ad
Deshabhimani

print edition കേരള പൊലീസ് 
വീണ്ടും 
ഇരുണ്ട കാലത്തേക്കോ

editorial.
വെബ് ഡെസ്ക്

Published on Jul 24, 2026, 12:00 AM | 2 min read

സൈന്യത്തെയും ജയിലുകളെയും നീതിന്യായസംവിധാനത്തെയും ബ്യൂറോക്രസിയെയുംപോലെ പൊലീസും ഭരണവർഗത്തിന്റെ അധികാരം നിലനിർത്തുന്നതിനുള്ള ഉപാധികളിലൊന്നാണ്‌. ലാത്തിയും തോക്കുമേന്തി മാർച്ചട്ടയും പരിചയുമണിഞ്ഞെത്തി കർഷകരുടെയും തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും വിദ്യാർഥികളുടെയും അവകാശസമരങ്ങളെ അടിച്ചമർത്താനുള്ള സംവിധാനമായി രാജ്യത്ത്‌ അത്‌ എന്നോ മാറി. കേരളത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. ബ്രിട്ടീഷ്‌ കാലത്തെയും രാജവാഴ്‌ചക്കാലത്തെയും പൊലീസിൽനിന്ന്‌ വലിയ മാറ്റമൊന്നും സ്വാതന്ത്ര്യാനന്തരകാലത്തും പൊലീസിന്‌ ഉണ്ടായിട്ടില്ലെന്ന്‌ അടിയന്തരാവസ്ഥക്കാലം തെളിയിച്ചതാണ്‌. അതിനുമുന്പും ശേഷവും തൊഴിലാളി, കർഷക, വിദ്യാർഥി സമരങ്ങൾക്കിടെ എത്രവട്ടമാണ്‌ ലാത്തികളിൽ ചോരപുരണ്ടത്‌. കാക്കിവേഷം കൊടുംക്രൂരതയുടെ പര്യായമായി മാറിയ അവസ്ഥയിൽനിന്ന്‌ പൊലീസിനെ ജനാധിപത്യപരമായി പരിവർത്തിപ്പിക്കാനും ജനകീയമാക്കാനുമുള്ള ശക്തമായ ഇടപെടൽ കേരളത്തിൽ നടന്നിട്ടുള്ളത്‌ എൽഡിഎഫ്‌ അധികാരത്തിൽ വന്ന ഘട്ടങ്ങളിൽമാത്രമാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകുന്നതിനും ജനാധിപത്യപരമായും സ‍ൗഹൃദപൂർവം ഇടപെടുന്നതിനും പൊലീസ്‌ സേനയെ മാറ്റിയെടുക്കുന്നതിന്‌ എൽഡിഎഫ്‌ സർക്കാരുകൾ നടത്തിയ കഠിനശ്രമങ്ങളുടെ രേഖകൾ സമീപകാല ചരിത്രത്തിലുണ്ട്‌.


മെയ്‌ മാസത്തിൽ യുഡിഎഫ്‌ അധികാരമേറിയതോടെ പൊലീസിന്റെ സമീപനത്തിൽ അപകടകരമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്ന്‌ നിസ്സംശയം പറയാം. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ എം കെ റാമിനെ സംരക്ഷിക്കാൻവേണ്ടിയുള്ള ഒത്തുകളിയാണ്‌ സംസ്ഥാന പൊലീസ്‌ സേനയ്‌ക്ക്‌ നാണക്കേടുണ്ടാക്കിയ ഏറ്റവും പുതിയ കാര്യം. അന്വേഷണച്ചുമതലയുള്ള ഉയർന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ അതിരൂക്ഷമായി വിമർശിച്ച ഹൈക്കോടതിയുടെ പരാമർശങ്ങളിൽ പൊലീസിന്റെ താൽപ്പര്യങ്ങളെന്തെന്ന്‌ കൃത്യമായി വായിച്ചെടുക്കാം. ‘‘പ്രതി പോയിടത്തെല്ലാം പൊലീസ് പിന്നാലെ പോയി ആഘോഷമാക്കി. കൂടെനടന്ന് ഫുഡ് അടിച്ചു. പ്രതി കീഴടങ്ങാനെത്തിയപ്പോൾ നടപടിക്രമം പാലിക്കാതെ അറസ്റ്റ് ചെയ്‌ത്‌ പുറത്തിറങ്ങാൻ പഴുതുണ്ടാക്കി. പാവപ്പെട്ടവരെ ഉപദ്രവിക്കാനും പണക്കാരെ രക്ഷിക്കാനുമാണോ പൊലീസ്‌? അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി പാരിതോഷികം കൈപ്പറ്റിയെന്ന്‌ സംശയിക്കണം.’’ ഇ‍ൗ വാക്കുകൾ വാസ്‌തവത്തിൽ സർക്കാരിനും ആഭ്യന്തരമന്ത്രിക്കും എതിരെയുള്ള കുറ്റപത്രമാണ്‌.


രണ്ടുമാസംകൊണ്ട്‌ ഇത്രയും അപമാനകരമാംവിധം പൊലീസ്‌ സേന അധഃപതിച്ചെങ്കിൽ യുഡിഎഫ്‌ ഭരണം മുന്നോട്ടുപോകുന്പോൾ എന്തായിരിക്കും അവസ്ഥയെന്ന്‌ ഉ‍ൗഹിക്കാവുന്നതേയുള്ളൂ. ജൂലൈ ആറിന്‌ പത്തനംതിട്ട കൂടലിൽ വ്യാജ പോക്‌സോ കേസിൽ പൊലീസ്‌ മർദിച്ച പാടം സ്വദേശിയായ ഇരുപതുകാരന്റെ അനുഭവം അതാണ്‌ തെളിയിക്കുന്നത്‌. ‘‘ഞാൻ ഹൃദ്‌രോഗിയാണെന്ന്‌ കരഞ്ഞുപറഞ്ഞു. അവർ കേട്ടില്ല. ലാത്തികൊണ്ട് കാൽവെള്ളയിൽ അടിച്ചു. ബൂട്ടിട്ട കാലുകൊണ്ട് കാൽപ്പത്തി ചവിട്ടിയരച്ചു. ചെവിയിൽ പിടിച്ച് ശക്തമായി മുകളിലേക്ക് വലിച്ചു. ചെയ്യാത്ത കുറ്റം തലയിൽ കെട്ടിവയ്‌ക്കാനായിരുന്നു ശ്രമം’’ എന്നാണ്‌ ആ യുവാവിന്റെ മൊഴി. സ്വർണമാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട്‌ എറണാകുളം ഞാറയ്‌ക്കൽ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ച സ്‌ത്രീയോടൊപ്പം വന്ന പതിനാറുകാരൻ അശ്വിൻ റോബിനെ എസ്‌ഐ മുഖത്തടിച്ചത്‌ ജൂൺ 23നാണ്‌. ജൂൺ 26ന്‌ സർക്കാർ ഉദ്യോഗസ്ഥയ്‌ക്കുനേരെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുവച്ച്‌ രണ്ടു പുരുഷന്മാരുടെ ആക്രമണശ്രമമുണ്ടായിട്ടും പൊലീസ്‌ തിരിഞ്ഞുനോക്കാത്ത സംഭവം നഗരരാത്രികൾ എത്ര അരക്ഷിതമായി മാറിയെന്നതിന്റെ തെളിവാണ്‌. കോട്ടയത്ത്‌ പഠിക്കുന്ന മക്കളെ വിളിക്കാൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അതിക്രമം.

കാപ്പ കേസ്‌ പ്രതിയായ ബിജെപി ക‍ൗൺസിലർക്ക്‌ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കിയതിന്റെ അപൂർവമായ ക്രെഡിറ്റും ആഭ്യന്തരവകുപ്പിന്‌ ലഭിച്ചിരിക്കുകയാണ്‌. ബിജെപിയിലെ ക്രിമിനലുകൾക്ക്‌ ഏതുവിധവും ഒത്താശ ചെയ്യാൻ സർക്കാർ സജ്ജമാണെന്നതിന്റെ പ്രഖ്യാപനമാണത്‌.


വയനാട്ടിൽ വാഹനമിടിച്ച്‌ പരിക്കേറ്റ്‌ ചോരവാർന്ന്‌ റോഡിൽ കിടന്ന 11 വയസ്സുള്ള മനു എന്ന ആദിവാസി ബാലനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതിരുന്ന പൊലീസ്‌ ഉദ്യോഗസ്ഥർ വാസ്‌തവത്തിൽ ആ കുഞ്ഞിനെ മരണത്തിലേക്ക്‌ തള്ളിവിടുകയായിരുന്നു. ‘‘എന്റെ കൊച്ചിനെ പൊലീസുകാരെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ മരിക്കില്ലായിരുന്നു’’ എന്ന മനുവിന്റെ അച്ഛൻ ബിനുവിന്റെ വാക്കുകൾ വേദനയോടെയാണ്‌ കേരളം കേട്ടത്‌. ഇടുക്കി കരിമണ്ണൂർ സ്‌റ്റേഷനിലെ എസ്ഐ എൻ എസ് റോയിയും സ്റ്റേഷനിലെ സിപിഒ ജിജോ ആന്റണിയും സഞ്ചരിച്ച പൊലീസ് ജീപ്പിൽനിന്ന് മദ്യക്കുപ്പിയും പുകയില ഉൽപ്പന്നവും ചീട്ടും പിടിച്ചെടുത്തത്‌ ലഹരിക്കെതിരെ തൂഫാൻ എന്ന പേരിലുള്ള ഓപ്പറേഷൻ കൊട്ടിഘോഷിക്കുന്നതിനിടെയാണ്‌. സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതലത്തിൽ സമ്മർദമുണ്ടായിട്ടും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല കാര്യമായി പ്രതികരിച്ചിട്ടില്ല.


വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി പൊലീസ് കസ്റ്റഡിയിലെടുത്ത അക്രമിസംഘത്തെ മദ്യപിച്ചെത്തിയ എസ്‌സിആർബി സിഐ ബലംപ്രയോഗിച്ച്‌ മോചിപ്പിച്ച സംഭവമുണ്ടായത്‌ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ടാണ്‌. സഹോദരങ്ങളുടെ മക്കളായ പ്രതികൾക്കുവേണ്ടിയായിരുന്നു സ്റ്റേഷനിൽ സിഐ എച്ച്‌ യഹിയ നടത്തിയ പരാക്രമം. ഏത്‌ അപരിഷ്‌കൃതകാലത്തിന്റെ ഇരുട്ടിലേക്കാണ്‌ നാം തിരിച്ചുനടക്കുന്നത്‌ എന്ന്‌ ആരും ചോദിച്ചുപോകുന്ന സംഭവങ്ങളാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home