ഇഡിയുടെ വിരട്ടൽ വിലപ്പോകില്ല

കരുവന്നൂർ സഹകരണബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സിപിഐ എം നേതാക്കളെ പ്രതിചേർത്ത് സമർപ്പിച്ച കുറ്റപത്രം, കഴിഞ്ഞ കുറെ നാളുകളായി രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് ഇഡി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തം. ഈ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത പൂർണമായും തകർന്നിരിക്കുന്ന സന്ദർഭംകൂടിയാണിത്. ഏജന്റുമാരെ ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത് വിജിലൻസ് പിടികൂടിയിട്ട് അധികദിവസമായില്ല.
കേന്ദ്രത്തിലെ ബിജെപി സർക്കാരിന് പ്രതിപക്ഷ പാർടി നേതാക്കൾക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമായി ഇഡി മാറിയിട്ട് വർഷങ്ങളായി. നരേന്ദ്ര മോദി അധികാരത്തിൽ വന്നതുമുതൽ എംപിമാരെയും എംഎൽഎമാരെയും ചാക്കിട്ട് പിടിക്കാനും പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനും ബിജെപിക്കുവേണ്ടി എന്തും ചെയ്യാനുമുള്ള സംവിധാനമായി ഈ അന്വേഷണ ഏജൻസി. ഇഡി സകല പരിധിയും ലംഘിക്കുന്നെന്നും ഫെഡറൽ സംവിധാനത്തെത്തന്നെ അപകടപ്പെടുത്തുന്നെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ട് ഒരാഴ്‌ച തികയുംമുമ്പാണ് ഒരു തെളിവുമില്ലാതെ സിപിഐ എം നേതാക്കൾക്കെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്. കൃത്യമായ തെളിവുകളുടെ ബലത്തിൽ വിജിലൻസ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസിന് പ്രതികാരമെന്നോണമാണ് ധൃതിപിടിച്ച് പാർടി നേതാക്കളെ വേട്ടയാടുന്നത്. ഇതൊന്നും കണ്ട് ഭയന്ന് വിരണ്ടോടുന്ന പാരമ്പര്യമല്ല സിപിഐ എമ്മിനും അതിന്റെ നേതാക്കൾക്കുമുള്ളതെന്ന് ഇഡി മനസ്സിലാക്കുന്നത് നല്ലതാണ്.
കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളോടെയും കേരള പൊലീസ് റിപ്പോർട്ട് നൽകിയിട്ടും ബിജെപി നേതാക്കളെ പൂർണമായും ഒഴിവാക്കിയാണ് ഇഡി കുറ്റപത്രം നൽകിയത്. അന്വേഷണ ഏജൻസിയുടെ ഇരട്ടത്താപ്പ് ഇതിൽനിന്നുതന്നെ വ്യക്തം. സിപിഐ എം നേതാക്കളായ കെ രാധാകൃഷ്‌ണൻ, എ സി മൊയ്‌തീൻ, എം എം വർഗീസ് എന്നിവരുൾപ്പെടെയുള്ളവരെ നിരവധി തവണയാണ് അന്വേഷണത്തിന്റെ മറവിൽ വിളിച്ചുവരുത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. നേതാക്കളിൽനിന്ന് ഒന്നും ലഭിക്കാതെ വന്നപ്പോൾ ചില മാധ്യമങ്ങളെ ഉപയോഗിച്ച് നുണപ്രചാരണം നടത്തുകയായിരുന്നു ഇഡി ചെയ്‌തത്.
എങ്ങനെയെങ്കിലും സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ കുറ്റപത്രത്തിലും കാണാനാകുക. നിരവധി തവണ പല നേതാക്കളെയും പ്രവർത്തകരെയും ചോദ്യം ചെയ്‌തിട്ടും ഒരു തെളിവും ലഭിച്ചില്ല. ചെറിയൊരു തെളിവെങ്കിലും ഉണ്ടായിരുന്നെങ്കിൽ കുറ്റപത്രത്തിൽ ആദ്യംതന്നെ സിപിഐ എം നേതാക്കളുടെ പേര് വരുമായിരുന്നു. ഏത് വിധേനയെങ്കിലും പാർടിയെ കളങ്കപ്പെടുത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ നേതാക്കളെ പ്രതി ചേർത്തിരിക്കുന്നത്.
ഇഡിയുടെ ഇരട്ടത്താപ്പിനു സമാനമായ രീതിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സമീപനവും. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ ഇഡിയുടെ നീക്കത്തെ അപലപിച്ച കോൺഗ്രസ് സിപിഐ എം നേതാക്കളെ വേട്ടയാടുമ്പോൾ അതിനെ അനുകൂലിക്കുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിക്കുകയെന്ന അജൻഡയും ഇഡിയെ സ്വാധീനിച്ചിട്ടുണ്ടാകാം.
കരുവന്നൂർ ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന നിലപാട് പരസ്യമായാണ് സിപിഐ എം സ്വീകരിച്ചത്. ഇഡിയുടെയും കോൺഗ്രസ്–- ബിജെപി നേതാക്കളുടെയും കുതന്ത്രങ്ങൾക്കിടയിലും സംസ്ഥാന സർക്കാരിന്റെയും സഹകരണവകുപ്പിന്റെയും ഇടപെടൽ വഴി കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിലാണ്. ക്രമക്കേട് കണ്ടെത്തിയ സർക്കാർ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു. അതോടൊപ്പം ബാങ്ക് പുനരുദ്ധാരണത്തിനും നിക്ഷേപകരുടെ സംരക്ഷണത്തിനും നടപടിയെടുത്തു. സംസ്ഥാന സർക്കാർ കേരള കോ–- ഓപ്പറേറ്റീവ് ആൻഡ് വെൽഫയർ ഫണ്ട് ബോർഡിൽനിന്ന് 10 കോടി രൂപ അനുവദിച്ചു. കൂടാതെ, ജില്ലയിലെ പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്ക് കരുവന്നൂർ ബാങ്കിൽ നിക്ഷേപം നടത്താനും അനുമതി നൽകി. അതുവഴി 31 കോടി ലഭിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി 50 ശതമാനംവരെ പലിശ ഇളവിന് സർക്കാർ അനുമതി നൽകി. ഇതോടെ ബാങ്കിൽ നല്ലരീതിയിൽ തിരിച്ചടവും വരുന്നുണ്ട്.
ഇതോടൊപ്പം അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നേതൃത്വത്തിൽ ബാങ്കിനെ ജനകീയമായി തിരിച്ചുകൊണ്ടുവരാൻ നടത്തിയ ശ്രമവും വിജയം കാണുന്നു. വായ്‌പ തിരിച്ചടയ്‌ക്കാത്തവരെ കണ്ട് പണം തിരിച്ചുപിടിക്കാനുള്ള ശ്രമവും തുടരുന്നു. നിക്ഷേപങ്ങളും സ്വീകരിച്ചു തുടങ്ങി. എന്നാൽ, ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ഇഡിയെ ഉപയോഗിച്ച് സിപിഐ എമ്മിനെ തകർക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കം ജനങ്ങൾ തിരിച്ചറിയും.








0 comments