10 June Saturday

സര്‍ക്കാരിനും ഫുൾ എ പ്ലസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലം വന്നു. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം ഉയർന്നിട്ടുണ്ട്. മോഡറേഷൻ ഇല്ലാതെ തന്നെ കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. വിജയിച്ച കുട്ടികൾക്ക് ആശംസകൾ. ഇപ്പോള്‍ വിജയിക്കാന്‍ കഴിയാതെ പോയവര്‍ക്ക് സേ പരീക്ഷ വൈകാതെ നടക്കും.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇക്കുറി സർക്കാരിനുമുന്നിൽ വലിയ വെല്ലുവിളിയാണുയർത്തിയത്. പരീക്ഷകൾ പൂർത്തിയാകും മുമ്പായിരുന്നു കോവിഡിനെ നേരിടാനായി ലോക്‌ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നത്. ഏതാനും പരീക്ഷകൾ ബാക്കിയായി. പരീക്ഷകൾ പൂർത്തിയാകാത്തതുമൂലം വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷം  ഒരു വശത്തും എല്ലാ സുരക്ഷയും ഒരുക്കി പരീക്ഷ എങ്ങനെ നടത്തും എന്ന ആശങ്ക മറുവശത്തും. സ്വാഭാവികമായും സർക്കാരിന് ഏറെ ചിന്തിക്കേണ്ടിവന്നു. ആവശ്യമായ കൂടിയാലോചനകൾക്കുശേഷം ആ വെല്ലുവിളി ഏറ്റെടുക്കാൻ സർക്കാർ തയ്യാറായി. വിദ്യാർഥികളുടെ ആരോഗ്യരക്ഷ ഉറപ്പാക്കി പരീക്ഷ നടത്താൻ തീരുമാനിച്ചു.

ഈ തീരുമാനം വിദ്യാർഥികൾക്കും  രക്ഷിതാക്കൾക്കും ആശ്വാസമായി. അടുത്ത അധ്യയനവർഷം അനിശ്ചിതമായി നീണ്ടുപോകാതിരിക്കാനും മഴക്കാല കെടുതികൾ മുൻകൂട്ടിക്കണ്ടും കൂടിയായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ, അപ്രതീക്ഷിതമായാണ് പ്രതിപക്ഷം ഈ തീരുമാനത്തിനെതിരെ ചാടിവീണത്. കേരളത്തിന്റെ പൊതുവികാരത്തിനുനേരെ എതിർവശത്ത്‌ വന്നുനിന്ന് അവരുടെ നേതാക്കൾ ഓരോരുത്തരായി ആക്രോശം തുടങ്ങി. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന്‌ കെപിസിസി പ്രസിഡന്റ്, പരീക്ഷ മാറ്റിയേതീരൂ എന്ന് പ്രതിപക്ഷനേതാവ്. അവരെ കടത്തി വെട്ടാനാകാം കോൺഗ്രസിന്റെ ലോക്‌സഭാംഗം കൂടിയായ ഒരു നേതാവ്  മുഖ്യമന്ത്രിക്ക്‌ വട്ടാണെന്ന് ചാനൽ ക്യാമറയ്‌ക്കു മുന്നിൽ നിന്നലറി. വിദ്യാർഥികളെ കൊലയ്‌ക്കു കൊടുക്കാനാണ് ശ്രമം എന്ന, ആരും ഈ ഘട്ടത്തിൽ പറയാൻ മടിക്കുന്ന പ്രയോഗവും നടത്തി. രക്ഷിതാക്കളിലും വിദ്യാർഥികളിലും പരമാവധി  ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ച് പരീക്ഷ അലങ്കോലമാക്കുകയായിരുന്നു ലക്ഷ്യം.


 

ഈ നീക്കങ്ങൾക്കൊന്നും സർക്കാരിന്റെ നിശ്ചയദാർഢ്യം തകർക്കാനായില്ല. പ്രഖ്യാപിച്ച ടൈംടേബിൾ അനുസരിച്ച് മുഴുവൻ കേന്ദ്രങ്ങളിലും പരീക്ഷ നടത്തി. ആരോഗ്യവകുപ്പിന്റെ എല്ലാനിർദേശവും കർശനമായി പാലിച്ചായിരുന്നു പരീക്ഷ. പൊതുവിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശഭരണ, പൊലീസ്, ഗതാഗത വകുപ്പുകൾ ഇമചിമ്മാതെ ഒപ്പം നിന്നു. നാട്ടുകാരും സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകളും സഹകരിച്ചു. എല്ലാ സ്കൂളിലും ഹെൽപ്‌ ഡെസ്‌കുകൾ കുട്ടികൾക്ക് തുണയായി. സാനിറ്റൈസർ, മാസ്‌ക്‌, ശാരീരിക അകലം തുടങ്ങി ഒരു കാര്യത്തിലും വിട്ടുവീഴ്ച ഉണ്ടായില്ല. കുട്ടികൾ കൂട്ടംകൂടാതിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തി. കുട്ടികൾക്ക് കെഎസ്ആർടിസി വാഹനസൗകര്യവും ഒരുക്കി.

കാര്യമായ പരാതികൾക്കിട നൽകാതെ പരീക്ഷകൾ വിജയകരമായി പൂർത്തീകരിച്ചു. എങ്കിലും പരീക്ഷാകേന്ദ്രത്തിൽനിന്ന് ഒരു വിദ്യാർഥിക്കുപോലും വൈറസ് ബാധ വന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തംകൂടി സർക്കാരിനുണ്ടായിരുന്നു. ഏതായാലും 15 ദിവസം കഴിഞ്ഞപ്പോൾ അക്കാര്യവും ഉറപ്പായി. പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്കുപോലും രോഗലക്ഷണമില്ല. ഇത്തരത്തിൽ അസാധാരണമായ ഒരു സാഹചര്യത്തിൽ നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കപ്പെട്ടത്‌.


 

വിദ്യാഭ്യാസമേഖലയിൽ ഏറെ മാറ്റങ്ങൾക്ക് കളമൊരുക്കിയാണ് എൽഡിഎഫ് സർക്കാർ നാലുവർഷം പിന്നിടുന്നത്. സ്‌കൂൾ തലത്തിലെ മാറ്റത്തിന്റെ മികവ് വ്യക്തമാക്കുന്നതാണ് ഈ അധ്യയന വർഷത്തിൽ  സ്വകാര്യസ്‌കൂളുകളിൽനിന്ന്‌ സർക്കാർ സ്‌കൂളുകളിലേക്കുണ്ടായ  വിദ്യാർഥികളുടെ ഒഴുക്ക്. ഒരുലക്ഷത്തിലേറെ കുട്ടികളാണ് ഈവർഷം സിബിഎസ്ഇ സിലബസ് പിന്തുടരുന്നവയടക്കമുള്ള സ്വകാര്യ സ്‌കൂളുകളിൽ നിന്നുമാറി  സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം നേടിയത്. നാലുവർഷമായി ഈ പ്രവണത തുടരുകയാണ്. സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറിയതാണ് ഈ മാറ്റത്തിന് വേഗം കൂട്ടിയത്. എൽഡിഎഫ് സർക്കാരിന്റെ നാല് മിഷനിൽ ഒന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  വിജയം കാണുന്നു എന്നത് തെളിയിക്കുന്നു.കോളേജ് വിദ്യാഭ്യാസത്തിലും പുതിയ കോഴ്സുകൾക്കും പഠനപദ്ധതിയിലെ മാറ്റങ്ങൾക്കും നടപടി തുടങ്ങിയിട്ടുണ്ട്. മൊത്തത്തിൽ തികച്ചും ആശാവഹമായ മാറ്റങ്ങളുടെ കാലത്താണ് ഇപ്പോൾ എസ്എസ്എൽസി പാസായ വിദ്യാർഥികൾ പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

വിജയിച്ച വിദ്യാർഥികൾക്ക് ഇനി ഉപരിപഠനത്തിന്‌ സൗകര്യം ഒരുക്കണം. ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ലസ് ടു-, പോളിടെക്നിക് സീറ്റുകൾ ഇപ്പോൾത്തന്നെ ലഭ്യമാണെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് കൂട്ടേണ്ടിവന്നാൽ അതും പരിഗണിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ ഹയർ സെക്കൻഡറി ക്ലാസുകൾ സാധാരണപോലെ ആരംഭിക്കുക എളുപ്പമല്ല. പക്ഷേ, പ്രവേശനം പ്രശ്നമല്ല. ഏതാനും വർഷമായി  തുടർന്നുവരുന്ന  ഓൺലൈൻ പ്രവേശനം തുടർന്നാൽ മതിയാകും.  അധ്യയനത്തിനും  ഓൺലൈൻ മാർഗങ്ങൾ സർക്കാരിന് തേടേണ്ടിവരും. അതിനുള്ള നടപടികൾ ഉണ്ടാകുമെന്ന്  മന്ത്രി വ്യക്തമാക്കുന്നു. കോവിഡ്‌ വൈറസ് ബാധ  ഇപ്പോഴും പത്തി താഴ്‌ത്തിയിട്ടില്ല. ആ മഹാമാരിയെ വെല്ലുവിളിച്ചുതന്നെ പുതിയ പഠനവഴികളിലേക്ക് ഈ വിദ്യാർഥികളെയും നമുക്ക് സ്വാഗതം ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top