print edition 22 ലക്ഷം കുട്ടികൾ ഇനി എന്തുചെയ്യും

മെയ് മൂന്നിന് നടന്ന 2026ലെ നീറ്റ് യുജി പരീക്ഷ എഴുതിയ രാജ്യത്തെ 22 ലക്ഷം വിദ്യാർഥികൾ ഒരുമിച്ച് വഞ്ചിക്കപ്പെട്ടിരിക്കുന്നു. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരിന് കേന്ദ്രീകൃത പ്രവേശനപരീക്ഷപോലും വിശ്വാസ്യത നഷ്‌ടപ്പെടാതെ നടത്താനുള്ള കാര്യക്ഷമതയില്ലെന്ന് ആവർത്തിച്ച് വ്യക്തമായിരിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. 10 വർഷത്തിനുള്ളിൽ അമ്പതോളം പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ഞെട്ടിക്കുന്ന വസ്‌തുത രാജ്യത്തെ വിദ്യാർഥികൾക്കുമുന്നിലുണ്ട്. ആവർത്തിക്കുന്ന ക്രമക്കേടുകളിൽനിന്ന് പാഠം പഠിക്കാനോ ചോർച്ച ഉണ്ടാകാനിടയുള്ള പഴുതുകൾ അടച്ചുകൊണ്ട് അടുത്തവർഷത്തെ പരീക്ഷ നടത്താനോ കഴിവില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് നരേന്ദ്ര മോദിയുടെ നെഞ്ചളവിൽ ഉൗറ്റംകൊള്ളുന്ന സംഘപരിവാറുകാർക്കൊഴികെ എല്ലാവർക്കും മനസ്സിലായിരിക്കുന്നു.
രണ്ടും മൂന്നും വർഷം രാപകൽ കഷ്‌ടപ്പെട്ടുള്ള പഠനം, നിരന്തര പരിശീലനം, മോക്ക് പരീക്ഷകൾ, റിവിഷനുകൾ എന്നിവയിലൂടെ കടന്നുപോകുന്ന വിദ്യാർഥികളുടെ മാനസികസംഘർഷം. അവരുടെ രക്ഷിതാക്കൾ ഇതിന്റെ പേരിൽ ഏറ്റെടുക്കേണ്ടിവരുന്ന സാന്പത്തികബാധ്യത. ഇവയ്‌ക്കൊന്നും കാൽക്കാശിന്റെ വിലപോലും കേന്ദ്രസർക്കാരും അവർ നിയോഗിച്ച നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യും നൽകുന്നില്ലെന്നാണ് സമീപദിവസങ്ങളിലെ സംഭവങ്ങൾ നമ്മോട് പറയുന്നത്. റദ്ദാക്കിയ പരീക്ഷയ്‌ക്കുവേണ്ടി ഇനിയും തയ്യാറെടുപ്പുകൾ നടത്തേണ്ട വിദ്യാർഥികളുടെയും അതിനായി അവരെ ഒരുക്കേണ്ട മാതാപിതാക്കളുടെയും മാനസികവ്യഥകൾക്ക് ആര് ഉത്തരം നൽകും? യുപിയിലും ഗോവയിലുമായി രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തെന്ന വിവരം ഞെട്ടലോടെയാണ് രാജ്യം കേട്ടത്.
മാത്രമല്ല, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായത് ബിജെപിയിലെ ഉന്നതരുമായി അടുത്തബന്ധം പുലർത്തുന്നവരാണെന്ന വസ്‌തുത, ഇതുസംബന്ധിച്ച ഒരന്വേഷണവും ലക്ഷ്യത്തിലെത്തില്ല എന്ന അപകടകരമായ യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കോടികൾ മറിയുന്ന ഇടപാടായി മാറിയ നീറ്റ് ചോദ്യചോർച്ചയുടെ ഗുണഭോക്താക്കൾ ബിഹാറിലെയും രാജസ്ഥാനിലെയും ഹരിയാനയിലെയും മഹാരാഷ്‌ട്രയിലെയും ബിജെപി നേതാക്കളാണെന്നത് തർക്കമറ്റ കാര്യം. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ കുപ്രസിദ്ധമായ വ്യാപം പരീക്ഷാക്രമക്കേടിന്റെ അനുഭവങ്ങൾ വച്ചുനോക്കുന്പോൾ ഇത്തരം ക്രമക്കേടുകൾ അഴിമതിഗ്രസ്‌തമായ ഇന്ത്യൻ സമൂഹത്തിൽ ആവർത്തിക്കുമെന്ന് ഉറപ്പാണ്. മധ്യപ്രദേശിൽ മെഡിക്കൽ–എൻജിനിയറിങ് പ്രവേശനപരീക്ഷകളും പൊലീസ്, വനംവകുപ്പ്, അധ്യാപക നിയമന പരീക്ഷകളും നടത്തിയിരുന്നത് വ്യാവസായിക് പരീക്ഷ മണ്ഡൽ (വ്യാപം) ആയിരുന്നു. ഇൗ പരീക്ഷകളുമായി ബന്ധപ്പെട്ട ഗുരുതരവും ആസൂത്രിതവുമായ അഴിമതികൾ പുറത്തുവന്നശേഷം സാക്ഷികളും പ്രതികളും അവരുമായി ബന്ധമുള്ളവരുമൊക്കെയായി നിരവധിപേർ ദുരൂഹമായി കൊല്ലപ്പെട്ടിരുന്നു.
2007 മുതൽ 2013 വരെയായിരുന്നു വ്യാപം വിവാദവുമായി ബന്ധപ്പെട്ട് കേസുകൾ പ്രധാനമായും രജിസ്റ്റർ ചെയ്‌തത്. ആൾമാറാട്ടവും ചോദ്യപേപ്പർ ആവശ്യക്കാർക്ക് എത്തിക്കലും ഒഎംആർ ഷീറ്റിലെ മാറ്റംവരുത്തലുമൊക്കെയായി അതിസങ്കീർണമായ കേസുകളായിരുന്നു അവ. വ്യാപം അഴിമതി മധ്യപ്രദേശിൽ ഒതുങ്ങിനിന്നപ്പോൾ അതേ മാതൃകയിൽ അതിലും ബൃഹത്തായ അഴിമതിയാണ് ബിജെപി നേതാക്കളുടെ അറിവോടെ കുറച്ചുവർഷങ്ങളായി ദേശീയതലത്തിൽ ആവർത്തിക്കുന്നത്. പരീക്ഷയ്‌ക്കുമുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഉൗഹ പേപ്പറിലെ നൂറ്റന്പതോളം ചോദ്യങ്ങൾ യഥാർഥ നീറ്റ് ചോദ്യപേപ്പറുമായി ഒത്തുപോകുന്നതായി കണ്ടെത്തി. 600 മാർക്കിനു തുല്യമായ ചോദ്യങ്ങൾവരെ ചോർന്നുവെന്നും വാർത്ത പുറത്തുവന്നു.
ഇത് വെറുമൊരു ചോദ്യപേപ്പർ ചോർച്ചയല്ല, മറിച്ച് വിദ്യാഭ്യാസമേഖലയിലെ സംഘടിതമായ അഴിമതിയാണ്. എൻടിഎയ്ക്കോ ബിജെപി നേതാവായ ധർമേന്ദ്ര പ്രധാന്റെ ചുമതലയിലുള്ള വിദ്യാഭ്യാസമന്ത്രാലയത്തിനോ ഇൗ അഴിമതിയുടെ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. എൻടിഎയെന്ന കേന്ദ്രീകൃത പരീക്ഷാ ഏജൻസിയിലുള്ള വിശ്വാസം ഇതിനോടകം നഷ്‌ടപ്പെട്ടിരിക്കുന്നു. ചോദ്യപേപ്പർ സുരക്ഷിതമായി അച്ചടിക്കൽ, കൈമാറ്റം, സംരക്ഷണം, പരീക്ഷാകേന്ദ്രങ്ങളിലെ സുരക്ഷാസംവിധാനങ്ങൾ, ഡിജിറ്റൽ നിരീക്ഷണവും ചോർച്ച കണ്ടെത്തലും, വിതരണക്കാരുടെയും കരാർ സ്ഥാപനങ്ങളുടെയും പരിശോധന, സംശയാസ്പദ സാഹചര്യങ്ങളിൽ ഉടൻ നടപടി തുടങ്ങിയ പ്രാഥമിക കാര്യങ്ങൾപോലും നേരാംവണ്ണം നടത്താൻ കഴിയാത്തത്രയും ദുർബലമായിരിക്കുന്നു കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനുകീഴിലുള്ള സംവിധാനങ്ങൾ. മുൻവർഷങ്ങളിലുണ്ടായ ചോർച്ചയും ക്രമക്കേടുകളും അഴിമതിയും മുൻനിർത്തി സിബിഐ അന്വേഷണം എവിടെയെത്തി എന്ന ചോദ്യത്തിനും കേന്ദ്രസർക്കാരിന് മറുപടിയുണ്ടാകില്ല. പഠിച്ചാൽ മാത്രം പോരാ, തങ്ങളെ വഞ്ചിക്കുന്നവർക്കെതിരെ പൊരുതാൻകൂടി സജ്ജരാകണമെന്ന സന്ദേശമാണ് ഇൗ അഴിമതി ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്നത്.










0 comments