തൊഴിൽവകുപ്പ് നോക്കുകുത്തിയാകരുത്

29 തൊഴിൽനിയമം റദ്ദാക്കി കേന്ദ്ര സർക്കാർ നാല് ലേബർ കോഡ് നടപ്പാക്കുന്നത് തൊഴിലാളികളെ അടിമസമാനമായ അവസ്ഥയിലേക്ക് തള്ളിവിടാനുള്ള കോർപറേറ്റ് പദ്ധതിയുടെ ഭാഗമാണെന്ന് സിഐടിയു അടക്കം ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയനുകൾ ഉന്നയിച്ച ആശങ്ക യാഥാർഥ്യമായി മാറുന്നത് എത്ര വേഗത്തിലാണ്. പൊതുവിൽ തൊഴിലാളികൾക്ക് അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്ന കേരളത്തിൽപ്പോലും കോർപറേറ്റ് കന്പനിക്ക് എണ്ണൂറിലധികം തൊഴിലാളികളെ നോട്ടീസ്‌പോലും നൽകാതെ ഒറ്റയടിക്ക് പിരിച്ചുവിടാൻ കഴിയുന്ന സാഹചര്യം സൃഷ്‌ടിച്ചത് ലേബർ കോഡ് നടപ്പാക്കൽ ഉൾപ്പെടെയുള്ള തൊഴിലാളിദ്രോഹ നയങ്ങളാണ്. അമേരിക്കയിലെ ടെക്‌സസ് ആസ്ഥാനമായ കോറോഹെൽത്ത് കന്പനിയാണ് സ്ഥാപനം നഷ്‌ടത്തിലാണെന്ന പേരുപറഞ്ഞ് മുന്നറിയിപ്പൊന്നുമില്ലാതെ കൊച്ചി പാലാരിവട്ടത്തെയും കോഴിക്കോട് വെസ്റ്റ്‌ഹില്ലിലെയും ജീവനക്കാരെ പിരിച്ചുവിട്ടത്. രണ്ടുമാസത്തെ ശന്പളം നഷ്‌ടപരിഹാരം നൽകിയാണ് നിയമവിരുദ്ധമായ പിരിച്ചുവിടൽ.
ആശുപത്രികൾക്കും ഡോക്‌ടർമാർക്കും ആരോഗ്യ ഇൻഷുറൻസ് സ്ഥാപനങ്ങൾക്കുമൊക്കെ സാങ്കേതികവിദ്യയും ബാക്ക്- ഓഫീസ് സേവനങ്ങളും നൽകുന്ന ഹെൽത്ത് കെയർ ടെക്‌നോളജി ആൻഡ് റവന്യു മാനേജ്‌മെന്റ് കന്പനിയാണ് കോറോഹെൽത്ത്.
എല്ലാ അർഥത്തിലും നിയമവിരുദ്ധമായ പ്രവർത്തനത്തിന് തടയിടാനുള്ള നടപടികളെടുക്കാൻ സംസ്ഥാനത്തെ തൊഴിൽവകുപ്പിന് സാധിച്ചിട്ടില്ല. കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾതന്നെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളും തുടരുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്.
തൊഴിലാളികളെ തൊഴിലിടങ്ങളിലും രാഷ്‌ട്രീയ മണ്ഡലത്തിലും നിരായുധരാക്കുകയെന്നത് നവഫാസിസ്റ്റ് തന്ത്രമാണ്. ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരിന്റെ കോർപറേറ്റ്–-വർഗീയ സഖ്യത്തിന്റെ മുഖമുദ്രയാണത്. പൂർണമായും സ്വേച്ഛാധിപത്യപരമായ ഒരു വ്യവസ്ഥയെ ശാശ്വതീകരിക്കാനാണ് അതുവഴി ലക്ഷ്യമിടുന്നത്. ലേബർ കോഡുകൾ ഇൗ സ്വേച്ഛാധിപത്യം നടപ്പാക്കുന്നതിനുള്ള ഉപകരണമാണ്. 2019ലും 2020ലുമായി നിയമമാക്കിയെങ്കിലും 2025വരെ അതിന് തടയിടാൻ ട്രേഡ് യൂണിയനും പൊതുസമൂഹവും ഉയർത്തിയ ചെറുത്തുനിൽപ്പിന് സാധിച്ചു. എന്നാൽ ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷമില്ലാതിരുന്നിട്ടും മൂന്നാം മോദി സർക്കാർ കോഡ് നടപ്പാക്കാൻ ലക്ഷ്യമിട്ട് 2025 ഏപ്രിലിൽ വിജ്ഞാപനം ചെയ്യുകയും തുടർന്ന് സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും നയിക്കുന്ന സർക്കാരുകൾ അവ അക്ഷരംപ്രതി നടപ്പാക്കുകയും ചെയ്‌തു. നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലിനും അടച്ചുപൂട്ടലിനും സർക്കാർ അനുവാദം നിർബന്ധമാണെന്ന തൊഴിൽനിയമവ്യവസ്ഥ ലേബർ കോഡുകൾ നിലവിൽ വന്നതോടെ റദ്ദാക്കപ്പെട്ടിരിക്കുന്നു. ഇൗ പരിധി മുന്നൂറാക്കി ഉയർത്തിയിരിക്കുന്നു. എണ്ണൂറിലേറെ ജീവനക്കാരെ മുന്നറിയിപ്പ് ഇല്ലാതെ പിരിച്ചുവിടാൻ കോറോഹെൽത്തിന് എങ്ങനെയാണ് ധൈര്യംകിട്ടിയത്. കേരളത്തിൽ തൊഴിൽവകുപ്പ് നോക്കുകുത്തിയാണെന്ന് അറിഞ്ഞതു കൊണ്ടാണ് ഇൗ നിയമവിരുദ്ധ നടപടിക്ക് ധൈര്യം ലഭിച്ചത്.
എൽഡിഎഫ് ഭരണത്തിൽ കേരളത്തിൽ ലേബർ കോഡുകൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത് എന്നത് ഇൗ സന്ദർഭത്തിൽ ഓർമിക്കേണ്ടതാണ്. നാല് ലേബർ കോഡുകളെക്കുറിച്ച് പഠിക്കാനും തൊഴിലാളികളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാനും ലക്ഷ്യമിട്ട് 2026 ജനുവരി 22ന് ജസ്‌റ്റിസ് വി ഗോപാൽ ഗൗഡ അധ്യക്ഷനായ വിദഗ്‌ധസമിതിക്ക് അന്നത്തെ എൽഡിഎഫ് സർക്കാർ രൂപംനൽകിയിരുന്നു. 2025 ഡിസംബറിൽ ചേർന്ന ട്രേഡ് യൂണിയൻ കോൺക്ലേവിലായിരുന്നു സമിതി രൂപീകരിച്ചത്. കോൺക്ലേവ് ഉദ്‌ഘാടനംചെയ്‌ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അർഥശങ്കയ്‌ക്കിടയില്ലാതെ പറഞ്ഞത്, ലേബർ കോഡുകൾ തൊഴിലാളിവിരുദ്ധമായതിനാൽ അവ നടപ്പാക്കില്ലെന്നാണ്. 2026 മാർച്ച് 15ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ സമിതിയുടെ ശുപാർശകളിന്മേൽ തുടർനടപടി സ്വീകരിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിയാതെ പോയി. തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന നിയമസഭയ്‌ക്കുള്ള അധികാരങ്ങളെക്കുറിച്ച് സമിതി വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാൻ കേന്ദ്ര ലേബർ കോഡുകളിൽ ഭേദഗതി വരുത്താൻ നിയമസഭയ്‌ക്ക് അധികാരമുണ്ടെന്ന് സമിതി ശുപാർശകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ മൂന്നാം ഭാഗത്തിലെ 22, 23, 24 ഇനങ്ങളിലെ സമവർത്തിപ്പട്ടികയിലെ മൂന്ന് എൻട്രിയിൽ തൊഴിൽകാര്യങ്ങളിലെ നിയമനിർമാണത്തിൽ തൊഴിൽമേഖല ഉൾപ്പെടുന്നുണ്ട്. പാർലമെന്റിനൊപ്പം ലിസ്റ്റുകളിലെ കാര്യത്തിൽ നിയമനിർമാണം നടത്താൻ നിയമസഭയ്‌ക്കും അധികാരമുണ്ടെന്നും സമിതി ശുപാർശ ചെയ്യുന്നു.
കോറോഹെൽത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് വഴികാട്ടിയാകേണ്ടത് ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളാണ്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന് എൽഡിഎഫ് സർക്കാർ കൈക്കൊണ്ട ഇൗ സുപ്രധാന ചുവടുവയ്‌പിനെ രാഷ്‌ട്രീയ വൈരാഗ്യം മുൻനിർത്തി അവഗണിക്കുകയാണെങ്കിൽ അത് കേരളത്തിലെ തൊഴിലാളികളോട് ചെയ്യുന്ന കൊടുംക്രൂരതയായി ചരിത്രം രേഖപ്പെടുത്തും.










0 comments