20 March Monday

കവിതയുടെ തെളിനീർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 24, 2020


മലയാള കവിതയുടെ വരപ്രസാദമായിരുന്നു സുഗതകുമാരി. വിഷാദഭരിതമായ കാവ്യധാര. തട്ടും തടവുമില്ലാതെ, തളംകെട്ടാതെ, ശ്രുതിഭംഗമില്ലാതെ പതിറ്റാണ്ടുകളായി അതൊഴുകിക്കൊണ്ടിരുന്നു. മൂടിക്കെട്ടിയ തുലാവർഷസന്ധ്യയുടെ വിങ്ങലും വീർപ്പുമുട്ടലും മലയാളിയുടെ ഏകാന്തനൊമ്പരങ്ങളെ ശ്രുതിസാന്ദ്രമാക്കി.

കണ്ണീരുകൊണ്ടുള്ള കാവ്യാർച്ചനയുടെ മുത്തുച്ചിപ്പികളിൽ പവിഴമല്ലിപ്പൂക്കളുടെ മണവും പരാഗവും ദലമർമരമായി സംയോജിച്ചു. സദാ സ്‌പന്ദിച്ചു. സ്‌നേഹത്തിന്റെയും അലിവിന്റെയും കാരുണ്യത്തിന്റെയും അനുതാപത്തിന്റെയും ഹർഷോന്മാദങ്ങളുടെ വർണരാജിയായിരുന്നു ആ കാവ്യലോകം.

മനുഷ്യനും പ്രകൃതിയുമായിരുന്നു സുഗതകുമാരി ടീച്ചറെ എഴുത്തുകാരിയാക്കിയത്‌. മണ്ണിലും പൂവിലും വിണ്ണിലും കാറ്റിലും അരുവികളിലും കവിതതേടി. ആലംബമറ്റവർക്കായി ഒറ്റക്കുയിലിന്റെ നാദവിസ്‌മയം തീർത്തു. വേദനിക്കുന്നവരോട്‌, ജീവിതത്തിൽനിന്നും പുറത്താക്കപ്പെടുന്നവരോട്‌, അഗതികളോടും ആശ്രയമറ്റവരോടുമുള്ള ഉടയാത്ത, ഉലയാത്ത സൗഭ്രാത്രമായിരുന്നു എഴുത്തിന്റെ ഖനി.

കവിതയിൽ മാത്രമല്ല പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും ആത്മവിചാരക്കുറിപ്പുകളിലും ലേഖനങ്ങളിലും അത്‌ മറയില്ലാതെ പ്രകടിപ്പിക്കാനും ആർക്കും കീഴടങ്ങാത്ത ആത്മധൈര്യത്തിന്റെ അന്തസ്സുയർത്തിപ്പിടിക്കാനും അവസാന ശ്വാസംവരെ യത്‌നിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായിരുന്ന ബോധേശ്വരന്റെ മകൾക്ക്‌ മറ്റൊന്നാവാൻ സാധിക്കുമായിരുന്നില്ല. ആ പൈതൃകം പകർന്ന അനുഭവം അതാണവരെ പഠിപ്പിച്ചത്‌. അതാണവർ മറ്റുള്ളവർക്ക്‌ പറഞ്ഞുകൊടുത്തതും. കവിതയും കവിയും ഒന്നായ, വാക്കും പ്രവൃത്തിയും ഒന്നായ അപൂർവത . മലയാളത്തിന്റെ ശ്രേഷ്ഠസൗഭാഗ്യം.


 

തോൽക്കുമെന്നറിഞ്ഞിട്ടും, പടക്കളത്തിൽ ഒറ്റപ്പെടുമെന്നറിഞ്ഞിട്ടും പിൻമാറാതിരുന്ന യോദ്ധാവ്‌. അക്ഷരങ്ങളായിരുന്നു അവരുടെ സമരായുധം. വാക്കായിരുന്നു പരിച. മൗനമായിരുന്നു പ്രഘോഷണങ്ങൾ. ചെറിയ വിജയങ്ങളെക്കാൾ വലിയ തോൽവികൾ നേരിടേണ്ടിവന്നു. കുറ്റപ്പെടുത്തലും കളിയാക്കലും ആക്ഷേപങ്ങളും പരിഹാസവും വേണ്ടുവോളം സഹിച്ചു. എന്നാൽ അതത്രയും അവഗണിച്ചു. തന്റെ ശരിയുടെ, ത്രാണിയുടെ സത്യധർമത്തിന്റെ കരുത്തിൽ കരുതൽ വിടാതെ വിശ്വസിച്ചു.

നമ്മുടെ മലകൾക്കും പുഴകൾക്കും താഴ്‌വാരങ്ങൾക്കുമേൽക്കുന്ന ഓരോ മുറിവും, ഓരോ ഇടിവും അവരെ ചൊടിപ്പിച്ചു. വേദനിപ്പിച്ചു. പ്രകൃതിയുടെ നാശം മനുഷ്യകുലത്തിന്റെകൂടി നാശമാണെന്നവർ പലരേയും പലവട്ടം ഓർമിപ്പിക്കാൻ ശ്രമിച്ചു.

കവിതയുടെ സുഭദ്രമായ നാലതിരുവിട്ട്‌ പ്രത്യക്ഷ സമരഭൂമികളിലേക്കിറങ്ങാൻ അവർ മടിച്ചിരുന്നില്ല. കവിയെന്ന പട്ടവും ചാർത്തും അലങ്കാരങ്ങളും ലഭിച്ച പുരസ്‌കാരനിറവുകളും ബഹുമതികളും അതിന്‌ തടസമായില്ല.
സൈലന്റ്‌ വാലി നമ്മുടെ പുതിയ തലമുറ കാണുന്നതിലും, അട്ടപ്പാടിയിലെ കാടും മേടും ചോലകളും നിത്യഹരിതയായി പരിലസിക്കുന്നതിലും സുഗതകുമാരി നേതൃത്വം നല്‍കിയ പോരാട്ടം കൂടിയുണ്ട്‌.

മലയാള ഭാഷയുടെ നിലനിൽപ്പിനും ഉന്നതിക്കുമായി ടീച്ചർ ചെയ്‌ത സേവനം സമാനതകളില്ലാത്തതാണ്‌. ഭാഷയെ പെറ്റമ്മയുടെ മുലപ്പാൽ രുചിയോളം മാധുര്യമേറ്റി തെളിമലയാളത്തിൽ പകർന്നുതന്നതിൽ അവരോട്‌ കാലം നന്ദി പറയും.
എഴുത്തുകാരിയെന്നതിനൊപ്പം കേരളത്തിന്റെ സാമൂഹ്യരംഗത്തും സുഗതകുമാരിയുടെ സംഭാവനകൾ വിലപ്പെട്ടതാണ്‌. പ്രകൃതി സംരക്ഷണ സമിതി സ്ഥാപക സെക്രട്ടറിയും സംസ്ഥാന വനിതാ കമീഷന്റെ ചെയർപേഴ്സണുമായി അവർ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്‌. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കായി അത്താണി ഭവനം, മാനസിക ദൗർബല്യമുള്ളവർക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ മറ്റുള്ളവർ മടിക്കുന്ന ഒട്ടേറെ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നേതൃവാഹകയായി . പ്രത്യേകിച്ച്‌ സ്‌ത്രീകളോടും അനാഥബാല്യങ്ങളോടുമുള്ള സമൂഹത്തിന്റെ ദയാരഹിതമായ കാർക്കശ്യങ്ങളോട്‌, നട്ടെല്ലു വളയാത്ത ധീരനിലപാടുകൾ ആരൊക്കെ എത്ര കഴുകിക്കളയാൻ ശ്രമിച്ചാലും മാഞ്ഞുപോവില്ല.

തരളമായ കാൽപനികഭാവങ്ങളിൽ ജീവിതത്തിന്റെ നിസഹായതയെ ഉള്ളുലയ്‌ക്കുംവിധം ചിമിഴിലാക്കി ആവിഷ്‌കരിച്ചുവെന്നതാണ്‌ മലയാള കവിതയിൽ ഈ അമ്മയെ വ്യത്യസ്‌തയാക്കിയത്‌. ഒരുപക്ഷേ, ബാലാമണിയമ്മക്കു ശേഷം മാതൃവാത്സല്യത്തിന്റെ തേനും വയമ്പും ഇത്രമേൽ രുചിക്കൂട്ടുകളോടെ നാവിലിറ്റിച്ച കവികളുണ്ടാവില്ല. ആ വാക്കു കേൾക്കാൻ അക്ഷരംകൂട്ടി വായിക്കാനറിയാത്തവരും കാതുകൂർപ്പിച്ചു. നിസ്വരുടെയും ഏഴകളുടെയും അഴകറ്റ ജീവിതച്ചിത്രങ്ങൾ ചമൽ‌ക്കാരങ്ങളില്ലാതെ തന്മയത്വത്തോടെ കാവ്യകല്ലോലിനിയിൽ ഓളപ്പാടുകളുതിർത്തു.
ഇനിയീ മനസിൽ കവിതയില്ലെന്ന്‌ പലവട്ടം മാഴ്‌കിപ്പാടിയിട്ടും അനീതി കാണുമ്പോൾ, മനുഷ്യരുടെ കാട്ടുചെയ്‌തി കാണുമ്പോൾ മനമുരുകി വാക്കുകൾ കവിതകളായി വിലയിച്ചു. എത്ര പറഞ്ഞിട്ടും, എത്രയോ തവണ ആവർത്തിച്ചിട്ടും ഉള്ളം നടുക്കുന്ന കാഴ്‌ചകൾക്ക്‌ വിരാമമില്ലല്ലോ എന്ന അറിവ്‌ അവരെ സദാ ഖിന്നയാക്കി.

ഏതാണ്ട്‌ മരണാസന്നയായി കഴിഞ്ഞ നാളുകളിൽ ജീവിതത്തോടും പ്രകൃതിയോടും വിടവാങ്ങുംമട്ടിൽ അവർ കുറിച്ച വരികൾതന്നെയാവട്ടെ സുഗതകുമാരിടീച്ചർക്കുള്ള അന്ത്യാഞ്ജലി.

നന്ദി, വഴിയിലെ കൊച്ചുകാട്ടുപൂവിനും
മുകളിലെ കിളിപ്പാട്ടിനും നന്ദി
മിഴിയിൽ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്തൊരലിവിനും നന്ദി
പൂക്കളില്ലാതെ പുലരിയില്ലാതെ
ആർദ്രമേതോ വിളിക്കു പിന്നിലായ്‌
പാട്ടുമൂളിഞാൻ പോകവേ,
നിങ്ങൾ കേട്ടു നിന്നുവോ! തോഴരേ,
നന്ദി, നന്ദി, നന്ദി..


നന്ദി, ടീച്ചർ.
മലയാളം ഉള്ളകാലം ഈ വരികളിൽ ചിലതെങ്കിലും മൂളാതിരിക്കില്ല, ഒരു തലമുറയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top