print edition തീവെട്ടിക്കൊള്ളക്കാരെ ഇരുത്തേണ്ടിടത്ത് ഇരുത്തുക

പ്രതീകാത്മക ചിത്രം
ഇന്ത്യയിലുടനീളം പ്രബലമായിരുന്ന കോൺഗ്രസ് എന്ന ദേശീയ പാർടി ഇന്ന് മൂന്നോ നാലോ സംസ്ഥാനങ്ങളിൽ പരിമിതപ്പെട്ടുപോയതിൽ അതിന്റെ നേതാക്കളുൾപ്പെട്ട അഴിമതിക്കേസുകൾക്കുള്ള പങ്ക് തള്ളിക്കളയാനാകില്ല. ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മരുമകൻ ഫിറോസ് ഗാന്ധി ഉന്നയിച്ച മുന്ധ്ര അഴിമതി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതിക്കേസുകളിൽ ഒന്നായി കണക്കാക്കുന്നു. കൊൽക്കത്തയിലെ വ്യവസായി ഹരിദാസ് മുന്ധ്ര, തന്റെ നഷ്‌ടത്തിലായ കമ്പനികളുടെ 1.26 കോടി രൂപയിലധികം മൂല്യമുള്ള ഓഹരികൾ രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് ലൈഫ് ഇൻഷുറൻസ് കോർപറേഷനുമേൽ കെട്ടിവച്ചു എന്ന ആരോപണമാണ് ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി ഉന്നയിച്ചത്. കാര്യങ്ങൾ ഒടുവിൽ ധനമന്ത്രി ടി ടി കൃഷ്‌ണമാചാരിയുടെ രാജിയിലെത്തി.
നാഗർവാല തട്ടിപ്പ്, ബൊഫോഴ്‌സ് അഴിമതി, ഹർഷദ് മേത്ത ഓഹരി കുംഭകോണം, ജെഎംഎം കൈക്കൂലി കേസ്, യൂറിയ അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി, കൽക്കരി കുംഭകോണം, അഗസ്‌ത വെസ്റ്റ്‌ലാൻഡ് അഴിമതി, ആദർശ് ഹൗസിങ് സൊസൈറ്റി അഴിമതി അങ്ങനെ കോൺഗ്രസുകാരുടെ നേതൃത്വത്തിൽ ചെറുതും വലുതുമായ നൂറുകണക്കിന് കുംഭകോണങ്ങൾ. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടുന്നതിൽ ഇൗ അഴിമതിക്കേസുകൾ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
കോൺഗ്രസുകാർ കേരളം ഭരിച്ചപ്പോൾ നടത്തിയ അഴിമതികളുടെ തീരാത്ത പട്ടിക നിരത്താനുണ്ട്. എന്നാൽ നമ്മൾ കണ്ടും കേട്ടും അറിഞ്ഞതിനെക്കാളെല്ലാം ആസൂത്രിതവും സംഘടിതവുമായ അഴിമതിയാണ് രണ്ടു വർഷമായി കോൺഗ്രസുകാരുടെ നേതൃത്വത്തിൽ അരങ്ങേറുന്നത്.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് വീട് നിർമിക്കാനായി പിരിച്ച കോടികൾ കോൺഗ്രസുകാർ വെട്ടിച്ച സംഭവം വെറുമൊരു സാന്പത്തിക ക്രമക്കേടായല്ല കാണേണ്ടത്. നേരത്തെ പറഞ്ഞ അഴിമതികൾ അധികാരവും രാഷ്‌ട്രീയ ഒൗദ്യോഗിക മേഖലകളിലെ ദുസ്വാധീനവും ഉപയോഗിച്ച് നടത്തിയ വെട്ടിപ്പുകളാണെങ്കിൽ വയനാട് ഫണ്ട് വെട്ടിപ്പിന് കൂടുതൽ വിപുലവും വിഭിന്നവുമായ മാനങ്ങളുണ്ട്. സർക്കാർ ഖജനാവിൽനിന്ന് കട്ടെടുക്കുകയല്ല കോൺഗ്രസ് നേതൃത്വം ചെയ്‌തത്. പകരം ദുരിതത്തിനിരയായ ഒരു ജനതയെ സഹായിക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ ആഹ്വാനം ഏറ്റെടുത്ത്, അവരുടെ വാക്ക് വിശ്വസിച്ച് പണം നൽകിയ ആയിരക്കണക്കിന് സുമനസ്സുകളെയാണ് വഞ്ചിച്ചത്. ഏത് ദുരന്തത്തിലും സഹജാതർക്ക് കാവലാളാകാൻ കൈമെയ് മറന്നു പ്രവർത്തിക്കുന്ന മലയാളികളുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് ഇൗ വന്പൻ അഴിമതിയിലൂടെ കോൺഗ്രസ് നേതാക്കൾ ചെയ്‌തത്. രാജ്യാന്തരതലത്തിൽ തന്നെ കേരളീയർക്ക് അപമാനമുണ്ടാക്കിയ സംഭവമാണിതെന്നതിൽ തർക്കമില്ല.
തട്ടിപ്പ് വെളിച്ചത്തായപ്പോൾ തീപിടിച്ച വീട്ടിൽനിന്ന് നെട്ടോട്ടമോടുന്ന എലികളെപ്പോലെ പരക്കംപായുകയാണ് കോൺഗ്രസ് നേതാക്കൾ. നൂറ് വീടുകൾ എവിടെയെന്നും പിരിച്ച കോടികൾ എവിടെയെന്നുമുള്ള ചോദ്യങ്ങൾക്ക് കുറ്റബോധമോ ലജ്ജയോ ലവലേശമില്ലാതെ കള്ളം പറയുകയും ചോദ്യകർത്താക്കളോട് കയർക്കുകയുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ. വിപുലമായ സംവിധാനങ്ങളും സർവീസ് സംഘടനകളുടെ പിന്തുണയുമുള്ള കോൺഗ്രസ് 150 കോടി പിരിച്ചെന്നാണ് ചില കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തിയത്.
വീടുനിർമാണം തുടങ്ങിയെന്ന് സതീശൻ പറയുന്പോൾ ആകെ സമാഹരിച്ച തുക 5.38 കോടി രൂപ മാത്രമാണെന്നും വീട് നിർമിക്കാൻ ഇനി പണം കണ്ടെത്തണമെന്നുമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറയുന്നത്. ഭൂമി രജിസ്‌ട്രേഷന് ഇനിയും 73 ലക്ഷം വേണമെന്നാണ് സണ്ണി ജോസഫ് പറയുന്നത്. എന്നാൽ, കെപിസിസിയും സണ്ണി ജോസഫും തട്ടിക്കൂട്ടിയ കള്ളക്കണക്കിന് അധികമൊന്നും ആയുസ്സുണ്ടായില്ല. കോൺഗ്രസുകാർ തന്നെ പുറത്തുവിട്ട സ്‌ക്രീൻഷോട്ട് പ്രകാരം അതുവരെ 54 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. ഇൗ സ്‌ക്രീൻഷോട്ടിലെ വസ്‌തുതകളെ തള്ളിപ്പറയാനോ അത് വസ്‌തുതാവിരുദ്ധമാണെങ്കിൽ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിയെടുക്കാനോ കോൺഗ്രസ് നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല.
നൂറ് വീടുമില്ല, ധനശേഖരണത്തിന് 9.30 ലക്ഷം രൂപ ചെലവിട്ട് തയ്യാറാക്കിയ ആപ്പുമില്ല എന്നതാണ് അവസ്‌ഥ. വീടു നിർമിക്കാൻ പണമില്ലെങ്കിൽ പിന്നെന്തിന് രാഹുൽ–പ്രിയങ്കമാരെക്കൊണ്ട് കൊട്ടിഘോഷിച്ച് വീടുകൾക്ക് കല്ലിട്ടു എന്ന ചോദ്യം ബാക്കി. ജനങ്ങളോട് ഒരു ഉത്തരവാദിത്വവും കാണിക്കാതെ പിരിച്ച പണത്തിന്റെ ഭീമമായ പങ്കും മോഷ്‌ടിച്ചത് ആര്, എന്താവശ്യത്തിന് എന്നാണ് ഇനി അറിയാനുള്ളത്. കോൺഗ്രസ് വീട് നൽകുമെന്ന് വിശ്വസിച്ച് ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് പറഞ്ഞയാളാണ്, ദുരന്തത്തിൽ ഉറ്റവരും പിന്നീടൊരു വാഹനാപകടത്തിൽ പ്രതിശ്രുതവരനും നഷ്‌ടപ്പെട്ട ശ്രുതി. അവരുടെതുപോലെ അനുഭവങ്ങളുള്ള നിരവധിപേർ വീണ്ടും സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
പത്തുവർഷമായി കോൺഗ്രസ് പ്രതിപക്ഷത്തുള്ളപ്പോഴാണ് ഇൗ തീവെട്ടിക്കൊള്ള. ഇക്കൂട്ടരാണ് ഭരണം ഞങ്ങളെ ഏൽപ്പിക്കൂ എന്ന ആവശ്യവുമായി ജനങ്ങളെ സമീപിക്കുന്നത്. അഴിമതിക്കാരായ കോൺഗ്രസുകാരെ അവരർഹിക്കുന്ന ഇടങ്ങളിൽ ഇരുത്താനുള്ള അവസരമാണ് ജനങ്ങൾക്ക് കൈവന്നിരിക്കുന്നത്. ഇൗ മാസം ഒന്പതിന് ആ ദൗത്യം അവർ കൃത്യമായി നിറവേറ്റുക തന്നെ ചെയ്യും.










0 comments