.


ബംഗ്ലാദേശിൽനിന്നും മറ്റും ഇന്ത്യയിലേക്ക്‌ വലിയതോതിൽ നുഴഞ്ഞുകയറ്റമുണ്ടെന്നും അവരെ തുരത്തുമെന്നും 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതുമുതൽ ആവർത്തിച്ച്‌ പ്രഖ്യാപിക്കുകയാണ്‌. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള സംഘപരിവാർ അജൻഡയുടെ ഭാഗമാണിത്‌. ആഭ്യന്തരമന്ത്രിയായി അമിത്‌ ഷാ എത്തിയതോടെ സംഘപരിവാർ അജൻഡയ്‌ക്ക്‌ വേഗമേറി.


പ‍ൗരത്വത്തെ മതവുമായി ബന്ധിപ്പിച്ചുള്ള പ‍ൗരത്വഭേദഗതി നിയമത്തോടെയാണ്‌ തുടക്കം. പിന്നാലെ അസമിൽ നടപ്പാക്കിയതിന്‌ സമാനമായവിധം പ‍ൗരൻമാരുടെ ദേശീയ രജിസ്‌റ്റർ (എൻആർസി) തയ്യാറാക്കാനാണ്‌ ലക്ഷ്യമിട്ടത്‌. വലിയ പ്രതിഷേധമുയർന്നതോടെ ആ നീക്കം മരവിപ്പിക്കേണ്ടി വന്നു. എൻആർസി വളഞ്ഞ വഴിയിലൂടെ നടപ്പാക്കുകയെന്ന ദ‍ൗത്യമാണ്‌ അമിത്‌ ഷായുടെ നിർദേശപ്രകാരം മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ ഏറ്റെടുത്തത്‌.


കഴിഞ്ഞവർഷം ബിഹാറിൽ ഇതിന്‌ തുടക്കമിട്ടു. 65 ലക്ഷം പേർ ബിഹാറിൽ വോട്ടർപ്പട്ടികയിൽനിന്ന്‌ പുറത്തായി. വോട്ടർപ്പട്ടികയിൽ നിന്ന്‌ ന്യൂനപക്ഷങ്ങളെയും മറ്റ്‌ ദുർബലവിഭാഗങ്ങളെയും ഒഴിവാക്കുന്നതിനൊപ്പം ബോണസായി തെരഞ്ഞെടുപ്പ്‌ നേട്ടവും എസ്‌ഐആറിലൂടെ ബിജെപിക്ക്‌ ലഭിച്ചു. കേരളവും ബംഗാളുമടക്കം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങിയ മറ്റ്‌ സംസ്ഥാനങ്ങളിലും വേഗത്തിൽ എസ്‌ഐആർ നടപ്പാക്കി.


10 സംസ്ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണപ്രദേശങ്ങളിലുമായി എസ്‌ഐആറിലൂടെ ആറുകോടി പേർ വോട്ടർപ്പട്ടികയിൽനിന്ന്‌ പുറത്തായി.

പ്രതിപക്ഷ പാർടികൾ എസ്‌ഐആറിനെതിരെ രംഗത്തുവന്നെങ്കിലും സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തിൽ ശേഷിക്കുന്ന സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ്‌ കമീഷൻ എസ്‌ഐആർ വ്യാപിപ്പിച്ചു. വോട്ടർപ്പട്ടികയിൽ ഉൾപ്പെടുന്നതിന്‌ ആവശ്യപ്പെടുന്ന 11 രേഖകളിൽ ആധാറും വോട്ടർ ഐഡിയും റേഷൻകാർഡുമൊന്നും ഉണ്ടായിരുന്നില്ല.


സുപ്രീംകോടതി നിർദേശപ്രകാരം നിലവിൽ ആധാർ പരിഗണിക്കാൻ കമീഷൻ നിർബന്ധിതമായിട്ടുണ്ട്‌. യഥാർഥത്തിൽ വോട്ടർമാരുടെ പ‍ൗരത്വപരിശോധനയാണ്‌ എസ്‌ഐആറിലൂടെ നടത്തുന്നത്‌. ആധാറും വോട്ടർ ഐഡിയും മറ്റും കേവലം തിരിച്ചറിയൽ രേഖ മാത്രമാണെന്നും പ‍ൗരത്വരേഖകളല്ലെന്നും സർക്കാർ ആവർത്തിച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പാസ്‌പോർട്ട്‌ യാത്രാരേഖ മാത്രമാണെന്നും പ‍ൗരത്വരേഖയല്ലെന്നും കഴിഞ്ഞദിവസം വിദേശമന്ത്രാലയവും നിലപാടെടുത്തു.


തലമുറകളായി ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗത്തെ പ‍ൗരത്വം തെളിയിക്കേണ്ട ഗതികേടിലേക്ക്‌ തള്ളിവിടുകയാണ്‌. ഇ‍ൗ വിഷയത്തെ ഗ‍ൗരവത്തിൽ പരിഗണിച്ച്‌ പ്രചാരണവിഷയമാക്കാനാണ്‌ പ്രതിപക്ഷ പാർടികളുടെ തീരുമാനം. എസ്‌ഐആറിലൂടെ ആറുകോടിയോളം പേർ വോട്ടർപ്പട്ടികയിൽനിന്ന്‌ പുറത്താക്കപ്പെട്ടതിൽ ആശങ്കയറിയിച്ച്‌ ഇടതുപക്ഷം ഉൾപ്പെടെ 23 പാർടികൾ ചീഫ്‌ജസ്‌റ്റിസിന്‌ കത്തയച്ചു.


‘ഇന്ത്യ കൂട്ടായ്‌മ’യിലില്ലാത്ത ഡിഎംകെയും എഎപിയും കത്തിൽ ഒപ്പിട്ടു. ഇതുവരെ പുറത്താക്കപ്പെട്ടവരിൽ എത്ര അനധികൃത കുടിയേറ്റക്കാരുണ്ടെന്ന വെളിപ്പെടുത്തലിന് കമീഷൻ തയ്യാറാകണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്‌. വോട്ടെടുപ്പിൽ സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കുന്നതിനും തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിഷ്‌പക്ഷത തിരിച്ചുപിടിക്കുന്നതിനും രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിക്കാൻ സിപിഐ എം പൊളിറ്റ്‌ബ്യൂറോ തീരുമാനിച്ചിട്ടുണ്ട്‌. ന്യൂനപക്ഷങ്ങളെയും ദുർബല ജനവിഭാഗങ്ങളെയും വോട്ടർപ്പട്ടികയിൽ നിന്ന്‌ പുറത്താക്കുന്നതടക്കം സംഘപരിവാർ അജൻഡകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർടികളുടെ യോജിച്ച ചെറുത്തുനിൽപ്പ്‌ അനിവാര്യമാണ്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home