25 July Thursday

താലിബാൻ കാബൂൾ ലക്ഷ്യമാക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021അഫ്‌ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള സമീപരാജ്യങ്ങളെ ആശങ്കയിൽ ആഴ്‌ത്തിയിരിക്കയാണ്‌. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരിൽ രണ്ടു പതിറ്റാണ്ടായി അവിടെയുണ്ടായിരുന്ന യുഎസ്‌ സൈന്യം രാജ്യത്തെ താലിബാന്‌ വിട്ടുകൊടുത്ത് തടിതപ്പുകയാണ്. ഭീകരസംഘടനകൾ തകർന്നില്ലെന്നുമാത്രമല്ല, ഐഎസ്‌ ഉൾപ്പെടെയുള്ളവ അവിടം താവളമാക്കുകയും ചെയ്‌തു. ബിൻ ലാദനെ വധിച്ചിട്ടും അൽഖായ്‌ദ ശക്തിപ്രാപിക്കുന്നു. ഇത്തരം സംഘടനകൾക്കെല്ലാം മാതൃത്വം നൽകുന്ന താലിബാൻ ഭരണം പിടിക്കുന്നു. അഫ്ഗാനിസ്ഥാന്റെ സുരക്ഷയും പുനർനിർമാണവും യുഎസിന്റെ ഉത്തരവാദിത്തമല്ലെന്ന് പ്രസിഡന്റ്‌ ജോ ബൈഡൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

കാബൂളിനടുത്ത ബെഗ്രാം സൈനികത്താവളം ഉപേക്ഷിച്ച്‌ അമേരിക്കൻ സേന കടന്നുകളഞ്ഞത്‌ അവരുടെ സമീപനം വ്യക്തമാക്കുന്നുണ്ട്‌. അഫ്‌ഗാൻ സൈനിക നേതൃത്വത്തെപ്പോലും അറിയിക്കാതെയാണ്‌ രാത്രിയുടെ മറവിലുണ്ടായ പിന്മാറ്റം. അന്ന്‌ രാത്രിതന്നെ കൊള്ളക്കാർ സൈനികത്താവളം ആക്രമിച്ചു. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ്‌ താവളമായിരുന്നു ബെഗ്രാം. കാബൂളിലെ ഹമീദ്‌ കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ തൊട്ടടുത്ത്‌. കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം തുർക്കി സേനയെ ഏൽപ്പിക്കുകയാണ്. അമേരിക്ക തട്ടിക്കൂട്ടിയ അഫ്ഗാൻ സൈന്യം ദയനീയാവസ്ഥയിലാണ്.

രാജ്യത്തിന്റെ 90 ശതമാനം ഭൂമിയും താലിബാന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ആറുമാസത്തിനകം ഭരണനിയന്ത്രണം താലിബാൻ ഏറ്റെടുത്തേക്കുമെന്നാണ് വിലയിരുത്തൽ. അഫ്‌ഗാൻ സൈനികർ തജികിസ്ഥാനിലേക്കും മറ്റും രക്ഷപ്പെടുന്ന വാർത്തകളാണ് വരുന്നത്. റഷ്യൻ പക്ഷത്തുള്ള മധ്യേഷ്യൻ രാജ്യങ്ങളിൽ നാറ്റോ സേനയെ വിന്യസിക്കാൻ അമേരിക്ക പദ്ധതിയിടുന്നുണ്ട്. ഇത് സംഘർഷത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ്‌ നൽകിയ റഷ്യ അവിടങ്ങളിൽ സൈനികാഭ്യാസവും തുടങ്ങിയിട്ടുണ്ട്.

ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രം ഭീകരർ ആക്രമിച്ചതിന്റെ ചുവടുപിടിച്ചാണ്‌ 2001ൽ അമേരിക്ക അഫ്‌ഗാൻ അധിനിവേശം തുടങ്ങിയത്‌. വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണത്തിന്റെ 20–-ാം വാർഷികത്തിന്‌ യുഎസ്‌ സേനാ സമ്പൂർണ പിന്മാറ്റം പ്രഖ്യാപിക്കാനാണ്‌ തീരുമാനം. ജോർജ്‌ ഡബ്ല്യു ബുഷ്‌ തുടങ്ങി ഒബാമയും ട്രംപും ഏറ്റെടുത്ത്‌ ബൈഡനിലെത്തിയ അധിനിവേശംകൊണ്ട്‌ അമേരിക്ക എന്ത്‌ നേടി എന്ന ചോദ്യം അവശേഷിക്കുന്നു. അഫ്ഗാനിലെ സാധാരണക്കാർക്കുണ്ടായ നാശങ്ങൾക്ക് ഔദ്യോഗിക കണക്കില്ല. ബോംബുകളുടെ അമ്മ എന്നറിയപ്പെടുന്ന ജിബിയു 48 പോലും അഫ്ഗാൻ ഗ്രാമങ്ങളിൽ യുഎസ് സേന പ്രയോഗിച്ചിരുന്നു. അധിനിവേശത്തിനും അഫ്ഗാൻ പുനർനിർമാണത്തിനുമായി അമേരിക്ക മൂന്ന് ലക്ഷം കോടിയോളം യുഎസ് ഡോളർ ചെലവഴിച്ചു. ഇന്ത്യൻ ജിഡിപിയുടെ അത്രയും വരും ഇത്. ഇതിനിടയിലാണ് ആഗോള സാമ്പത്തികമാന്ദ്യം. അമേരിക്കയിൽ തൊഴിലില്ലായ്‌മ കുതിച്ചുയർന്നു. ജനരോഷം ശക്തമായി. കഴിഞ്ഞ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെയും ബൈഡന്റെയും തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അഫ്ഗാനിൽനിന്ന് പിൻവാങ്ങുമെന്നത്. താലിബാനുമായി ഉണ്ടാക്കിയ ദോഹ കരാർ അമേരിക്കയുടെ നിസ്സഹായതയിൽനിന്ന്‌ ഉണ്ടായതാണ്. പഴയപോലെ ലോക പൊലീസ് കളിക്കാനുള്ള ശേഷി അമേരിക്കയ്‌ക്ക് ഇല്ലെന്നത് വസ്തുതയാണ്.

സിന്ധു നദീതട സംസ്കാരത്തിന്റെ ഈറ്റില്ലമായ അഫ്ഗാനിസ്ഥാന് സഹസ്രാബ്ദങ്ങളുടെ മാനവ ചരിത്രമുണ്ട്. ഹിന്ദുകുഷ് പർവതനിരകളുടെ ഭൂമിക ഒട്ടേറെ പടയോട്ടങ്ങൾക്കും അധിനിവേശങ്ങൾക്കും വേദിയായിട്ടുണ്ട്. ആധുനിക അഫ്ഗാന് പുരോഗമനമുഖമായിരുന്നു. സോഷ്യലിസ്റ്റ്‌ ഭരണക്രമത്തിലേക്ക്‌ രാജ്യത്തെ നയിച്ച പീപ്പിൾസ്‌ ഡെമോക്രാറ്റിക്‌ പാർടി ഭരണത്തെ തകർത്ത്‌ 1996ൽ താലിബാൻ പ്രാകൃതത്വത്തിലേക്ക്‌ തള്ളിയിട്ടതിന്റെ പ്രധാന ഉത്തരവാദിത്തം അമേരിക്കയ്‌ക്കാണ്. സോഷ്യലിസ്റ്റ് ഭരണനേതൃത്വത്തെ സംരക്ഷിക്കാൻ സോവിയറ്റ്‌ യൂണിയൻ ശ്രമിച്ചപ്പോൾ മുജാഹിദ്ദീനുകൾക്ക്‌ അത്യാധുനിക ആയുധം നൽകി സോവിയറ്റ്‌ വിരുദ്ധ യുദ്ധം നയിക്കുകയായിരുന്നു അമേരിക്ക. ബിൻ ലാദന്റെ ‘അറബ്‌ വളന്റിയർമാർ’ അമേരിക്കൻ സൃഷ്ടിതന്നെയായിരുന്നു. പാൻ ഇസ്ലാമിസത്തെ അമേരിക്ക സോഷ്യലിസ്റ്റ്‌ ചേരിക്കെതിരെ ഉപയോഗിച്ചു. ഇസ്ലാമിന്റെ പേരിലുള്ള ആഗോള ഭീകരതയുടെ വളർച്ച ഇവിടെ തുടങ്ങുന്നു. ഒരു ഡസനിലേറെ ഗോത്രസൈനിക വിഭാഗങ്ങളുള്ള അഫ്‌ഗാനിൽ താലിബാൻ മേൽക്കൈ നേടിയതും അമേരിക്കൻ ആയുധബലത്തിലാണ്‌. കാൽനൂറ്റാണ്ടിനുശേഷം വീണ്ടും താലിബാൻ ഭരണം ആസന്നമായിരിക്കയാണ്. ഒടുങ്ങാത്ത ആഭ്യന്തര യുദ്ധമായിരിക്കും തുടർന്നുണ്ടാകുകയെന്ന് വ്യക്തമാണ്.

അമേരിക്കയുടെ സഖ്യകക്ഷിയായാണ് അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നിലകൊണ്ടത്. അവർ പിന്മാറുമ്പോൾ മേഖലയിലെ മറ്റ് വൻ രാജ്യങ്ങൾ ഇന്ത്യയെ നയതന്ത്രമേഖലയിൽ മനഃപൂർവം തഴയുന്ന അവസ്ഥയാണ്‌. താലിബാനാകട്ടെ ഇന്ത്യൻ നിർമാണപദ്ധതികൾ തകർക്കാൻ തുടങ്ങിയിട്ടുണ്ട്. ഹെറാത് പ്രവിശ്യയിൽ ഇന്ത്യ നിർമിച്ച സൽമ അണക്കെട്ട് താലിബാൻ ആക്രമണംമൂലം അപകടാവസ്ഥയിലാണ്. അഫ്ഗാൻ ജനതയുടെ സുരക്ഷിതത്വംപോലും താലിബാന്റെ അജൻഡയിലില്ല. സ്ത്രീകളെ അടിമകളാക്കിയ പ്രാകൃതാവസ്ഥയിലേക്ക് രാജ്യം പോകുമെന്ന ആശങ്ക പരക്കെയുണ്ട്. മേയിൽ കാബൂളിൽ സ്കൂളിനു നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ എൺപതിലധികം പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. അസഹ്യമായ അരക്ഷിതാവസ്ഥയിലാണ് അഫ്ഗാൻ ജനത.

അഫ്‌ഗാൻ കേന്ദ്രമാക്കുന്ന ഭീകരസംഘടനകൾക്ക്‌ പാകിസ്ഥാൻ സൈന്യത്തിന്റെ സഹായമുണ്ടെന്നത്‌ സുവ്യക്തമാണ്‌. ബിൻലാദന്‌ പാക്‌ സൈനികകേന്ദ്രമായ അബോട്ടാബാദിൽ ഒളിത്താവളമൊരുക്കിയത്‌ ഉദാഹരണം. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ വർധിക്കാൻ അഫ്‌ഗാൻ സംഭവവികാസങ്ങൾ ഹേതുവായേക്കാം. താലിബാന്റെ കുടക്കീഴിൽ പാക് താലിബാൻ എന്ന സേനതന്നെയുണ്ട്. താലിബാന്റെ മുന്നേറ്റം, സ്വതേ ദുർബലമായ പാകിസ്ഥാന്റെ രാഷ്ട്രീയഘടനയെ കലുഷിതമാക്കും. ഇതും ഇന്ത്യക്ക് ഭീഷണിയാണ്. ഇന്ത്യ–--പാക് നയതന്ത്ര ചർച്ച പുനരാരംഭിക്കേണ്ടതുണ്ട്. കശ്‌മീരിൽ ജനാധിപത്യ പ്രക്രിയ ഊർജിതമാക്കേണ്ടതിന്റെ അടിയന്തര സാഹചര്യവുമാണ് ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top