ad
Deshabhimani

print edition വീട്ടമ്മയുടെ ആത്മഹത്യയും കോൺഗ്രസിന്റെ ജീർണതയും

wayanad housewife suicide
വെബ് ഡെസ്ക്

Published on Oct 22, 2025, 12:00 AM | 2 min read


എത്രത്തോളം ജീര്‍ണത കൂടുന്നുവോ അത്രയും തങ്ങളുടെ പെരുമ കൂടുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. കോടികളുടെ അഴിമതി ആരോപണങ്ങളും നിയമനത്തട്ടിപ്പുകളും ലൈംഗികപീഡന പരാതികളും ഒന്നിനുപുറകെ ഒന്നായി നേതാക്കള്‍ക്കുനേരെ ഉയർന്നുവരികയാണ്. വിശ്വസിക്കുന്ന പ്രസ്ഥാനംതന്നെ തങ്ങളെ ചതിക്കുന്നു എന്ന തിരിച്ചറിവ്‌ വലിയൊരു വിഭാഗം അണികളിലും കടുത്ത അമര്‍ഷത്തിന്‌ കാരണമായിട്ടുണ്ട്‌. ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോഴും ഒന്നുമറിയാത്ത, കേൾക്കാത്ത ഭാവം നടിക്കുന്ന കെപിസിസി നേതൃത്വം. ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ്‌ കോൺഗ്രസിലെ എല്ലാ ഗ്രൂപ്പ്‌ നേതാക്കളും സ്വീകരിക്കുന്നത്‌.


സാധാരണ പാര്‍ടി പ്രവര്‍ത്തകര്‍ക്കുപോലും ഒരുതരത്തിലും വിശ്വാസം അര്‍പ്പിക്കാന്‍ പറ്റാത്തവിധം കോൺഗ്രസ്‌ അധഃപതിച്ചിരിക്കുകയാണ്‌. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനത്തില്‍നിന്ന് വായ്‌പ അനുവദിക്കാന്‍ സഹായ അഭ്യര്‍ഥനയുമായി എത്തിയ വീട്ടമ്മ നേരിട്ടത് വിവരിക്കാനാകാത്ത വിധമുള്ള പീഡനമായിരുന്നുവെന്നാണ്‌ ആത്മഹത്യാക്കുറിപ്പിൽനിന്ന്‌ വ്യക്തമാകുന്നത്‌. പീ‍ഡിപ്പിച്ചത് ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാനുമായ ജോസ്‌ ഫ്രാങ്ക്‌ളിനാണ്‌.


അതിദാരുണമായ പീഡനം ആത്മഹത്യാക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്. ഭർത്താവ് മരിച്ചതിൽപ്പിന്നെ ബേക്കറി നടത്തിയാണ് വീട്ടമ്മ ഉപജീവനം കണ്ടെത്തിയിരുന്നത്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായപ്പോൾ, സഹകരണ സംഘത്തിൽനിന്ന്‌ സബ്സിഡിയുള്ള വായ്‌പ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്‌ളിനെ സമീപിച്ചത്. വായ്പ അനുവദിക്കാമെന്നു പറഞ്ഞ്‌ തന്റെ ഓഫീസിലേക്ക് നിരവധിതവണ വിളിച്ചുവരുത്തിയശേഷം ശല്യപ്പെടുത്തിയെന്നാണ്‌ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്‌. പൊലീസ് കേസെടുത്തപ്പോള്‍ ഒളിവിൽ പോയ നേതാവിനെ സംരക്ഷിച്ചതും മുൻകൂർജാമ്യം ലഭ്യമാക്കാൻ സഹായിച്ചതും കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായിരുന്നു.


സംഭവം വിവാദമായതോടെ സസ്‌പെന്‍ഷനില്‍ ഒതുക്കി രക്ഷപ്പെടാമെന്ന വിചിത്രസമീപനമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. ഇത്തരം ഉദാഹരണങ്ങള്‍ നിരവധിയുണ്ട്‌. പലിശയ്ക്ക് പണം നല്‍കല്‍, ഗുണ്ടാപ്പണി, സ്ത്രീകളെ ശല്യംചെയ്യല്‍ എന്നിങ്ങനെ നിരവധി പരാതികള്‍ ജോസ്‌ ഫ്രാങ്ക്‌ളിനെതിരെ നിലനില്‍ക്കെയാണ്, ഡിസിസി ജനറല്‍ സെക്രട്ടറി പദവിയും നഗരസഭയിലെ പ്രധാന ചുമതലകളും നേതൃത്വം ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്. എന്തുവന്നാലും തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്ന് ഇക്കൂട്ടര്‍ക്ക്‌ നന്നായി അറിയാം. ഏതെങ്കിലും തരത്തിൽ നടപടിക്ക് മുതിർന്നാൽ നേതൃത്വത്തിലുള്ളവരെ മറ്റൊരു വിധത്തിൽ കുരുക്കിൽപ്പെടുത്താമെന്ന് അറിയാവുന്നവർ ആ തന്ത്രവും നന്നായി ഉപയോഗിക്കുന്നു. ഫലത്തിൽ ജീര്‍ണതയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണ് കോൺഗ്രസ്.


ഒരു പ്രദേശത്തുമാത്രം ഒതുങ്ങുന്നതല്ല ഇത്തരം പരാതികള്‍. ഇരിങ്ങാലക്കുട ടൗണ്‍ കോ–ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ കോടികളുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. കെപിസിസി സെക്രട്ടറി എം പി ജാക്‌സന്‍ ചെയര്‍മാനായ ഭരണസമിതി, ജില്ല–സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നത്. പാര്‍ടിക്കുള്ളിലെ തമ്മിലടിയും ചതിയും കാരണം വയനാട്ടിൽമാത്രം ജീവനൊടുക്കിയത് അഞ്ചുപേര്‍. ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പി വി ജോൺ ആത്മഹത്യ ചെയ്തത് കോൺഗ്രസ് ഓഫീസിൽത്തന്നെ. ആത്മഹത്യ ചെയ്‌ത പുല്‍പ്പള്ളിയിലെ രാജേന്ദ്രൻനായർ, പഞ്ചായത്ത്‌ അംഗം ജോസ് നെല്ലേടം, വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും എന്നിവർ കോൺഗ്രസിന്റെ അഴിമതിയുടെ ഇരകളാണ്‌. വയനാട്ടില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളില്‍ നിയമനം നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് കേസെടുത്തതും കഴിഞ്ഞദിവസമാണ്‌. പാലക്കാട്ടെ യുവ എംഎല്‍എയ്ക്കെതിരെ നിര്‍ബന്ധിത ഗര്‍ഭഛിദ്രമടക്കമുള്ള ഗുരുതര ലൈംഗികാരോപണം ഉയര്‍ന്നപ്പോഴും സസ്‌പെന്‍ഷനില്‍ ഒതുക്കിയ നേതൃത്വം, പിന്നീട് അദ്ദേഹത്തെ സംരക്ഷിക്കുന്നതും ആഘോഷപൂർവം കൊണ്ടുനടക്കുന്നതും കേരളം കണ്ടു. കോൺഗ്രസിന്റെ ജീര്‍ണത അനുദിനം വെളിവാക്കപ്പെടുമ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ പരോക്ഷമായി ഇത്തരം ഹീനകൃത്യങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home