print edition ബിജെപിക്ക് പഥ്യം രാഷ്ട്രീയക്കച്ചവടത്തിന്റെ കുറുക്കുവഴി

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ അധികാരത്തിലേറാൻ ബിജെപി കണ്ട മാർഗമാണ് ആം ആദ്മി പാർടിയിലെ പിളർപ്പ്. പഞ്ചാബിൽനിന്നുള്ള ഏഴ് രാജ്യസഭാംഗങ്ങളെ പേടിപ്പിച്ചും പ്രീണിപ്പിച്ചും ബിജെപിയിലെത്തിച്ചു. പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർടിയുടെ നിയമസഭാ കക്ഷിയിൽ പിളർപ്പുണ്ടാക്കാൻ കൊണ്ടുപിടിച്ച് ശ്രമംനടക്കുന്നു. അധികാരം നേടാനും നിലനിർത്താനും വേണ്ടി ചെയ്യുന്നതൊന്നും അധാർമികമല്ലെന്നതാണ് ബിജെപിയുടെ എക്കാലത്തെയും നിലപാട്. അതിനായി ജനാധിപത്യ മര്യാദകളെയത്രയും കാറ്റിൽപ്പറത്താൻ അവർ മടിക്കാറില്ല.
പഞ്ചാബിൽ തെരഞ്ഞെടുപ്പിനായി പാർടി ഒരുക്കം തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞമാസം പ്രഖ്യാപിച്ചപ്പോൾത്തന്നെ ജനാധിപത്യവിരുദ്ധമായതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് ഏവരും സംശയിച്ചിരുന്നു. നിയമസഭയിൽ രണ്ട് എംഎൽഎമാർ മാത്രമുള്ള, എടുത്തുപറയത്തക്ക നേതാക്കൾ ആരുമില്ലാത്ത പഞ്ചാബിൽ ബിജെപിക്ക് നേരായ മാർഗത്തിൽ അധികാരത്തിലെത്തുക അസാധ്യമാണ്. കുറുക്കുവഴികൾ മോദി–-അമിത് ഷാ ദ്വന്ദ്വത്തിന് പണ്ടേ പഥ്യമാണ്. ദേശീയ രാഷ്‌ട്രീയത്തിലേക്ക് അവർ വരവറിയിച്ചതുതന്നെ ഗുജറാത്ത് വംശഹത്യയിലൂടെയാണ്. കേന്ദ്രത്തിൽ അധികാരത്തിലേറിയശേഷം സംസ്ഥാന ഭരണം പിടിക്കാൻ പലരുമായും കൂട്ടുകെട്ടുണ്ടാക്കുകയും പിന്നീട് സഖ്യകക്ഷികളെ വിഴുങ്ങുകയും ചെയ്തു.
2047ൽ പ്രതിപക്ഷമുക്ത ഇന്ത്യ ലക്ഷ്യമിടുന്ന ബിജെപി രാഷ്ട്രീയ കളികൾക്കായി കേന്ദ്ര ഏജൻസികളെ തരാതരംപോലെ ഉപയോഗിക്കുന്നു. ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാഴ്‌ത്തിയും കേന്ദ്രമന്ത്രി പദവി വാഗ്‌ദാനം ചെയ്ത് പ്രലോഭിപ്പിച്ചുമാണ്, 2022ൽ പഞ്ചാബിൽ എഎപിയെ അധികാരത്തിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച രാഘവ് ഛദ്ദയെത്തന്നെ കെണിയിൽ വീഴ്‌ത്താൻ ബിജെപിക്ക് കഴിഞ്ഞത്. ബിജെപി വിമർശകനായിരുന്ന ഛദ്ദയ്ക്ക് കൂറുമാറ്റത്തിന് അൽപ്പമെങ്കിലും വിശ്വാസയോഗ്യമായ കാരണമൊന്നും പറയാനുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചാണ് ഡൽഹിയിൽ ആം ആദ്മിയെ പുറത്താക്കി ബിജെപി ഭരണം പിടിച്ചത്. പഞ്ചാബിൽ പയറ്റുന്നതാകട്ടെ കൂറുമാറ്റ തന്ത്രവും. ജനാധിപത്യ മര്യാദകളെ വെല്ലുവിളിച്ച് നടത്തുന്ന ഈ രാഷ്ട്രീയ കളികൾക്ക് നേരെയുയരുന്ന വിമർശങ്ങളെ ബിജെപി നേതൃത്വം മുഖവിലയ്ക്കെടുക്കാറുമില്ല. വിലയ്ക്കെടുത്ത മുഖ്യധാരാമാധ്യമങ്ങളിലൂടെയും വിപുലമായ സമൂഹമാധ്യമ ശൃംഖലകളിലൂടെയും വിമർശങ്ങളെ വളച്ചൊടിക്കുകയും വിമർശകരെ വരുതിയിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. വീണ്ടും വീണ്ടും അധാർമിക രാഷ്‌ട്രീയക്കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെടാൻ ബിജെപിക്ക് ധൈര്യം നൽകുന്നതും ഈ സാഹചര്യമാണ്.
രണ്ടാം യുപിഎ സർക്കാരിനെ ഗ്രസിച്ച അഴിമതിയുടെ പശ്ചാത്തലത്തിൽ അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അരവിന്ദ് കെജ്‌രിവാൾ രാഷ്ട്രീയ പാർടിക്ക് രൂപം നൽകിയതും ഡൽഹിയടക്കം ചില സംസ്ഥാനങ്ങളിൽ ജനസമ്മതി നേടിയതും ബിജെപിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവും അസ്വസ്ഥജനകവുമായിരുന്നു. അന്നുമുതൽ എഎപിയെ തകർക്കാനും കെജ്‌രിവാളിനെ ഒതുക്കാനും ഭരണത്തിന്റെ ഒത്താശയോടെ നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ നിർണായക വഴിത്തിരിവിലെത്തി നിൽക്കുന്നത്. ഡൽഹിയിൽ ഭരണം നഷ്‌ടപ്പെട്ട എഎപിക്ക് പഞ്ചാബിൽക്കൂടി പിടിച്ചുനിൽക്കാനായില്ലെങ്കിൽ ഭാവി അനിശ്ചിതത്വത്തിലാകും. രാഷ്‌ട്രീയത്തിലെ അഴിമതി തുടച്ചുനീക്കാൻ ചൂല് ചിഹ്‌നമായ ‘സാധാരണ ജനങ്ങളുടെ പാർടി’യെന്ന പ്രകടനപരമായ മുദ്രാവാക്യത്തിലൂടെ ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞ എഎപിക്ക് പക്ഷേ, പ്രത്യയശാസ്‌ത്രപരമായ അടിത്തറയോ രാഷ്ട്രീയ നയമോ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല അവയൊക്കെ ന്യൂനതയായി കണക്കാക്കുന്ന അരാഷ്‌ട്രീയതയുടെ വക്താക്കളുമായിരുന്നു അവർ. അതിനാൽത്തന്നെ അവരുടെ നേതാക്കൾക്ക് കൂറുമാറുന്നതിന് പ്രത്യയശാസ്‌ത്രപരമോ ആശയപരമോ ആയ തടസ്സങ്ങളൊന്നും ഉണ്ടായതുമില്ല. പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയില്ലെങ്കിൽ രാഷ്‌ട്രീയം ദുർബലവും അധികാര കമ്പോളവും ആകുമെന്ന സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ വാക്കുകൾ ഇൗ സാഹചര്യത്തിൽ പ്രസക്തമാണ്.
അധികാരം മാത്രമാണ് ബിജെപിയുടെ ആദർശവും പ്രത്യയശാസ്‌ത്രവും. എങ്ങനെയും അധികാരം നേടി ഹിന്ദുത്വ അജൻഡ നടപ്പാക്കലാണ് ബിജെപിയുടെ ലക്ഷ്യം. അവരിൽനിന്ന് രാഷ്ട്രീയ ധാർമികത പ്രതീക്ഷിക്കാനാകില്ല. ബിജെപിയുടെ നെറികെട്ട രാഷ്ട്രീയക്കച്ചവടത്തിന്റെ കമ്പോളമായിരിക്കുന്നു ഇന്ത്യ.











0 comments