01 April Saturday

കരയിൽ തുഴയുന്ന വലതുമുന്നണി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ  മെയ്‌ 31ന്‌ നടക്കുന്ന വിധിയെഴുത്തിന് സവിശേഷ  ദേശീയ പ്രാധാന്യമുണ്ട്. ഒരു ഉപതെരഞ്ഞെടുപ്പിന് സാധാരണ  ഇത്രയധികം പ്രാമുഖ്യം കൈവരാറില്ല.  രാജ്യം വലിച്ചിഴയ്‌ക്കപ്പെട്ടുകൊണ്ടിരിക്കുന്ന  ദുർഘടസാഹചര്യങ്ങളാണ് പ്രധാനകാരണം. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സങ്കൽപ്പങ്ങളും തല്ലിക്കൊഴിക്കുന്ന  പ്രവണതയാണ്‌ മോദിയുടെ കാർമികത്വത്തിൽ രാജ്യമാകെ. ഈ പശ്‌ചാത്തലത്തിൽ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹ്യമായും ബദൽ ഉയർത്തിപ്പിടിച്ചാണ്‌ കേരളത്തിലെ എൽഡിഎഫ്‌ ഭരണം ലോകശ്രദ്ധ നേടുന്നത്‌. സംസ്ഥാന രൂപീകരണശേഷം കണ്ടിട്ടില്ലാത്ത വികസന വസന്തത്തിന്റെ ചക്രവാളമാണ്‌ സംസ്ഥാനത്താകെ. അതിനെ  തടയുന്ന പ്രതിപക്ഷത്തിനെതിരായ വിധിയെഴുത്താകും തൃക്കാക്കരയിൽ. വർഗീയതയുടെ വിഷലാവ ഒഴുക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ, സംസ്ഥാന വികസനം തടഞ്ഞ്‌  പുരോഗതി തകിടംമറിക്കുന്ന മോദി  സർക്കാരിനെതിരെ  19 യുഡിഎഫ്‌ എംപിമാരും മൗനവ്രതത്തിലാണ്‌. യുഡിഎഫ്‌‐ ബിജെപി അക്രമ മുന്നണി  അഭിമാനപദ്ധതിയായ കെ–-റെയിലിനെതിരെയും നിലകൊള്ളുന്നു. കുതിപ്പും പുരോഗതിയും  ആഗ്രഹിക്കുന്നവർ  എൽഡിഎഫിനൊപ്പം നിൽക്കണമെന്നും ഏതെങ്കിലും വികസന പദ്ധതിയെ കോൺഗ്രസും യുഡിഎഫും അനുകൂലിച്ചിട്ടുണ്ടോയെന്നുമുള്ള മുഖ്യമന്ത്രിയുടെ  ചോദ്യം ഏറെ പ്രസക്തമാണ്‌. എല്ലാത്തിനെയും എതിർക്കുകയാണവർ. നാടിന്റെ മുന്നേറ്റം കൊതിക്കുന്നവർ എവിടെ  നിൽക്കണമെന്നതാണ്‌ തൃക്കാക്കര ഉയർത്തുന്ന പ്രധാന ചോദ്യം.

എൽഡിഎഫ്‌  കൺവൻഷനിൽ  മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ വി തോമസിന്റെ സാന്നിധ്യം വരാനിരിക്കുന്ന ആവേശകരമായ  രാഷ്ട്രീയമാറ്റങ്ങളുടെ സൂചനകൂടിയാണ്‌. വികസനത്തിന്‌ പച്ചക്കൊടി കാണിക്കുന്ന സർക്കാരാണിതെന്നും പിണറായി വിജയനൊപ്പം നിൽക്കുന്നതിൽ അഭിമാനമേയുള്ളൂവെന്നും  അദ്ദേഹം പറഞ്ഞു.  തുടർഭരണം പ്രവണതയാകുക ബുദ്ധിമുട്ടാണ്. അതൊരു വികാരമാകുക അതീവ പ്രയാസവും. കഴിഞ്ഞവർഷം സംസ്ഥാനത്ത്‌ അത്‌ സംഭവിച്ചപ്പോഴും  യുഡിഎഫിനെ തുണച്ചതാണ് തൃക്കാക്കര. ആ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച്‌ സഭയിൽ 100 തികയ്‌ക്കാമെന്ന ആത്മവിശ്വാസത്തിലാണ്‌ എൽഡിഎഫ്‌.  കേരളത്തിന്റെ  സമഗ്രവികസനത്തെക്കുറിച്ച് ഇടതുപക്ഷം ഒത്തുതീർപ്പില്ലാത്ത കാഴ്ചപ്പാടും പ്രയോഗവുമായി മുന്നേറുകയാണ്. വിജ്ഞാനസമൂഹമെന്ന നിലയിൽ ഭാവി വിഭാവനം ചെയ്യാനും പുതു തലമുറയെ തുണയ്‌ക്കുന്ന  അടിസ്ഥാന പദ്ധതികൾ നടപ്പാക്കാനുമുള്ള പ്രതിബദ്ധതയ്‌ക്കു മുന്നിൽ വലതുപക്ഷം പാപ്പരായിരിക്കുന്നു. സൃഷ്ടിപരമായ വാദമുയർത്താൻപോലും കാലുറപ്പില്ലാത്ത ആൾക്കൂട്ടം.  വൈകാരികതകളിൽ പിടിച്ചുതൂങ്ങിയല്ലാതെ രാഷ്ട്രീയം പറയാനുള്ള ശേഷിയില്ലാതായി. 

കെ വി തോമസ് തൃക്കാക്കരയിലെ എൽഡിഎഫ്‌  വേദിയിൽ എത്തിയത്‌  വികസനം ജനങ്ങളിൽ തീർത്ത പ്രതീക്ഷയുടെ സുവ്യക്തമായ തെളിവാണ്‌. അത്‌ വെളിപ്പെടുത്തിയതിനാൽ അദ്ദേഹത്തെ കോൺഗ്രസ് പുറത്താക്കി. കോൺഗ്രസിൽ  പടിഞ്ഞിരുന്ന്‌ ബിജെപി ആശയങ്ങൾക്ക്‌ കാവൽനിൽക്കുന്ന ഹാർദിക് പട്ടേൽ ഇപ്പോഴും ഗുജറാത്ത് പിസിസി വർക്കിങ്‌ പ്രസിഡന്റാണ്‌. നാഗ്‌പുരിലെ ആർഎസ്‌എസ്‌ ആസ്ഥാനം സന്ദർശിച്ച്‌ ഹെഡ്‌ഗേവാർക്ക്‌ സ്വഭാവ സർട്ടിഫിക്കറ്റ്‌ നൽകിയ പ്രണബ്‌ മുഖർജി എക്കാലവും  ആരാധ്യനായിരുന്നല്ലോ. സർസംഘചാലക് മോഹൻ ഭാഗവതും അന്ന്‌ ഒപ്പമുണ്ടായി. ആർഎസ്എസ് തൃതീയവർഷ സംഘശിക്ഷാ വർഗിന്റെ സമാരോപിൽ മുഖ്യാതിഥിയായാണ്‌ മുൻ രാഷ്‌ട്രപതി എത്തിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌  എണ്ണൂറോളം ആർഎസ്‌എസുകാർ  ക്യാമ്പിൽ പങ്കെടുത്തു. ഭാരതാംബയുടെ മഹാനായ പുത്രന് ആദരമർപ്പിക്കാനാണ് എത്തിയതെന്ന്‌ കൈവിറയില്ലാതെ പ്രണബ് സന്ദർശക പുസ്തകത്തിൽ എഴുതി. സന്ദർശനം സംഘടനയ്ക്ക് വലിയ നേട്ടമുണ്ടാക്കിയെന്ന് കാര്യവാഹക് മൻമോഹൻ വൈദ്യ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. മാത്രവുമല്ല, ആർഎസ്എസ്‌ വളർച്ചയിൽ പങ്കുവഹിക്കുന്നതിന്‌  നന്ദി അറിയിച്ച് പ്രണബിന്‌ കത്തും അയച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നതിനെതിരെ  ഉന്നത കോൺഗ്രസ് നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം വകവച്ചില്ല.  ഇടതുപക്ഷത്തോടും കാവിപ്പടയോടുമുള്ള ഗാന്ധിയന്മാരുടെ സമീപനമാണിത്‌. അതിനാലാണ്‌ വലതുമുന്നണിക്ക്‌ തൃക്കാ‘ക്കര’യിൽ തുഴയേണ്ടിവരുന്നതും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top