മലയാളിക്ക് 'സോളാര്‍' ഒരു അശ്ളീലവാക്കാണിന്ന്. അഴിമതിയുടെ പര്യായമായ ഒരു തെറിവാക്ക്. കേരളത്തിന്റെ ഊര്‍ജോല്‍പ്പാദനരംഗത്ത് വമ്പന്‍ കുതിപ്പിന് വഴിയൊരുക്കേണ്ട ഈ പാരമ്പര്യേതര ഊര്‍ജമേഖലയിലെ സാധ്യതകളെയാണ് അഞ്ചുകൊല്ലത്തെ ഭരണത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വിവാദംകൊണ്ട് അടച്ചുകളഞ്ഞത്. സ്വകാര്യ കമ്പനികളുടെ കച്ചവടത്തിനും അതില്‍ ഉള്‍ച്ചേര്‍ന്നുവരുന്ന സാമ്പത്തികലാഭത്തിലും മാത്രമായി കണ്ണ്. അത് കേരളത്തെ എത്തിച്ചത് സോളാര്‍ എന്ന് മിണ്ടാനാകാത്ത അവസ്ഥയിലും.
ഇന്ന് സ്ഥിതി മാറുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ സൌരോര്‍ജ പദ്ധതികളില്‍ പുതിയ വഴികള്‍ തുറക്കുകയാണ്. എല്‍ഡിഎഫ് പ്രകടനപത്രികയിലെ 35 ഇന പരിപാടിയില്‍ പ്രഖ്യാപിച്ച 1000 മെഗാവാട്ട് സോളാര്‍ വൈദ്യുതി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നീക്കങ്ങള്‍.
പുനരുപയോഗ ഊര്‍ജസ്രോതസ്സുകള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തെപ്പറ്റി പ്രകടനപത്രിക വിശദമായിത്തന്നെ പറഞ്ഞിരുന്നു. 25 ശതമാനം തോതില്‍ വാര്‍ഷികവളര്‍ച്ചയാണ് ഈ രംഗത്ത് ലക്ഷ്യമിടുന്നത്. 2020ഓടെ കേരളത്തിന്റെ ആകെ വൈദ്യുതി അവശ്യകതയുടെ കുറഞ്ഞത് 10 ശതമാനമെങ്കിലും ഇവയില്‍നിന്ന് ഉറപ്പുവരുത്തുമെന്നും പ്രകടനപത്രിക വാഗ്ദാനംചെയ്യുന്നു. പുനരുപയോഗ വൈദ്യുതി ഉല്‍പ്പാദനശേഷി 2020ഓടെ 1500 മെഗാവാട്ടാക്കുക, പുരപ്പുറ സൌരോര്‍ജ വൈദ്യുതിനിലയങ്ങളും തരിശുഭൂമി ഉപയോഗപ്പെടുത്തിയുള്ള സൌരോര്‍ജനിലയങ്ങളും ഡാം റിസര്‍വോയറുകളും കനാലുകളും ഈ പരിപാടിയിലെ മുഖ്യഘടകമായിരിക്കും എന്നും പ്രകടനപത്രിക വാഗ്ദാനംചെയ്തിരുന്നു.
ഭരണം ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഈ രംഗത്തെ പുരോഗതി വിശദീകരിക്കുന്നുമുണ്ട്. കാസര്‍കോട്ടെ 2000 മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്ക് നിര്‍മാണം തുടങ്ങി. 30 മെഗാവാട്ട് നിലയം പൂര്‍ത്തിയാക്കുകയും ചെയ്തു. മറ്റ് വിവിധ പദ്ധതികളില്‍നിന്ന് 12 മെഗാവാട്ട് വേറെയും ഉല്‍പ്പാദിപ്പിച്ചതായി പ്രോഗ്രസ് റിപ്പോര്‍ട്ട് പറയുന്നു.
സോളാര്‍ വൈദ്യുതിയുടെ രംഗത്ത് ഡാം റിസര്‍വോയറുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയെന്ന പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം വലിയ പുരോഗതി ഉണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഈ രംഗത്ത് വലിയൊരു കുതിപ്പിന് വൈദ്യുതിവകുപ്പ് തുടക്കമിട്ടുകഴിഞ്ഞു. വൈദ്യുതിമന്ത്രി എം എം മണി കഴിഞ്ഞദിവസം വയനാട്ടിലെ ബാണാസുരസാഗര്‍ ജലസംഭരണിയില്‍ ഉദ്ഘാടനംചെയ്ത പദ്ധതി ഇന്ത്യയില്‍ത്തന്നെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഏറ്റവും വലിയ സൌരോര്‍ജനിലയമാണ്്. 500 കിലോവാട്ട് പീക്ക് സ്ഥാപിതശേഷിയുള്ളതാണ് നിലയം.
സാധാരണഗതിയില്‍ ഒരു മെഗാവാട്ട് ശേഷിയുള്ള സൌരോര്‍ജനിലയങ്ങള്‍ സ്ഥാപിക്കാന്‍ നാലേക്കറില്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. എന്തിനും സ്ഥലലഭ്യത തടസ്സമാകുന്ന, ജനസാന്ദ്രത കൂടിയ സംസ്ഥാനത്തിന് ഇത് എളുപ്പമല്ല. പദ്ധതിക്കായി തരിശുനിലങ്ങള്‍ കണ്ടെത്തുന്നതുപോലും അത്ര എളുപ്പമല്ല. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതും അണക്കെട്ടിന് മുകളില്‍ സ്ഥാപിക്കാവുന്നവയുമായുള്ള പദ്ധതികള്‍ക്ക് ഈ പരിമിതിയില്ല. ഈ സാധ്യത പരമാവധി ഉപയോഗിക്കാനാണ് സര്‍ക്കാരും കെഎസ്ഇബിയും ശ്രമിക്കുന്നത്. 2016 ആഗസ്തില്‍ ബാണാസുരസാഗറില്‍ത്തന്നെ 1100 കിലോവാട്ടിന്റെ ഡാംടോപ് സോളാര്‍ പദ്ധതി കമീഷന്‍ ചെയ്തിരുന്നു.
2014 മേയില്‍ 2650 മെഗാവാട്ടായിരുന്ന ഇന്ത്യയിലെ സൌരോര്‍ജ വൈദ്യുതി ഉല്‍പ്പാദനം 2017 ജനുവരിയില്‍ 12289 മെഗാവാട്ടായി. നാലിരട്ടിയിലേറെ വര്‍ധന. രണ്ടായിരത്തി ഇരുപത്തിരണ്ടാം ആണ്ടോടെ കേരളം 1870 മെഗാവാട്ട് സൌരോര്‍ജ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കണമെന്നാണ് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ നിര്‍ദേശം. ഊര്‍ജോല്‍പ്പാദനത്തില്‍ ലോകരാജ്യങ്ങള്‍ വഴിമാറി നടക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. ചൈന മരുഭൂമിയില്‍വരെ സോളാര്‍ നിലയം സ്ഥാപിച്ചു. എല്ലാവരും പുനരുപയോഗ ഊര്‍ജസ്രോതസ്സുകളിലേക്ക് തിരിയുന്നു. സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം പലരാജ്യങ്ങളിലും കുതിക്കുന്നു. ഇന്ത്യയിലും പുരോഗതിയുണ്ട്.
കേരളത്തില്‍ യുഡിഎഫ് ഭരണകാലത്തെ ദുര്‍നടപടികള്‍ കേരളത്തെ കുറച്ചൊന്നുമല്ല പിന്നോട്ടുവലിച്ചത്. ഇന്ന് ഏറെ പ്രതീക്ഷ നല്‍കി സോളാര്‍മേഖലയില്‍ കുതിപ്പിന് കേരളവും തയ്യാറാകുന്നു. ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ സോളാര്‍ എന്ന വാക്കിനെ നല്ല അര്‍ഥത്തില്‍ തിരികെപ്പിടിക്കാന്‍ വരുംനാളുകളില്‍ കേരളത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..