തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ നീക്കം

Mgnrega project
വെബ് ഡെസ്ക്

Published on Jun 04, 2025, 12:00 AM | 2 min read


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം തുടർച്ചയായി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ 1.76 കോടി കുടുംബത്തെ പദ്ധതിയിൽനിന്ന് പുറത്താക്കിയിരിക്കുന്നു. എൻഡിഎ സർക്കാർ നടപ്പാക്കുന്ന നവ ഉദാര സാമ്പത്തികനയത്തിൽ ദരിദ്രരും ഇടത്തരക്കാരുമായ ഭൂരിപക്ഷം ജനങ്ങൾക്കും സ്ഥാനമില്ലെന്ന യാഥാർഥ്യത്തിന് ഒന്നുകൂടി അടിവരയിടുന്നതാണ് ഈ വാർത്ത.


2020–- -21ൽ 7.55 കോടി കുടുംബം പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്ന സ്ഥാനത്ത് 2024–- 25ൽ അത് 5.79 കോടി കുടുംബമായി ചുരുങ്ങി. 2020– --21 ധനവർഷത്തിൽ പദ്ധതിക്കുള്ള ബജറ്റ് വിഹിതം 1.10 ലക്ഷം കോടി രൂപയായിരുന്നു. 2024–-- 25ൽ 85,680 കോടി രൂപയായി കുറഞ്ഞു. അഞ്ചു വർഷംകൊണ്ട് പദ്ധതിയുടെ ബജറ്റ് വിഹിതത്തിൽ 25,000 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പദ്ധതിയോടുള്ള അവഗണനാ മനോഭാവം വ്യക്തമാക്കിയിരിക്കുകയാണ്.


തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശവും അവസരവും എല്ലാ പൗരനും ലഭ്യമാക്കുകയെന്നത് പരിഷ്കൃതസമൂഹത്തിന്റെ അടയാളമാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മാറിമാറിവന്ന കേന്ദ്ര സർക്കാരുകൾ പരാജയപ്പെട്ട ചരിത്രമാണ്‌ രാജ്യത്തുള്ളത്‌. ഈ സാഹചര്യത്തിലാണ്‌ ഒന്നാം യുപിഎ സർക്കാർ ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിക്കുന്നത്.


2006 ഫെബ്രുവരി രണ്ടിന് ഒന്നാം ഘട്ടമായി രാജ്യത്തെ 200 ജില്ലയിൽ തുടക്കംകുറിച്ച പദ്ധതി ഗ്രാമങ്ങളുടെ സാമൂഹ്യ–- സാമ്പത്തിക മേഖലയിലുണ്ടാക്കിയ ചലനം അത്ര നിസ്സാരമായിരുന്നില്ല. ഗ്രാമങ്ങളിലെ ദരിദ്രജനവിഭാഗങ്ങളുടെ വരുമാനത്തിൽ വർധനയുണ്ടായി. അതിന്റെ ഫലമായി ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള പലായനത്തിൽ ഗണ്യമായ കുറവുണ്ടായി. എല്ലാത്തിനുമുപരി ഗ്രാമീണ സ്‌ത്രീകൾക്ക് തൊഴിലും വരുമാനവും ലഭിക്കുക വഴി സ്‌ത്രീശാക്തീകരണത്തിനും പദ്ധതി വഴിവച്ചു. ഇതിനു പുറമെ ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിലും കാർഷിക മേഖലയിലും പരിസ്ഥിതി സംരക്ഷണത്തിലും പദ്ധതി മുതൽക്കൂട്ടാവുകയും ചെയ്തു.


നിലവിൽ പ്രതിവർഷം 100 തൊഴിൽദിനം എന്നത് വർധിപ്പിക്കണമെന്നും വേതനം 600 രൂപയിലേക്ക് ഉയർത്തണമെന്നും പ്രതിപക്ഷ പാർടികളും ട്രേഡ്‌ യൂണിയനുകളും ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് പദ്ധതിയെത്തന്നെ ഞെരുക്കിക്കൊല്ലുന്നതിന് കേന്ദ്രസർക്കാർ തുനിയുന്നത്. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വിഹിതത്തിൽ വർധന വരുത്തണമെന്ന്‌ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം ചെവിക്കൊള്ളുന്നേയില്ല.


ജപ്പാനെ പിന്തള്ളി ഇന്ത്യ നാലാമത്തെ ആഗോള സാമ്പത്തിക ശക്തിയായെന്ന് നിതി ആയോഗ് സിഇഒ അവകാശവാദം ഉന്നയിച്ചത് അടുത്തിടെയാണ്. അവകാശവാദത്തിന്റെ നിജസ്ഥിതി എന്തായിരുന്നാലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ വളർച്ച ആളോഹരി സമ്പത്തിലോ വരുമാനത്തിലോ പ്രതിഫലിക്കുന്നില്ല എന്നത് എല്ലാ സാമ്പത്തിക വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ്. ഇന്ത്യയുടെ ദേശീയ സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനംമാത്രം വരുന്ന അതിസമ്പന്നരുടെ കൈവശമാണ്. 57 ശതമാനം സമ്പത്താകട്ടെ പത്തുശതമാനം വരുന്ന ധനികരുടെ കൈവശവും.


ജനസംഖ്യയുടെ 50 ശതമാനം വരുന്ന ദരിദ്രർക്കും താഴ്‌ന്ന വരുമാനക്കാർക്കും കൈവശമുള്ളത് മൂന്നു ശതമാനം സമ്പത്ത് മാത്രമാണ്. തൊഴിലിൽ 90 ശതമാനവും അസംഘടിത മേഖലയിലാണ്. സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തമാകട്ടെ 26 ശതമാനവും.

ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂടുതൽ സാമൂഹ്യ–- സുരക്ഷാ പദ്ധതികൾ അനിവാര്യമായ സാഹചര്യം. എന്നാൽ, നിലവിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾകൂടി ഇല്ലാതാക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.


സാമ്പത്തിക അസമത്വം അതിരൂക്ഷമാക്കുന്ന നവ ഉദാര സാമ്പത്തികനയങ്ങളാണ് അതിന് കേന്ദ്ര സർക്കാരിന്റെ വഴികാട്ടി. അവിടെ ദരിദ്രർക്കും സാധാരണക്കാർക്കും സ്ഥാനമില്ല. തുടർച്ചയായി ബജറ്റ് വിഹിതം വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കവും അതിന്റെ ഉദാഹരണമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home