09 October Wednesday
പ്രതിഷേധവുമായി എൽഡിഎഫ്‌ കൗൺസിലർമാർ

ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ചെയര്‍മാന്റെ നടപടി ജനാധിപത്യ വിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

എൽഡിഎഫ് കൗൺസിലർമാർ ചെയർമാനെ പ്രതിഷേധം അറിയിക്കുന്നു

കൊടുവള്ളി
ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന കൊടുവള്ളി നഗരസഭാ ചെയര്‍മാന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. ശനിയാഴ്ച കൗണ്‍സില്‍ യോഗത്തില്‍  ഉന്നയിച്ച വിഷയങ്ങളില്‍ പലതിനും മറുപടിയില്ലാതെ യോഗം അവസാനിപ്പിച്ച് ചെയര്‍മാന്‍ ഇറങ്ങിപ്പോകുകയായിരുന്നു.  നഗരസഭാ ഓഫീസ് കമ്യൂണിറ്റി ഹാള്‍ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് പല ബില്ലുകളിലും മുന്‍കൂര്‍ അനുമതി നല്‍കൽ, സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് കുറച്ചുപേര്‍ക്ക് മാത്രം അദാലത്ത്, റസിഡന്‍ഷ്യല്‍ ഐടിഐ വിഷയം തുടങ്ങിയവയാണ്‌  യോഗത്തില്‍ ചൂണ്ടിക്കാണിച്ചത്‌. എന്നാല്‍ കൃത്യമായ മറുപടി ചെയർമാനിൽനിന്ന്‌  ലഭിച്ചില്ല. കുടുംബശ്രീ ഹോട്ടൽ വിഷയം അജൻഡ കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍മാന്‍ പറഞ്ഞിരുന്നു. എന്നാൽ ഇതിനനുവദിച്ചില്ല. പെട്ടന്നുതന്നെ യോഗം അവസാനിപ്പിച്ച് എഴുന്നേറ്റ് പോയി.
രണ്ടു വര്‍ഷത്തിലധികമായി റസിഡന്‍ഷ്യല്‍ ഐടിഐക്കായി ഒരേക്കര്‍ 10 സെന്റ്  ഏറ്റെടുത്തിട്ട്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് അപേക്ഷയോടൊപ്പം കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതാണ് തടസ്സമാകുന്നത്. വിഷയം സംബന്ധിച്ച് ഐടിഐ പിടിഎ കമ്മിറ്റി കഴിഞ്ഞദിവസം സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. നഗരസഭ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥിരംസമിതിക്ക്‌ മുന്‍കൂര്‍ അനുമതിയുമായി 10 ലക്ഷത്തോളം രൂപയുടെ ബില്ലുകളാണ് വന്നത്. തിരിച്ചയച്ച ഇവയൊന്നും പിന്നീട് കമ്മിറ്റിയിലോ കൗണ്‍സിലിലോ വന്നിട്ടില്ല. ഗതാഗത പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഓപ്പണ്‍ സ്റ്റേജ് പൊളിച്ചുനീക്കി. എന്നാൽ പിന്നീട് ഒരടിപോലും നീങ്ങിയില്ല. ഇത്തരം കാര്യങ്ങളിലെല്ലാം  മറുപടിയില്ലാത്ത നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യോഗത്തിന് ശേഷം ക്യാബിനിലെത്തി ഇടതു കൗണ്‍സിലര്‍മാര്‍ ചെയര്‍മാനെ അറിയിച്ചു. കെ ജമീല, കാരാട്ട് ഫൈസല്‍, കെ സുരേന്ദ്രന്‍, ഇ ബാലന്‍, കെ സി സോജിത്ത്, കെ പി അഹമ്മദ് ഉനൈസ്, ടി കെ ഷംസുദ്ദീൻ, അയിഷ അബ്ദുള്ള, അര്‍ഷ അശോകന്‍ എന്നിവരാണ് ചെയര്‍മാന്റെ ക്യാബിനില്‍ പ്രതിഷേധിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top